1900ലെ പാരീസ് ഒളിംപിക്സിലാണ് ബ്രിട്ടീഷ് ഭരണത്തിനുകീഴിലായിരുന്ന ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത്, അതും ഒറ്റൊരാള്‍ മാത്രം.
olym india
ലോക കായിക മാമാങ്കത്തിനായി നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പ്. യൂറോയും കോപ്പയും വിംബിള്‍ഡണും കഴിഞ്ഞതോടെ, ആവേശക്കാഴ്ചകള്‍ക്കായി പാരീസിലേക്ക് കണ്‍തുറക്കുകയാണ് കായികലോകം. നാലു വര്‍ഷത്തിലൊരിക്കല്‍ കൊടിയേറുന്ന കായിക പോരാട്ടത്തിന് പാരീസ് മൂന്നാം തവണയാണ് വേദിയാകുന്നത്. ഇതിനുമുമ്പ് 1900ലും 1924ലുമാണ് പാരീസ് ഒളിംപിക്സിന് വേദിയായത്. ഈ വര്‍ഷക്കണക്കുകളില്‍ ഇന്ത്യക്കും പറയാനുണ്ടൊരു ചരിത്രം. പാരീസ് മുതല്‍ പാരീസ് വരെയെത്തുന്നു, നൂറ്റാണ്ടിന്റെ ഇന്ത്യന്‍ ഒളിംപിക്സ് ചരിത്രം.
1900ലെ പാരീസ് ഒളിംപിക്സിലാണ് ബ്രിട്ടീഷ് ഭരണത്തിനുകീഴിലായിരുന്ന ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത്, അതും ഒറ്റൊരാള്‍ മാത്രം. കൊല്‍ക്കത്തയില്‍ ജനിച്ച ബ്രിട്ടീഷ് വംശജനായ നോര്‍മന്‍ പ്രിച്ചാര്‍ഡായിരുന്നു ആ കായികതാരം. ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ പേരില്‍ പൗരത്വം സംബന്ധിച്ച വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പിന്നാലെയാണ് പ്രിച്ചാര്‍ഡ് മത്സരത്തിനു തയ്യാറെടുത്തത്. ഒടുവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാനുമതിയും (ഇന്നത്തെ പാസ്പോര്‍ട്ട്) ജനന സര്‍ട്ടിഫിക്കറ്റുമായാണ് പ്രിച്ചാര്‍ഡ് പാരീസിലെത്തിയത്. ഒറ്റയാനായെത്തിയ പ്രിച്ചാര്‍ഡിന് കൈയിലേന്താന്‍ രാജ്യത്തിന്റെ പതാക പോലും ഉണ്ടായിരുന്നില്ല. 60 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍ സ്പ്രിന്റിലും 110 മീറ്റര്‍, 200 മീറ്റര്‍ ഹര്‍ഡില്‍സുമാണ് പ്രിച്ചാര്‍ഡ് മത്സരിച്ചത്. അതില്‍ 200 മീറ്റര്‍ സ്പ്രിന്റിലും, 200 മീറ്റര്‍ ഹര്‍ഡില്‍സിലും പ്രിച്ചാര്‍ഡ് വെള്ളി മെഡല്‍ സ്വന്തമാക്കി. ഇന്ത്യക്കുവേണ്ടി ആദ്യമായി ഒളിംപിക് മെഡല്‍ നേടുന്ന കായികതാരമായി പ്രിച്ചാര്‍ഡിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അടയാളപ്പെടുത്തുകയും ചെയ്തു. ഒളിംപിക്സ് മെഡല്‍ നേടുന്ന ഏഷ്യയില്‍ ജനിച്ച ആദ്യ കായികതാരമെന്ന റെക്കോഡും സ്വന്തമാക്കിയാണ് പ്രിച്ചാര്‍ഡ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്.
