അന്തരീക്ഷ വായുവിലെ കാർബൺ അംശം കുറക്കാൻ ഡൽഹി സർക്കാർ കർശനമായ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്
മഞ്ഞുകാലം തുടങ്ങിയതോടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാവുകയാണ്. യമുനാ നദിയിൽ വിഷപ്പത നിറഞ്ഞൊഴുകുന്നത് പേടിപ്പെടുത്തുന്ന കാഴ്ച്ചയായി മാറിയിരിക്കുന്നു. യമുനയെ വിഷപ്പത മൂടിയ ദൃശ്യങ്ങൾ ദേശീയ തലസ്ഥാനത്ത് ആശങ്ക പടർത്തിയിട്ടുണ്ട്. കാളിന്ദികുഞ്ചിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഡൽഹിയെ വായു മലിനീകരണം കടുത്ത പ്രതിസന്ധിയിലാക്കുന്നതിനിടെയാണ് യമുന നദിയിൽ വീണ്ടും വിഷപ്പത നുരഞ്ഞ് പൊന്തുന്നത്. കാളിന്ദി കുഞ്ച് മേഖലയിലാണ് യമുനയെ മൂടിയ രീതിയിൽ വിഷപ്പത നിറഞ്ഞത്. വായുമലിനീകരണം രൂക്ഷമാക്കിക്കൊണ്ട് രാവിലെ ഡൽഹിയിൽ പുകമഞ്ഞും നിറഞ്ഞു. ദേശീയ തലസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്സ് 293 ഉം ഇന്ത്യ ഗേറ്റിലും പരിസര പ്രദേശങ്ങളിലും ഇത് 270 ഉം ആയി കുറഞ്ഞത് ആശങ്ക സൃഷ്ടിക്കുകയാണ്.
അന്തരീക്ഷ വായുവിലെ കാർബൺ അംശം കുറക്കാൻ ഡൽഹി സർക്കാർ കർശനമായ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പടക്കം പൊട്ടിക്കുന്നതും മാലിന്യങ്ങൾ കത്തിക്കുന്നതും ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് മുഖ്യമന്ത്രി അതിഷി മർലേന നിർദേശം നൽകി. മഞ്ഞുകാലം കൂടി തുടങ്ങിയതോടെ ഓരോ ദിവസം കഴിയുംതോറും ഡൽഹിയിൽ വായുവിൻ്റെ ഗുണനിലവാരം മോശമാകുന്നത് വലിയ ആരോഗ്യ പ്രതിസന്ധിയാകുകയാണ്. വിഷം പതഞ്ഞൊഴുകുന്ന യമുനാ നദിയിലെ ജലം ആളുകൾ ഉപയോഗിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നു.