മുന്‍ഗാമിയായ അബ്ബാസ് അൽ മുസാവിയെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് 1992 ഫെബ്രുവരിയില്‍ നസ്റള്ള ഹിസ്ബുള്ളയുടെ തലപ്പത്തേക്ക് എത്തുന്നത്
ഷിയാ ഇസ്ലാമിസ്റ്റ് സായുധസേനയായ ഹിസ്ബുള്ളയെ മൂന്ന് പതിറ്റാണ്ടായി നയിക്കുന്ന നേതാവാണ് ഷെയ്ക് ഹസന്‍ നസ്റള്ള. ലബനനിലെ ഏറ്റവും അപകടകാരിയായ നേതാവും ശക്തമായ ശബ്ദവുമായിരുന്നു നസ്റള്ള. ഇറാന് പ്രിയപ്പെട്ടവനും ഇസ്രയേലിന് വെറുക്കപ്പെട്ടവനുമായ നേതാവ്.
മുന്‍ഗാമിയായ അബ്ബാസ് അൽ മുസാവിയെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് 1992 ഫെബ്രുവരിയില്‍ നസ്റള്ള ഹിസ്ബുള്ളയുടെ തലപ്പത്തേക്ക് എത്തുന്നത്. മാർഗദർശി കൂടിയായിരുന്ന മുവാസിയുടെ വധത്തിന് പകരം ചോദിക്കാനുള്ള ഉത്തരവാണ് 32ാം വയസില്‍ ചുമതലയേറ്റു കൊണ്ട് നസ്റള്ള ആദ്യം നടത്തിയത്.
1960 ഓഗസ്റ്റ് 31ന് ബെയ്‌റൂട്ടിലെ ബുർജ് ഹമ്മൂദിൽ പലചരക്ക് വ്യാപാരിയായ പിതാവിന്‍റെ ഒമ്പത് മക്കളില്‍ മൂത്തവനായിട്ടായിരുന്നു നസ്റള്ളയുടെ ജനനം. ചെറുപ്പം മുതല്‍ മതപുരോഹിതൻ ആകുന്നതിന് പരിശീലിച്ച് വന്ന നസ്റള്ള, 1975ലെ ലബനൻ ആഭ്യന്തര യുദ്ധത്തെ തുടർന്ന് 15ാം വയസിലാണ് ഷിയാ അർധസൈന്യമായ 'അമലി'ൽ ചേരുന്നത്. എന്നാൽ യുദ്ധം തുടരുന്നതിനിടെ പോരാട്ടത്തില്‍ നിന്ന് പിന്മാറി, ഇറാഖിലെ വിശുദ്ധ നഗരമായ നജാഫിലെ ഒരു ഷിയാ മതകേന്ദ്രത്തില്‍ പൗരോഹിത്യ പഠനത്തിനായി നസ്റള്ള കുറച്ചുകാലം കഴിഞ്ഞെന്നാണ് പറയപ്പെടുന്നത്. അവിടെ നിന്ന് 1978ല്‍ സദ്ദാം ഹുസൈന്‍ പുറത്താക്കിയ ലബനന്‍ വിദ്യാർഥികളിൽ ഒരാളായിരുന്നു നസ്റള്ള.
Also Read: ഹിസ്ബുള്ള നേതാവ് ഹസൻ നസ്റള്ള കൊല്ലപ്പെട്ടു? ഔദ്യോഗിക സ്ഥിരീകരണവുമായി ഇസ്രയേൽ സൈന്യം
1982ല്‍ ലബനനിലേക്ക് ഇസ്രയേല്‍ നടത്തിയ അധിനിവേശത്തോടെ അമല്‍ സൈന്യം പുതിയ മുഖം കൈവരിക്കുകയും നസ്റള്ള യുദ്ധമുഖത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. പിന്നീട് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്‍റെ സൈനികവും സംഘടനാപരവുമായ പിന്തുണയോടെ 1985ൽ, ഹിസ്ബുള്ള എന്ന ഷിയാ സൈന്യം രൂപീകരിച്ചപ്പോള്‍ മുന്നണി പോരാളിയായിരുന്നു നസ്റള്ള.
അമേരിക്കയേയും സോവിയറ്റ് യൂണിയനേയും മുഖ്യ ശത്രുക്കളായി പ്രഖ്യാപിച്ച്, ഇസ്ലാമിന്‍റെ ഭൂമിയില്‍ നിന്ന് ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്താണ് ഹിസ്ബുള്ള സ്ഥാപിതമായത്. ലബനന്‍ സൈന്യത്തേക്കാള്‍ വലിയ ആയുധ ശക്തിയായുള്ള ഹിസ്ബുള്ളയുടെ പിന്നീടുള്ള വളർച്ചയ്ക്ക് സമാന്തരമായിരുന്നു നസ്റള്ളയുടെയും മുന്നേറ്റം.
