താൻ ആദ്യം പ്രസിഡൻ്റായിരുന്ന കാലത്ത് കശ്യപ് പട്ടേൽ റഷ്യൻ തട്ടിപ്പ് തുറന്നുകാട്ടുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നുവെന്ന് ട്രംപ് സൂചിപ്പിച്ചു
നവംബർ അഞ്ചിന് നടന്ന യുഎസ് തെരഞ്ഞെടുപ്പ് വിജയത്തോടെ വീണ്ടും വൈറ്റ് ഹൗസിലേക്കെത്താൻ തയ്യാറെടുക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ തോൽപിച്ച് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി വൈറ്റ് ഹൗസിലേക്കെത്തുമ്പോൾ, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറായി ഇന്ത്യൻ വംശജനായ കശ്യപ് പട്ടേലിനെയാണ് ട്രംപ് നാമനിർദേശം ചെയ്തിരിക്കുന്നത്. "ഒരു മികച്ച അഭിഭാഷകൻ, നിരീക്ഷകൻ, അഴിമതിയെ തുറന്നുകാട്ടുന്നതിനായി തൻ്റെ ഔദ്യോഗിക ജീവിതം മാറ്റിവെച്ച, നീതിക്കും അമേരിക്കയിലെ ജനങ്ങൾക്കും വേണ്ടി പോരാടാൻ കെല്പുള്ള വ്യക്തി," എന്ന് തുടങ്ങിയ വിശേഷണങ്ങളോടെയാണ് ഏറ്റവും അനുയോജ്യനായ എഫ്ബിഐ ഡയറക്ടറെന്ന് ചൂണ്ടിക്കാട്ടി കശ്യപ് പട്ടേലിനെ നാമനിർദേശം ചെയ്തത്. ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രുത്ത് സോഷ്യലിലൂടെയാണ് ഇത് അറിയിച്ചത്.
ട്രംപ് ആദ്യം പ്രസിഡൻ്റായിരുന്ന കാലത്ത് കശ്യപ് പട്ടേൽ റഷ്യൻ തട്ടിപ്പ് തുറന്നുകാട്ടുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും, ട്രംപ് സൂചിപ്പിച്ചു. 2017ൽ ട്രംപ് തന്നെ നിയമിച്ച ഡയറക്ടർ ക്രിസ്റ്റഫർ റേയുടെ കീഴിലുള്ള എഫ്ബിഐ നേതൃത്വത്തോടുള്ള അതൃപ്തി പ്രകടമാകുന്നതായിരുന്നു കശ്യപ് പട്ടേലിൻ്റെ നാമനിർദേശം.
ALSO READ: ചാരം മൂടിക്കിടന്ന കനൽക്കട്ട വീണ്ടും ആളിക്കത്തുന്നു; സിറിയയിൽ സംഘർഷത്തിന്‍റെ പുതിയ അധ്യായം
ആരാണ് എഫ്ബിഐ തലപ്പത്തേക്ക് എത്തുന്ന കശ്യപ് പട്ടേൽ?
കാശ് പട്ടേൽ എന്ന് അറിയപ്പെടുന്ന കശ്യപ് പട്ടേൽ, 1980ൽ ന്യൂയോർക്കിലാണ് ജനിച്ചത്. ഇന്ത്യൻ വംശജനായ കാശ് പട്ടേലിൻ്റെ മാതാപിതാക്കൾ ഗുജറാത്തികളാണ്. ലോംഗ് ഐലൻഡിലെ ഗാർഡൻ സിറ്റി ഹൈസ്കൂളിൽ നിന്ന് ബിരുദം, യൂണിവേഴ്സിറ്റി ഓഫ് റിച്ച്മണ്ടിൽ നിന്ന് യുജി, ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമപഠനം തുടങ്ങിയവ അദ്ദേഹം പൂർത്തിയാക്കി.