ഒളിംപിക്സിലേക്ക് ഇന്ത്യക്കൊരു ടീമെത്താന്‍ പിന്നെയും 20 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 1920ല്‍ ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ്പില്‍ നടന്ന ഒളിംപിക്സിലാണ് ഇന്ത്യ ഔദ്യോഗിക ടീമിനെ അയച്ചത്. അതിന് കാരണമായതാകട്ടെ, ബിസിനസുകാരനായ ദൊറാബ്ജി ടാറ്റയും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ രൂപീകരിക്കാനും കായികതാരങ്ങളെ ഒളിംപിക്സിനായി പരിശീലിപ്പിക്കാനും മുന്‍കൈയെടുത്തത് അദ്ദേഹമായിരുന്നു. അന്ന് ബോംബെ ഗവര്‍ണറായിരുന്ന ജോര്‍ജ് ലോയ്ഡിനെ സമീപിച്ചാണ് ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള അനുമതി സംഘടിപ്പിച്ചത്. ടാറ്റയ്ക്കൊപ്പം ലോയ്ഡും മറ്റും ചിലരും ചേര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിച്ചു, സെലക്ഷന്‍ ട്രയല്‍സ് നടത്തി. അങ്ങനെ പൂര്‍മ ബാനര്‍ജി, സദാശിവ് ദത്താര്‍, ഫഡേപ്പ ചൗഗുലെ എന്നീ അത്‌ലറ്റുകള്‍ക്കൊപ്പം കുമാര്‍ നവാലെ, ഡിംക്കറാവു ഷിന്‍ഡേ എന്നീ റസ്‌ലേഴ്സിനെയും തിരഞ്ഞെടുത്തു. ആദ്യമായി ഒരു ഒളിംപിക് ടീം രാജ്യത്തിന്റെ പതാകയേന്തി. പൂര്‍മ ബാനര്‍ജിക്കായിരുന്നു അതിന് നിയോഗം. പക്ഷേ, അഞ്ചംഗ സംഘത്തിന് മെഡലുകളൊന്നും നേടാനായില്ല.
1924ലെ പാരീസ് ഒളിംപിക്സിലേക്ക് ഇന്ത്യയെത്തുമ്പോള്‍,13 അംഗ സംഘത്തിലൊരു വനിതയുമുണ്ടായിരുന്നു. ആദ്യമായി ടെന്നീസില്‍ ഭാഗ്യം പരീക്ഷിച്ച ടീമില്‍ സിംഗിള്‍സിലും ഡബിള്‍സിലും റാക്കറ്റേന്തിയ നോറ മാര്‍ഗരറ്റ് പോളിയായിരുന്നു ആ വനിതാതാരം. മലയാളത്തിനും അഭിമാനിക്കാന്‍ കാരണമുണ്ടായിരുന്നു. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച കണ്ണൂര്‍ സ്വദേശി സി.കെ ലക്ഷ്ണന്‍ കേരളത്തിന്റെ ആദ്യ ഒളിംപ്യനായി. പക്ഷേ, ഇക്കുറിയും മെഡല്‍ പട്ടിക ശൂന്യമായിരുന്നു.
1928ല്‍ ആംസ്റ്റര്‍ഡാമില്‍ ഇന്ത്യ ചരിത്രം കുറിച്ചു. 22 അംഗ സംഘത്തില്‍ അന്ന് ഇന്ത്യന്‍ ഹോക്കി ടീമും ഉണ്ടായിരുന്നു. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് ജയ്പാല്‍ സിങ്ങിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ പുരുഷ ടീം സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളിലായി 29 തവണ എതിരാളികളുടെ ഗോള്‍വല കുലുക്കിയ ഇന്ത്യ ഒരു ഗോള്‍ പോലും വഴങ്ങിയിരുന്നില്ല. ഇതിഹാസതാരം ധ്യാന്‍ചന്ദ് 14 ഗോളുകളാണ് നേടിയത്. 1932ല്‍ ലോസ് ഏയ്ഞ്ചല്‍സിലും, 1936ല്‍ ബെര്‍ലിനിലും ഹോക്കി ടീം നേട്ടം ആവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും ശക്തരായ ഹോക്കി ടീം എന്ന ഖ്യാതിയും ഇന്ത്യക്ക് സ്വന്തമായി.
രണ്ടാം ലോകയുദ്ധ കാലമായിരുന്നതിനാല്‍, 1940ലും 44ലും ഒളിംപിംക്സ് നടന്നില്ല. 1948ല്‍ ലണ്ടനിലെത്തുമ്പോഴേക്കും ഇന്ത്യ സ്വതന്ത്ര രാജ്യമായിരുന്നു. 86 ഇനങ്ങളിലേക്കായി 86 അംഗ ടീമുമായാണ് ഇന്ത്യ ലണ്ടനിലെത്തിയത്. തുടര്‍ച്ചയായ നാലാം സ്വര്‍ണം സ്വന്തമാക്കി ഹോക്കി ടീം അഭിമാനമായി. ഇന്ത്യന്‍ ഹോക്കിയില്‍ ബല്‍ബീര്‍ സിംഗെന്ന പുതിയ താരോദയവും ഉണ്ടായി. ഒളിംപിക് ഫുട്ബോളിലും ഇന്ത്യ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ശാരംങ്ഗപാണി രാമനിലൂടെ ആദ്യഗോള്‍ സ്വന്തമാക്കിയെങ്കിലും ഇന്ത്യക്ക് തോറ്റു മടങ്ങേണ്ടിവന്നു.