ആദ്യം ബെക്കാ മേഖലയുടെ ചുമതല, പിന്നീട് ബെക്കാ മേഖലയുള്‍പ്പെടുന്ന ബാല്‍ബെക്കാ പ്രവിശ്യയുടെ അധികാരം, ബെയ്റൂട്ടിലെ അധികാര കേന്ദ്രങ്ങളിലേക്ക്, അതുവഴി ഹിസ്ബുള്ളയുടെ തലപ്പത്തേക്ക്. നസ്‌റള്ള തലവനായി നിയമിക്കപ്പെട്ട് അഞ്ചാം വർഷമാണ്, 1997ൽ ഹിസ്ബുള്ളയെ അമേരിക്ക തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത്. അതേവർഷമാണ് ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിനിടെ മൂത്തമകന്‍ ഹാദിയെ നസ്റള്ളയ്ക്ക് നഷ്ടപ്പെടുന്നത്.
2000ത്തില്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറുമ്പോള്‍ അത് ദൈവിക വിജയമായി നസ്റള്ള പ്രഖ്യാപിച്ചു. പ്രധാന ദൗത്യം വിജയിച്ചെങ്കിലും ഇസ്രയേലിനെ പുർണമായി സ്വന്തം മണ്ണില്‍ നിന്ന് പുറത്താക്കാതെ ഹിസ്ബുള്ള നിരായൂധീകരിക്കില്ലെന്നും അന്ന് നസ്റള്ള വ്യക്തമാക്കി. 2006ലെ 34 ദിവസത്തെ രണ്ടാം ലെബനൻ യുദ്ധ സമയത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ നസ്റള്ളയെ ലക്ഷ്യംവെച്ചായിരുന്നു. നസ്റള്ളയ്ക്ക് നേരെ നടന്ന ആദ്യത്തെ സ്ഥിരീകരിക്കപ്പെട്ട വധശ്രമം.
പില്‍ക്കാലങ്ങളില്‍ സുരക്ഷ മുന്‍നിർത്തി, പൊതുവേദികളില്‍ നിന്ന് പിന്മാറിയ നസ്റള്ള പിന്നീട് രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് റെക്കോർഡ് ചെയ്തുവരുന്ന സന്ദേശങ്ങളിലൂടെ ടെലിവിഷന്‍ സ്ക്രീനുകളിലെത്തി. രാജ്യത്തെവിടെയോ ഉള്ള ഒരു ബങ്കറിലാണ് കഴിയുന്നതെന്ന റിപ്പോർട്ട് തള്ളിയ, നസ്റള്ള ലെബനനിലൂടനീളം താന്‍ രഹസ്യസഞ്ചാരം നടത്തുന്നതായാണ് 2014ലെ അഭിമുഖത്തില്‍ അവകാശപ്പെട്ടത്.
മികച്ച വാഗ്മികളിലൊരാളായ നസ്റള്ളയുടെ പ്രസംഗങ്ങളും ലബനനിലെ വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളിലുള്‍പ്പടെ ഇന്ന് ഹിസ്ബുള്ള നടത്തുന്ന സാമൂഹിക ഇടപെടലുകളും ഒരു സായുധ സംഘത്തിനപ്പുറം ഹിസ്ബുള്ളയ്ക്ക് ഗ്രൗണ്ട് സപ്പോർട്ട് നേടിക്കൊടുക്കുന്നതില്‍ നിർണ്ണായ പങ്കുവഹിച്ചിട്ടുണ്ട്. ലബനന്‍ രാഷ്ട്രീയത്തില്‍ ഒരു പവർ ബ്രോക്കറായി വരെ ഇന്ന് നസ്റള്ള കണക്കാക്കപ്പെടുന്നു.
പശ്ചിമേഷ്യയില്‍ പലസ്തീനിലെ ഹമാസിനും ഇറാഖ്, യെമന്‍ മേഖലകളിലെ മറ്റ് സായുധ സംഘങ്ങള്‍ക്കും ഹിസ്ബുള്ളയാണ് പരിശീലനം നല്‍കുന്നത്. സിറിയന്‍ ആഭ്യന്തര സംഘർഷത്തില്‍ ലെബനനിലെ സുന്നി നേതൃത്വത്തിന്‍റെ എതിർപ്പ് മറികടന്ന് ഇറാൻ പ്രസിഡൻ്റ് ബാഷർ അൽ-അസാദിനെ സഹായിച്ച ഹിസ്ബുള്ളയിന്ന് ഇറാന്‍റെ പശ്ചിമേഷ്യന്‍ മേധാവിത്വത്തെ പിന്താങ്ങുന്നവരില്‍ പ്രധാനിയാണ്. ഇറാന്‍ പരമോന്നത നേതൃത്വവുമായി നസ്റള്ളയ്ക്കുള്ളത് വ്യക്തി ബന്ധമെന്ന് വിശേഷിപ്പിക്കാവുന്ന സ്വാധീനമാണ്. അതുകൊണ്ടുതന്നെ ഇസ്രയേലെന്ന പൊതുശത്രുവിനോടുള്ള മുന്നണിപോരാളിയെന്ന നിലയില്‍ ഹിസ്ബുള്ളയെ വളർത്തിയ നസ്റള്ളയുടെ കൊലപാതകം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ തന്നെ തിരുത്തിയെഴുതുന്ന ചരിത്രമാകും.