ഈജിപ്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലീം ബ്രദർഹുഡിൻ്റെ രാഷ്ട്രീയ വിഭാഗമായാണ് ഹമാസ് പ്രവർത്തനം തുടങ്ങിയത്
ലോകത്തെ പ്രബല സൈനിക ശക്തിയായ ഇസ്രയേലിൻ്റെ കണ്ണിലെ എക്കാലത്തേയും വലിയ കരടാണ് ഹമാസ്. റോക്കറ്റ് ആക്രമണങ്ങളിലൂടെയും ചാവേർ പോരാട്ടങ്ങളിലൂടെയും നിരന്തരം അവർ ഇസ്രയേലിൻ്റെ ഉറക്കം കെടുത്തുകയാണ്.
ഈജിപ്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലീം ബ്രദർഹുഡിൻ്റെ രാഷ്ട്രീയ വിഭാഗമായാണ് ഹമാസ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് കാലക്രമേണ ദിശാബോധത്തിലും പ്രവർത്തനങ്ങളിലും മുസ്ലീം ബ്രദർഹുഡിനോട് വിയോജിപ്പറിയിച്ച് ഹമാസ് പിന്നീട് അവരിൽ നിന്ന് അടർന്നുമാറി.
'ഹറാഖത്ത് അൽ മുഖവാമ അൽ ഇസ്ലാമിയ' എന്നാണ് ഹമാസിൻ്റെ യഥാർത്ഥ പേര്. ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്നാണ് ഈ അറബിക് വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. അഭിനിവേശം, ശക്തി, ധൈര്യം... അതാണ് ഹമാസ് എന്ന സൈനിക ശക്തിയുടെ പ്രധാന മുഖമുദ്ര.
ആരാണ് ഹമാസിൻ്റെ സ്ഥാപകൻ?
1987ൽ മുസ്ലിം ബ്രദർഹുഡിൽ നിന്നുള്ള ചില അംഗങ്ങളും, 'പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ' മതേതര നിലപാടിനെ എതിർക്കുന്ന പാർട്ടിയിലെ ഒരു വിഭാഗമാളുകളും ചേർന്നാണ് ഹമാസിന് രൂപം നൽകിയത്. പലസ്തീനിലെ രാഷ്ട്രീയ നേതാവും ഇമാമുമായിരുന്ന 'ഷെയ്ഖ് അഹമ്മദ് ഇസ്മായിൽ ഹസ്സൻ യാസിനാണ്' ഹമാസിൻ്റെ സ്ഥാപകൻ.
പലസ്തീനിൽ ഇസ്രയേലിൻ്റെ അധിനിവേശത്തിനെതിരായ പ്രക്ഷോഭമായ 'ഒന്നാം ഇൻതിഫാദ' ആരംഭിച്ചതിന് തൊട്ടുപിന്നാലെ 1987ലാണ് ഇമാം ഷെയ്ഖ് അഹമ്മദ് യാസിനും, അദ്ദേഹത്തിൻ്റെ സഹായി അബ്ദുൽ അസീസ് അൽ റാൻ്റിസിയും ചേർന്ന് ഗാസയിൽ ഹമാസ് പ്രസ്ഥാനം സ്ഥാപിച്ചത്.
പലസ്തീനെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രയേലിനെതിരെ സായുധ പോരാട്ടം നടത്തുന്നതിന് 'ഇസ് അൽ ദിൻ അൽ ഖസ്സാം ബ്രിഗേഡ്‌സ്' എന്ന സൈനിക വിഭാഗത്തിനും സംഘടന രൂപം നൽകി. മതപഠനം, സാമൂഹ്യ സേവനം, സൈനിക പരിശീലനം എന്നിവയാണ് അവരുടെ ചുമതലകൾ.
ALSO READ: ഇറാന്‍-ഇസ്രയേല്‍ നിഴല്‍യുദ്ധം തുറന്ന പോരിന് വഴിമാറുമ്പോള്‍
എന്താണ് ഹമാസിൻ്റെ ലക്ഷ്യം?
പലസ്തീനിലെ അധിനിവേശം നടത്തുന്ന ഇസ്രയേലിന് അവിടുത്തെ ഒരു തരി മണ്ണുപോലും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് അക്രമത്തിൻ്റെ പാത തെരഞ്ഞെടുക്കാൻ ഹമാസ് നിർബന്ധിതരാകുന്നത്. ഒപ്പം പലസ്തീനെ ഒരു സ്വതന്ത്ര ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഗാസയും വെസ്റ്റ് ബാങ്കും കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 'ദവ' എന്ന പേരിൽ വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ച് സാമൂഹ്യ സേവന പ്രവർത്തനങ്ങളും അവർ നടത്തിയിരുന്നു.