ഹിന്ദു മതത്തിൽ വിശ്വസിച്ച് വളർന്ന പട്ടേൽ, ഇന്ത്യയുമായി തനിക്ക് എല്ലായ്‌പ്പോഴും വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പറഞ്ഞു. കൊലപാതകം മുതൽ മയക്കുമരുന്ന് കടത്തും, സങ്കീർണ്ണമായ സാമ്പത്തിക കുറ്റകൃത്യങ്ങളും വരെയുള്ള കേസുകൾ വാദിക്കുന്ന ഒരു പൊതു അഭിഭാഷകനായാണ് പട്ടേൽ തൻ്റെ കരിയർ ആരംഭിച്ചത്. ആക്ടിംഗ് സെക്രട്ടറി ഓഫ് ഡിഫൻസ്, ക്രിസ്റ്റഫർ മില്ലറുടെ മുൻ ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിച്ചിരുന്നു.
പ്രസിഡൻ്റിൻ്റെ ഡെപ്യൂട്ടി അസിസ്റ്റൻ്റായും, നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ (എൻഎസ്‌സി) തീവ്രവാദ വിരുദ്ധ ടീമിൻ്റെ (സിടി) സീനിയർ ഡയറക്ടറായും കാശ് പ്രവർത്തിച്ചിട്ടുണ്ട്. ഈ സമയത്ത്, അന്നത്തെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാന പ്രകാരം, ഐഎസിനെയും അൽ-ഖ്വെയ്‌ദ നേതൃത്വത്തെയും ഇല്ലാതാക്കുക, നിരവധി അമേരിക്കൻ ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുക തുടങ്ങിയവ നടപ്പിലാക്കുന്നതിൽ പട്ടേൽ മേൽനോട്ടം വഹിച്ചു.
ALSO READ: 'ഒന്നായ് പൂജ്യത്തിലേക്ക്'...എങ്ങനെ കരുതലോടെ എയ്ഡ്സിനെ നേരിടാം
വൈറ്റ് ഹൗസിൽ ട്രംപിൻ്റെ ആദ്യ ടേമിലാണ് കാശ് പട്ടേൽ ഒരു വിവാദ വ്യക്തിയായി ഉയർന്നുവന്നത്. മുൻ ഇൻ്റലിജൻസ് കമ്മിറ്റി അധ്യക്ഷൻ, ഡെവിൻ നൂൺസിൻ്റെ സഹായിയായിരുന്ന സമയത്ത്, ട്രംപിൻ്റെ 2016ലെ പ്രചാരണവും റഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എഫ്ബിഐയുടെ അന്വേഷണത്തിന് നേതൃത്വം നൽകുന്നതിൽ കാശ് പട്ടേൽ പ്രധാന പങ്കുവഹിച്ചിരുന്നു.
ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ ഇംപീച്ച്‌മെൻ്റ് വിചാരണയ്ക്കിടെ, ട്രംപിനും യുക്രെയ്‌നും ഇടയിൽ രഹസ്യമായി ഒരു ബാക്ക് ചാനലായി കാശ് പട്ടേൽ പ്രവർത്തിക്കുന്നുവെന്ന് മുൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഉദ്യോഗസ്ഥൻ ഫിയോണ ഹിൽ അന്വേഷകരോട് പറഞ്ഞു. എന്നാൽ, ആരോപണങ്ങൾ പട്ടേൽ നിഷേധിച്ചിരുന്നു.
2021 ജനുവരിയിൽ ട്രംപ് സ്ഥാനമൊഴിഞ്ഞതിനുശേഷവും, മുൻ പ്രസിഡൻ്റ് തൻ്റെ പ്രസിഡൻഷ്യൽ രേഖകൾ ആക്സസ് ചെയ്യുന്നതിനുള്ള പ്രതിനിധിയായി നിയോഗിക്കപ്പെട്ട ആളുകളിൽ ഒരാളായിരുന്നു പട്ടേൽ. ഹൗസ് പെർമനൻ്റ് സെലക്ട് കമ്മിറ്റി ഓൺ ഇൻ്റലിജൻസിൻ്റെ (എച്ച്പിഎസ്‌സിഐ) മുതിർന്ന അഭിഭാഷകനായും, ദേശീയ സുരക്ഷാ ഉപദേഷ്ടാവായും പട്ടേൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.