200 പന്തില്‍ ഒരു സിക്സും 13 ഫോറും ഉള്‍പ്പെടെ 117 റണ്‍സുമായി പ്രിയങ്കും, 108 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സുമായി ഹിംഗ്രാജിയയും കളത്തില്‍
പ്രിയങ്ക് പഞ്ചല്‍
രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിനെതിരെ ഗുജറാത്തിന്റെ അതിവേഗ കുതിപ്പ്. ഓപ്പണര്‍മാരായ പ്രിയങ്ക് പഞ്ചലിന്റെ സെഞ്ചുറിയും ആര്യ ദേശായിയുടെ അര്‍ധ സെഞ്ചുറിയുമാണ് കേരളത്തിനെതിരെ ഗുജറാത്തിന്റെ നില ഭദ്രമാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സ് പിന്തുടരുന്ന ഗുജറാത്ത് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് എന്ന നിലയിലാണ്. ഒന്‍പത് വിക്കറ്റ് കൈയിലിരിക്കെ 235 റണ്‍സ് പിന്നിലാണ് ഗുജറാത്ത്.
കേരളത്തിന്റെ ബൗളര്‍മാരെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പണര്‍മാരായ പ്രിയാങ്ക് പഞ്ചലും ആര്യ ദേശായിയും ഗുജറാത്ത് ഇന്നിങ്സിന് തുടക്കമിട്ടത്. നല്ല പന്തുകളെ ബഹുമാനിച്ചും, മോശം പന്തുകളെ അതിര്‍ത്തി കടത്തിയും സ്കോറിങ് വേഗം കൂട്ടിയ ഇരുവരും അടിത്തറ ഉറപ്പിച്ചു. ഇരുവരും ചേര്‍ന്ന് 131 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. 118 പന്തില്‍ 11 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 73 റണ്‍സെടുത്ത് ആര്യ ദേശായി വീണെങ്കിലും, ഗുജറാത്ത് ഇന്നിങ്സിന്റെ വേഗത്തെ അത് ബാധിച്ചില്ല. എന്‍.പി. ബേസിലിനായിരുന്നു വിക്കറ്റ്. പിന്നാലെയെത്തിയ മനന്‍ ഹിംഗ്രാജിയയ്ക്കൊപ്പം പ്രിയാങ്ക് ഇന്നിങ്സിന് വേഗം പകര്‍ന്നു. കളി അവസാനിപ്പിക്കുമ്പോള്‍ 200 പന്തില്‍ ഒരു സിക്സും 13 ഫോറും ഉള്‍പ്പെടെ 117 റണ്‍സുമായി പ്രിയങ്കും, 108 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സുമായി ഹിംഗ്രാജിയയും കളത്തിലുണ്ട്.
ALSO READ: രഞ്ജി ട്രോഫി: സെമിയിൽ ഗുജറാത്തിനെ വെള്ളം കുടിപ്പിച്ച് കേരളം, കൂറ്റൻ ഒന്നാമിന്നിങ്സ് സ്കോർ
നേരത്തെ, കേരളം മൂന്നാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ 457 റൺസിന് ഓൾഔട്ടായി. ഗുജറാത്തിൻ്റെ പേരുകേട്ട ബൗളിങ് നിരയ്ക്കെതിരെ കരുത്തുറ്റ ബാറ്റിങ് പ്രകടനമാണ് കേരളം പുറത്തെടുത്തത്. പ്രതിരോധം കൊണ്ട് ഗുജറാത്തിനെ വെള്ളംകുടിപ്പിച്ച കേരളം, 187 ഓവറുകൾ ബാറ്റ് ചെയ്തു. 341 പന്തിൽ പുറത്താകാതെ 177 റൺസെടുത്ത മുഹമ്മദ് അസ്ഹറുദീനായിരുന്നു കേരള ഇന്നിങ്സിന്റെ നട്ടെല്ല്. സച്ചിൻ ബേബി (69), സൽമാൻ നിസാർ (52), അക്ഷയ് ചന്ദ്രൻ (30), രോഹൻ കുന്നുമ്മൽ (30), ജലജ് സക്സേന (30) എന്നിവരും കേരളത്തിനായി തിളങ്ങിയിരുന്നു. ഗുജറാത്തിനായി നാഗസ്വല്ല മൂന്ന് വിക്കറ്റും ചിന്തൻ ഗജ രണ്ടും വിക്കറ്റെടുത്തു.
പ്രതിരോധത്തിലൂന്നി ഇരുപക്ഷവും കളിക്കുന്ന സാഹചര്യത്തില്‍, മത്സരഫലം എന്താകുമെന്ന ആകാംക്ഷയും പെരുകുകയാണ്. സമനിലയിലേക്ക് നീങ്ങുന്ന മത്സരത്തിൽ ഒന്നാമിന്നിങ്സ് ലീഡ് നേടാനായാൽ കേരളം ഫൈനലിലേക്ക് കടക്കും. ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി ഫൈനൽ എന്ന സ്വപ്നനേട്ടമാണ് കേരളത്തെ കാത്തിരിക്കുന്നത്.