ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായ ഹസന്‍ നസ്റള്ള വെള്ളിയാഴ്ച ബെയ്റൂട്ടില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്
ഹാഷിം സഫീദ്ദീന്‍
ഹസന്‍ നസ്റള്ളയുടെ കൊലപാതകം ഹിസ്ബുള്ള നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുന്നു. ആരാകും ഇനി ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ എന്ന ചർച്ച സജീവമായിരിക്കുകയാണ്. പുതിയ തലവന്‍ ഹിസ്ബുള്ളയുടെ ആഭ്യന്തര ഘടകത്തിനും സംഘടനയെ പിന്തുണയ്ക്കുന്ന ഇറാനും ഒരുപോലെ സ്വീകാര്യനായ ആളാകണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നസ്‌റള്ളക്ക് പകരക്കാരനായി ഹാഷിം സഫീദ്ദീന്‍റെ പേരാണ് ഉയർന്നു കേള്‍ക്കുന്നത്.
Also Read: ആരാണ് ഹസന്‍ നസ്‌റള്ള? ഇറാന് പ്രിയപ്പെട്ടവനും ഇസ്രയേലിന് വെറുക്കപ്പെട്ടവനുമായ നേതാവ്
ആരാണ് ഹാഷിം സഫീദ്ദീന്‍?
ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യ വിഭാഗത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത് ഹാഷിം സഫീദ്ദീനാണ്. സംഘടനയിലെ ജിഹാദ് കൗണ്‍സില്‍ അംഗമാണ് സഫീദ്ദീന്‍. നസ്റള്ളയുടെ ബന്ധു കൂടിയായ സഫീദ്ദീന്‍ പൗരോഹിത്യ പശ്ചാത്തലമുള്ള ആളാണ്. ഇറാനിലെ ഖോം മതപഠന കേന്ദ്രത്തിലായിരുന്നു ഹസന്‍റെ മതപഠനം. ഇത് ഇറാനുമായുള്ള സൗഹൃദത്തിന് കാരണമായി. മാത്രമല്ല ഇറാന്‍റെ ഖുദ്‌സ് സേനയുടെ മുന്‍ കമാന്‍ഡറായ ഖാസിം സുലൈമാനിയുടെ മരുമകനാണ് സഫീദ്ദീന്‍റെ മകന്‍ റിദ. 2017ല്‍ സഫീദ്ദീനെ യുഎസ് ആഭ്യന്തര വിഭാഗം തീവ്രവാദിയായി മുദ്രകുത്തി.
Also Read: ഹിസ്ബുള്ള നേതാവ് ഹസൻ നസ്റള്ള കൊല്ലപ്പെട്ടു? ഔദ്യോഗിക സ്ഥിരീകരണവുമായി ഇസ്രയേൽ സൈന്യം
സഫീദ്ദീന് സംഘടനയില്‍ വിവിധ പദവികൾ നല്‍കി നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാക്കുകയായിരുന്നു നസ്റള്ള. കഴിഞ്ഞ 30 വർഷമായി ഹിസ്ബുള്ളയുടെ പ്രധാന നേതാവാണ് സഫീദ്ദീന്‍. ഹിസ്ബുള്ളയുടെ ദൈനംദിന പ്രവർത്തനങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്തിരുന്നത് സഫീദ്ദീനാണ്. നിർണായക തീരുമാനങ്ങള്‍ എടുക്കുകയെന്നത് മാത്രമായിരുന്നു നസ്റള്ളയുടെ ചുമതല.
ഇതു കൂടാതെ സഫീദ്ദീന്‍റെ കുടുംബ ബന്ധങ്ങള്‍, നസ്റള്ളയുമായുള്ള രൂപ സാദൃശ്യം, മതപരമായ പദവി എന്നിവ നേതൃത്വത്തിലേക്ക് ഉയരാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നസ്റള്ള ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ ആയി രണ്ട് വർഷങ്ങള്‍ക്ക് ശേഷം സഫീദ്ദീനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ആലോചനകള്‍ നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍, ഹസന്‍ നസ്റള്ള ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന ഹിസ്ബുള്ളയുടെ പ്രസ്താവനയില്‍ പിന്‍ഗാമിയെപ്പറ്റി സൂചനകളില്ല.
Also Read: "ജിഹാദ് തുടരും"; ഹസന്‍ നസ്‌റള്ള കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹിസ്ബുള്ള
ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായ ഹസന്‍ നസ്റള്ള വെള്ളിയാഴ്ച ബെയ്റൂട്ടില്‍ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നീണ്ട 32 വർഷം ഹിസ്ബുള്ളയുടെ തലവനായിരുന്നു നസ്റള്ള. മാർഗദർശി കൂടിയായിരുന്ന മുവാസിയുടെ വധത്തിന് പകരം ചോദിക്കാനുള്ള ദൗത്യമാണ് 32ാം വയസില്‍ ചുമതലയേറ്റു കൊണ്ട് നസ്റള്ള ആദ്യം നടപ്പിലാക്കിയത്. അതിനു ശേഷം നസ്റള്ളയുടെ പ്രഭാവം അപകടകരമാം വിധമാണ് വളർന്നത്. അത് ഇസ്രയേലിന് ഭീഷണിയായപ്പോള്‍... ഇറാന് പ്രിയപ്പെട്ടതായി.
ഇസ്രയേലിനെ പൊതു ശത്രുവായി കണ്ട് ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത് ഈ ഷിയ നേതാവാണ്. യൗവനാരംഭത്തില്‍ ഇറാഖിൽ ഒരു ഷിയാ മതകേന്ദ്രത്തില്‍ പൗരോഹിത്യ പഠനം നടത്തിയിട്ടുള്ള നസ്റള്ളയുടെ പ്രസംഗങ്ങള്‍ ഹിസ്ബുള്ളയുടെ ശക്തികളില്‍ ഒന്നായിരുന്നു. ഒരുപക്ഷെ, ആയുധ ശക്തിയേക്കാള്‍ അപകടകരമായതും. അമേരിക്കയേയും സോവിയറ്റ് യൂണിയനേയും മുഖ്യ ശത്രുക്കളായി പ്രഖ്യാപിച്ച്, ഇസ്ലാമിന്‍റെ ഭൂമിയില്‍ നിന്ന് ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് കൊണ്ടാണ് ഹിസ്ബുള്ള സ്ഥാപിതമായത്. ആ ലക്ഷ്യത്തിന് പ്രാപ്തരാണ് എന്ന് ഹിസ്ബുള്ളയെ ഓർമിപ്പിച്ചിരുന്നത് നേതാവെന്ന നിലയിലുള്ള നസ്റള്ളയുടെ പ്രവർത്തനങ്ങളാണ്.