1952 ഹെല്‍സിങ്കിയില്‍ റെസ്‌ലര്‍ കെ.ഡി ജാദവ് സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിച്ചു. വെങ്കല മെഡല്‍ നേട്ടത്തോടെ വ്യക്തിഗത മെഡലണിയുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം. ഹോക്കി ടീം സ്വര്‍ണവേട്ട തുടര്‍ന്നു. ഒളിംപിക്‌സില്‍ മത്സരിച്ച ആദ്യ ഇന്ത്യക്കാരി എന്ന ഖ്യാതി നീലിമ ഘോഷ് സ്വന്തമാക്കി. പതിനേഴാം വയസിലായിരുന്നു നീലിമ 100 മീറ്ററിലും 80 മീറ്റര്‍ ഹര്‍ഡില്‍സിലും ട്രാക്കിലിറിങ്ങിയത്. മേരി ഡിസൂസയാണ് ഹെല്‍സിങ്കിയില്‍ മത്സരിച്ച മറ്റൊരു വനിതാതാരം. 100, 200 മീറ്റര്‍ സ്പ്രിന്റിലാണ് താരം പങ്കെടുത്തത്.
1956 മെല്‍ബണില്‍ 59അംഗ സംഘമാണ് ഇന്ത്യക്കായി മത്സരിച്ചത്. എന്നാല്‍ ഹോക്കിയിലെ സ്വര്‍ണത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അവസാനിച്ചു. ഫുട്ബോളില്‍ നാലാം സ്ഥാനത്തായതോടെ വെങ്കല മെഡലും നഷ്ടമായി. 1960ല്‍ 45 അംഗ സംഘമാണ് റോമിലെത്തിയത്. ഹോക്കിയിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് പാകിസ്ഥാന്‍ കടിഞ്ഞാണിട്ടു. ഫൈനലിലെ തോല്‍വിയോടെ, ടീമിന് വെള്ളി മെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 400 മീറ്ററില്‍ മില്‍ഖ സിങ്ങിനും മെഡല്‍ നേടാന്‍ ഭാഗ്യമുണ്ടായില്ല. 0.1 സെക്കന്‍ഡില്‍ മില്‍ഖയ്ക്ക് വെങ്കലം നഷ്ടമായി. 1964ല്‍ ടോക്യോയില്‍ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയ ഹോക്കി ടീം സ്വര്‍ണമണിഞ്ഞു. ഇന്ത്യയുടെ ഏക മെഡല്‍ നേട്ടവും അതായിരുന്നു. 1968ല്‍ മെക്സിക്കോയില്‍, ഹോക്കിയില്‍ ലഭിച്ച വെങ്കലം മാത്രമായിരുന്നു ഇന്ത്യയുടെ മേഡല്‍ നേട്ടം. 1972 മ്യൂണിച്ച് ഒളിംപിക്സിലും അതു തന്നെയായിരുന്നു ഫലം.