1988ൽ ഹമാസ് പുറത്തിറക്കിയ ചാർട്ടർ പ്രകാരം, പലസ്തീൻ ഒരു ഇസ്ലാമിക മാതൃരാജ്യമാണെന്നും, അമുസ്‌ലിംകൾക്ക് ഒരിക്കലും കീഴടങ്ങില്ലെന്നും, പലസ്തീൻ്റെ നിയന്ത്രണം ഇസ്രയേലിൽ നിന്ന് പിടിച്ചെടുക്കാൻ വിശുദ്ധയുദ്ധം നടത്തുന്നത് പലസ്തീനിയൻ മുസ്‌ലിങ്ങളുടെ മതപരമായ കടമയാണെന്നും ഹമാസ് വാദിച്ചു. 1988ൽ ഇസ്രയേൽ സ്വതന്ത്ര രാഷ്ട്രമാണെന്ന് നിലപാടെടുത്ത പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ അഭിപ്രായത്തോട് ഹമാസ് കടുത്ത വിയോജിപ്പ് അറിയിക്കുകയും ചെയ്തു. 1990കളുടെ മധ്യത്തിൽ ഇസ്രയേലും പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷനും ചേർന്ന് ഒപ്പുവെച്ച ഓസ്ലോ സമാധാന ഉടമ്പടിയും ഹമാസ് തള്ളിക്കളഞ്ഞു.
ALSO READ: മരണക്കെണിയാവുന്ന ഗാസയിലെ സ്കൂളുകള്‍; മനുഷ്യത്വത്തെ മറികടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍
ഗാസ മുനമ്പിൻ്റെ അധികാരം കയ്യാളുന്നു
ഏകദേശം 365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗാസ മുനമ്പ് രാഷ്ട്രീയമായി നിയന്ത്രിക്കുന്നത് ഹമാസാണ്. രണ്ട് ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന പ്രദേശമാണിത്. ഇസ്രയേൽ ഉപരോധമേർപ്പെടുത്തിയ ഈ പ്രദേശത്ത്, കഴിഞ്ഞ ഒരു വർഷത്തോളമായി സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറുന്നത്.
യാസർ അറാഫത്തിൻ്റെ വിയോഗ ശേഷം 2005ലാണ് പലസ്തീനിൽ പൊതു തെരഞ്ഞെടുപ്പ് നടന്നത്. 1996ന് ശേഷം പ്രസിഡൻ്റ് പദവിയിലേക്ക് നടന്ന ആദ്യ പൊതു തെരഞ്ഞടുപ്പായിരുന്നു ഇത്. തെരഞ്ഞെടുപ്പിൽ പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ മഹ്മൂദ് അബ്ബാസ് വിജയിച്ചു. 67 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഈ തെരഞ്ഞെടുപ്പ് ഫലം ഹമാസും ഇസ്ലാമിക് ജിഹാദും തള്ളിക്കളഞ്ഞു.
2005 ജനുവരിയിൽ 29ന് ഗാസ മുനമ്പിലെ 10 കൗൺസിലുകളിൽ ഏഴിലും ഇസ്‌ലാമിക പാർട്ടിയായ ഹമാസ് ഭരണം നേടി. ഇത് പലസ്തീൻ നേതാവ് മഹ്മൂദ് അബ്ബാസിൻ്റെ ഫതഹ് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി. 118ൽ 75 സീറ്റും ഹമാസ് നേടിയപ്പോൾ ഫതഹിന് 39 സീറ്റ് മാത്രമാണ് ലഭിച്ചത്. സർക്കാരിൻ്റെ മോശം പ്രതിച്ഛായയിൽ അസംതൃപ്തരായിരുന്നു ഗാസയിലെ ജനത. അവർ ഇസ്രയേലിനെതിരായ ഹമാസിൻ്റെ ഉറച്ച നിലപാടുകളെ അംഗീകരിക്കുകയും, പ്രദേശത്തെ ദരിദ്രരായ പലസ്തീനുകാർക്ക് ഹമാസ് നൽകിവരുന്ന ക്ഷേമ പ്രവർത്തനത്തിൽ ആകൃഷ്ടരുമായിരുന്നു.
ഹമാസിനെ എതിർക്കുന്നവർ ആരൊക്കെ?
ഹമാസിനെ ഇസ്രയേൽ, അമേരിക്ക, യൂറോപ്യൻ യൂണിയൻ, കാനഡ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങൾ ഇതിനോടകം "ഭീകര സംഘടനയായി" പ്രഖ്യാപിച്ചിട്ടുണ്ട്.
പിന്തുണയ്ക്കുന്നത് ആരൊക്കെയാണ്?
ഇറാൻ, സിറിയ എന്നീ രാജ്യങ്ങൾക്ക് പുറമെ ലബനനിലെ ഹിസ്ബുള്ള കൂടി ഉൾപ്പെടുന്ന ഒരു പ്രാദേശിക സഖ്യത്തിൻ്റെ ഭാഗമാണ് ഹമാസ്.