ആംആദ്മി പാർട്ടിയുമായി സഖ്യത്തിലായിട്ടും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നിൽ മൂക്കുകുത്തി വീഴുകയായിരുന്നു കോൺഗ്രസ്
ഡൽഹി സംസ്ഥാനത്തിന്‍റെ കഴിഞ്ഞ 32 വർഷത്തെ ചരിത്രത്തിൽ 15 വർഷം ഭരിച്ച കോൺഗ്രസാണ് കൂടുതൽ അധികാരത്തിലിരുന്ന പാർട്ടി. പക്ഷേ ആ കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് വിഹിതം നാലേകാൽ ശതമാനം മാത്രമാണ്. ഇത്തവണ മെച്ചപ്പെട്ടില്ലെങ്കിൽ രാജ്യതലസ്ഥാനത്ത് അപ്രസക്തരാകും എന്നാണ് സ്ഥിതി.
ആംആദ്മി പാർട്ടിയുമായി സഖ്യത്തിലായിട്ടും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നിൽ മൂക്കുകുത്തി വീഴുകയായിരുന്നു കോൺഗ്രസ്. കിട്ടിയ വോട്ട് വിഹിതം ആംആദ്മി പാർട്ടിയുടെ കരുണയിൽ ആയിരുന്നില്ലെന്ന് തെളിയിക്കാൻ കോൺഗ്രസിനുള്ള അവസാന അവസരംകൂടിയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ്. 2020ലെ നാലേകാൽ ശതമാനത്തിൽ നിന്ന് കരകയറുമോ എന്ന ചോദ്യമാണ് കോൺഗ്രസ് നേരിടുന്നത്.
ഡൽഹിയിൽ കോൺഗ്രസ് എത്ര അപ്രസക്തരായി എന്നറിയാൻ രണ്ടുപാർട്ടികളുടെ തീരുമാനം നോക്കിയാൽ മതി. ഇൻഡ്യസഖ്യത്തിലെ പ്രധാന കക്ഷികളായ സമാജ്‌വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും സംഖ്യമുണ്ടാക്കിയത് കോൺഗ്രസുമായല്ല. ഇരുവരും ചങ്ങാത്തത്തിലായത് ആംആദ്മി പാർട്ടിയുമായാണ്. 2020ൽ ഡൽഹിയിൽ 66 മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസിന് ആകെക്കിട്ടിയത് 3,95,958 വോട്ടാണ്. 63 മണ്ഡലത്തിലും കെട്ടിവച്ച കാശും പോയി. ഭരണം പിടിച്ച ആംആദ്മി പാർട്ടിക്ക് 49 ലക്ഷവും രണ്ടാമതെത്തിയ ബിജെപിക്ക് 35 ലക്ഷവും വോട്ട് കിട്ടി എന്ന് അറിയുമ്പോഴാണ് കോൺഗ്രസിന്‍റെ 3.95 ലക്ഷം എത്ര നിസാരമാണെന്നു മനസ്സിലാവുക.
ആംആദ്മി പാർട്ടിയുമായി സഖ്യത്തിലായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്. ഏഴിൽ നാലിൽ ആംആദ്മി പാർട്ടിയും മൂന്നിൽ കോൺഗ്രസും മത്സരിച്ചു. ആംആദ്മി പാർട്ടിക്ക് 24 ശതമാനവും കോൺഗ്രസിന് 19 ശതമാനത്തിന് അടുത്തും വോട്ട് കിട്ടി. രണ്ടും ചേർന്നാൽ 43 ശതമാനം മാത്രം.
ALSO READ: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും
ആ ഒന്നിച്ചു നിൽക്കൽ നിയമസഭയിലേക്കും ഉണ്ടാകേണ്ടതല്ലേ എന്നാണ് ചോദ്യം. വിട്ടുവീഴ്ചകൾ ചെയ്ത് ഇരുപാർട്ടികളും സഖ്യമുണ്ടാക്കാത്തതെന്ത് എന്ന ചോദ്യത്തിൽ പ്രസക്തിയില്ല. 2013ലും 2015ലും കോൺഗ്രസ് വിരുദ്ധ തംരംഗത്തിൽ കുതിച്ചുയർന്നതാണ് ആംആദ്മി പാർട്ടി. 2020ൽ എഴുപതിൽ 62 സീറ്റു പിടിച്ചതും ഒറ്റയ്ക്കാണ്. ബിജെപിക്കു കിട്ടിയ എട്ടുസീറ്റ് അല്ലാതെ മറ്റൊരു കക്ഷിക്കും ഒന്നും നേടാനായില്ല. ഇവിടെ സഖ്യമുണ്ടാക്കേണ്ടത് കോൺഗ്രസിന്‍റെ മാത്രം ആവശ്യമായിരുന്നു. 1993ൽ സംസ്ഥാന പദവി കിട്ടിയ ശേഷം ബിജെപിയാണ് ഡൽഹിയിൽ അധികാരത്തിലെത്തിയത്. 1998 മുതൽ 15 വർഷം ഷീലാ ദീക്ഷിതും. ഷീലാ ദീക്ഷിതിൽ നിന്ന് അധികാരം പിടിച്ച അരവിന്ദ് കെജ്‌രിവാൾ മറ്റൊരു 17 വർഷം തികയ്ക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ബിജെപി 27 വർഷത്തിനു ശേഷം അധികാരത്തിലെത്തുമോ എന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്. ഇതിനപ്പുറം ചർച്ചകളിൽ പോലും ഇന്ന് കോൺഗ്രസ് ഇല്ല.
മത്സരം ബിജെപിയും കെജ്‌രിവാളും തമ്മിലാകുമ്പോൾ മഞ്ഞിൽ തണുത്തു വിറഞ്ഞു കിടക്കുകയാണ് കോൺഗ്രസിന്‍റെ പ്രചാരണ പരിപാടികൾ.