ഉമര്‍ ഫൈസിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും നദ്‌വി പറഞ്ഞു.
മുശാവറ യോഗത്തില്‍ നിന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയെന്നത് ശരിയാണെന്ന് ബഹാഉദ്ധീന്‍ നദ്‌വി. യോഗത്തില്‍ വാഗ്വാദങ്ങള്‍ ഉണ്ടായി. ഉമര്‍ ഫൈസിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും നദ്‌വി പറഞ്ഞു.
ഉമര്‍ ഫൈസിയോട് പുറത്തു നില്‍ക്കണമെന്ന് ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. ഉമര്‍ ഫൈസി അതിന് തയ്യാറായില്ല. കള്ളന്മാര്‍ പറയുന്നത് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് ഉമര്‍ ഫൈസി പറഞ്ഞു. തന്നെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു അത് പറഞ്ഞത്.
അത് കേട്ട് ജിഫ്രി തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങി. സമസ്തയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരം ഒരു സംഭവം എന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിനെ എല്ലാവരും അനുസരിക്കുന്നതാണ് രീതിയെന്നും നദ്‌വി പറഞ്ഞു.
ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയെന്ന വാര്‍ത്ത സത്യമാണെന്ന് എസ് വൈ എസ് അധ്യക്ഷന്‍ അബ്ദുസമദ് പൂക്കോട്ടൂരും പറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ അവിശ്വസിക്കേണ്ടതില്ല. മുശാവറ യോഗത്തില്‍ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയെന്നായിരുന്നു അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.
ശിവനും പാര്‍വതിക്കുമെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം സമസ്തയ്ക്ക് അപമാനമാണ്. ഉമര്‍ ഫൈസിയുടെ പ്രസംഗത്തില്‍ സമസ്തയ്ക്ക് വേണ്ടി ഹൈന്ദവ സമൂഹത്തോട് താന്‍ മാപ്പ് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതസ്ഥരെയും അവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന മതമാണ് ഇസ്ലാമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സമസ്ത മുശാവറയില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് വാക്കു തര്‍ക്കത്തിന് കാരണമായത്. ഉമര്‍ ഫൈസിയെക്കുറിച്ചുള്ള ചര്‍ച്ചയായതിനാല്‍ അദ്ദേഹം മാറി നില്‍ക്കണമെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉമര്‍ ഫൈസി മുക്കം ഇതിന് വിസമ്മതിച്ചതാണ് ജിഫ്രി മുത്തുക്കോയ തങ്ങളെ ചൊടിപ്പിച്ചത്.
സമസ്ത അധ്യക്ഷന്റെ വാക്കുകള്‍ അനുസരിക്കണമെന്ന് ബഹാഉദ്ദീന്‍ നദ്‌വി ആവശ്യപ്പെട്ടപ്പോള്‍ ഉമര്‍ ഫൈസി മുക്കം പറഞ്ഞത്, കള്ളന്‍മാര്‍ പറയുമ്പോള്‍ മാറി നില്‍ക്കേണ്ടതില്ല എന്നാണ്. അപ്പോള്‍ താനും കള്ളനാണോ എന്ന് ചോദിച്ചുകൊണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
എന്നാല്‍ സമസ്ത മുശാവറയില്‍ പൊട്ടിത്തെറിയുണ്ടായിട്ടില്ലെന്നാണ് ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉമര്‍ ഫൈസി മുക്കത്തെ തള്ളിക്കൊണ്ട് അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്തെത്തിയത്.