ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്നെന്നും പിതാവ് സൂചിപ്പിച്ചു
ആലപ്പുഴയിൽ വൈകല്യങ്ങളോടെ പിറന്ന കുഞ്ഞിൻ്റെ തുടർചികിത്സ സംബന്ധിച്ച ആശങ്കയിൽ കുടുംബം. കുഞ്ഞിൻ്റെ ചികിത്സയുടെ കാര്യത്തിൽ ആരോഗ്യ വകുപ്പിൽ നിന്നു ഉറപ്പ് ലഭിച്ചിട്ടില്ലെന്നും, ആരോഗ്യമന്ത്രിയോ ആരോഗ്യ വകുപ്പോ ബന്ധപ്പെട്ടിട്ടില്ല എന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു. ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്നെന്നും പിതാവ് സൂചിപ്പിച്ചു.
ALSO READ: കേരളത്തിന് ഷോക്ക് ട്രീറ്റ്മെൻ്റ്; വൈദ്യുതി നിരക്ക് വർധിപ്പിച്ചു
വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിൻ്റെ തുടർച്ച സർക്കാർ ഏറ്റെടുക്കുമെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിൽ തന്നെ അതിനുള്ള സൗകര്യം ഒരുക്കുമെന്നുമായിരുന്നു ആരോഗ്യമന്ത്രി അന്ന് പറഞ്ഞത്. അന്വേഷണത്തിനായി നിയോഗിച്ച വിദഗ്ധ സംഘം റിപ്പോർട്ട് തയ്യാറാക്കി മടങ്ങി. എന്നാൽ അന്വേഷണം സംബന്ധിച്ച് ഒരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കുഞ്ഞിൻ്റെ പിതാവ് അനീഷ് മുഹമ്മദ് പറഞ്ഞു.
നിലവിലെ അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടു, ആരോപണ വിധേയരായ ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുകയാണ്. കുഞ്ഞിൻ്റെ തുടർ ചികിത്സയിൽ സർക്കാർ നൽകിയ വാക്ക് പാലിച്ചില്ലെങ്കിൽ ആലപ്പുഴ വനിതാ ശിശു ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യാനാണ് കുടുംബത്തിൻ്റെ തീരുമാനമെന്നുമാണ് അനീഷ് മുഹമ്മദ് പറഞ്ഞത്. ആരോഗ്യമന്ത്രി ആലപ്പുഴയിൽ എത്തിയിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും അനീഷ് ആരോപിച്ചു. എംആർഐ റിപ്പോർട്ടിൽ കുഞ്ഞിന് തലച്ചോറിൽ പ്രശ്നങ്ങളുണ്ട്. ദിവസവും കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ കയറി ഇറങ്ങുകയാണ്. എന്നാൽ ചികിത്സ സംബന്ധിച്ച് ആരും ഒന്നും തങ്ങളോട് പറയുന്നില്ലെന്നും കുഞ്ഞിൻ്റെ പിതാവ് പറഞ്ഞു.