1976 മോണ്ട്‌റിയലില്‍ ഹോക്കി ടീം ഏഴാമതായി. ഒളിംപിക്സിലെ ഹോക്കി ടീമിന്റെ ഏറ്റവും മോശം പ്രകടനത്തോടെ, ഇന്ത്യക്ക് മെഡലൊന്നുമില്ലാതെ മടങ്ങേണ്ടിവന്നു. 1980 മോസ്കോയില്‍ ഹോക്കി ടീം നഷ്ടപ്രതാപം തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ഏക മെഡല്‍ നേട്ടം അതായിരുന്നു. 1984 ലോസ് ഏഞ്ചല്‍സ്, 1988 സീയോള്‍, 1992 ബാഴ്സലോണ ഒളിപിംക്സുകളില്‍ മെഡല്‍ നേടാനായില്ല. 1984ലായിരുന്നു പി.ടി ഉഷയ്ക്ക് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നൂറിലൊരു സെക്കന്‍ഡ് വ്യത്യാസത്തില്‍ വെങ്കല മെഡല്‍ നഷ്ടമായത്. ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് അവസാനം കണ്ടത് 1996 അറ്റ്ലാന്റയിലായിരുന്നു. ടെന്നീസില്‍ ലിയാണ്ടര്‍ പെയ്സ് വെങ്കലം നേടി. 2000ല്‍ സിഡ്നിയില്‍ വെയ്റ്റ്‌ലിഫ്റ്റര്‍ കര്‍ണം മല്ലേശ്വരിയും വെങ്കലം നേടി. 2004 ഏതെന്‍സില്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിലൂടെ ഷൂട്ടിങ്ങില്‍ ഇന്ത്യ ആദ്യമായി മെഡല്‍ സ്വന്തമാക്കി. റാത്തോഡിന്റെ വെള്ളി മെഡല്‍ മാത്രമായിരുന്നു അക്കൊല്ലം ഇന്ത്യയുടെ നേട്ടം.
2008 ബീജിങ്ങില്‍ ഇന്ത്യ ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണമണിഞ്ഞു. ബോക്സര്‍ വിജേന്ദര്‍ സിംഗും റെസ്‌ലര്‍ സുശീല്‍ കുമാറും വെങ്കലം സ്വന്തമാക്കി. മൂന്ന് മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യ ബീജിങ്ങില്‍നിന്ന് മടങ്ങിയത്. 2012ല്‍ ലണ്ടനില്‍ മെഡല്‍നേട്ടം ഇരട്ടിയാക്കി. റെസ്‍ലര്‍ സുശീല്‍ കുമാര്‍ രണ്ടാം ഒളിംപിക്സ് മെഡല്‍ സ്വന്തമാക്കി. 66 കി.ഗ്രാം ഫ്രീസ്റ്റൈല്‍ റെസ്‌ലിങ്ങിലായിരുന്നു സുശീല്‍ വെള്ളി സ്വന്തമാക്കിയത്. 25 മീറ്റര്‍ റാഫിഡ് ഫയര്‍ പിസ്റ്റളില്‍ വിജയ് കുമാറും വെള്ളിയണിഞ്ഞു. അതേസമയം, ബാഡ്മിന്റണിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം സൈന നേവാളിന്റെ വെങ്കലത്തിലൂടെ സ്വന്തമായി. ഷൂട്ടിങ്ങില്‍ ഗംഗന്‍ നാരങ്ങും, ബോക്സിങ്ങില്‍ മേരി കോമും, റെസ്‌ലിങ്ങില്‍ യോഗേശ്വര്‍ ദത്തും വെങ്കലം നേടി. ആറ് മെഡലുകളാണ് ഇന്ത്യ അക്കൊല്ലം സ്വന്തമാക്കിയത്.
കൂടുതല്‍ മെഡല്‍ പ്രതീക്ഷകളുമായാണ് 2016ല്‍ ഇന്ത്യ റിയോയിലെത്തിയത്. എന്നാല്‍, പി.വി സിന്ധുവിനും സാക്ഷി മാലിക്കിനും മാത്രമേ മെഡല്‍ നേടാനായുള്ളൂ. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സിന്ധു വെള്ളിയും 58 കി.ഗ്രാം ഫ്രീ സ്റ്റൈലില്‍ സാക്ഷി വെങ്കലവും നേടി. പക്ഷേ, 2020 ടോക്യോയില്‍ ഇന്ത്യ ചരിത്രം തിരുത്തിയെഴുതി. ഏഴ് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി. 41 വര്‍ഷത്തിനുശേഷം ഹോക്കി ടീം മെഡല്‍ നേടി. മികച്ച മത്സരങ്ങള്‍ക്കൊടുവില്‍ പുരുഷ ടീം വെങ്കലം സ്വന്തമാക്കിയപ്പോള്‍, വനിതാ ടീം നാലാം സ്ഥാനത്തെത്തിയും ചരിത്രം സൃഷ്ടിച്ചു. ജാവലിന്‍ ത്രോയിലൂടെ നീരജ് ചോപ്ര ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ ജേതാവായി. 2008ല്‍ അഭിനവ് ബിന്ദ്രയ്ക്കുശേഷമുള്ള ഇന്ത്യയുടെ വ്യക്തിഗത സ്വര്‍ണ മെഡല്‍ നേട്ടം കൂടിയായിരുന്നു അത്.