കമ്പനിയുടെ ഭാവിക്കുവേണ്ടി ചില ധീരമായ തീരുമാനങ്ങളെടുക്കേണ്ടിവരും എന്നായിരുന്നു നടപടിയോടുള്ള കമ്പനിയുടെ പ്രതികരണം
general motors
ആഗോള സാമ്പത്തിക പ്രതിസന്ധി അടുത്തെത്തിയോ എന്ന ചോദ്യമുയർത്തിയാണ് ജനറല്‍ മോട്ടേഴ്സ് സോഫ്റ്റ്വെയർ എഞ്ചിനീയർമാർ ഉൾപ്പെടെ ആയിരത്തിലേറെ ജീവനക്കാരെ പുറത്താക്കിയത്. തിങ്കളാഴ്ച പകല്‍ അപ്രതീക്ഷിതമായി വന്ന ഇമെയിലായിരുന്നു പലർക്കും സന്ദേശമെത്തിയത്. കമ്പനിയുടെ ഭാവിക്കുവേണ്ടി ചില ധീരമായ തീരുമാനങ്ങളെടുക്കേണ്ടിവരും എന്നായിരുന്നു നടപടിയോടുള്ള കമ്പനിയുടെ പ്രതികരണം.
ലോകത്തെമ്പാടുമായി 70,000 ത്തോളം ജീവനക്കാരുള്ള ജനറല്‍ മോട്ടേഴ്സിന്‍റെ 1.3 ശതമാനം ജീവനക്കാരെയാണ് അപ്രതീക്ഷിത പിരിച്ചുവിടല്‍ ബാധിച്ചത്. 600 ഓളം വിഭാഗങ്ങള്‍ പൊളിച്ചുപണിതപ്പോള്‍ ചില ഡിപ്പാർട്ടുമെന്‍റുകളും ടീമുകളും അപ്പാടെ പിരിച്ചുവിട്ടു. മെച്ചപ്പെട്ട നിക്ഷേപങ്ങളിലേക്ക് തിരിയാന്‍ നിർബന്ധിതരാകുന്നു എന്നാണ് പ്രസ്താവനയില്‍ ജനറല്‍ മോട്ടേഴ്സ് പറയുന്നത്. മുന്‍ ആപ്പിള്‍ എക്സിക്യൂട്ടീവ് അംഗം കൂടിയായ മെെക്ക് അബോട്ട് നേതൃത്വമൊഴിഞ്ഞ് പുതിയ നേതൃത്വം എത്തിയതിന് പിന്നാലെയാണ് പൊളിച്ചുപണിയെന്നതും ശ്രദ്ധേയം.
പ്രത്യക്ഷത്തില്‍ അമേരിക്കയിലെ കമ്പനിനടത്തിപ്പിനെ മാത്രമേ ബാധിക്കൂ എങ്കിലും, ആഗോള ഭീമന്മാരടക്കം ജീവനക്കാരെ പിരിച്ചുവിട്ടുള്ള ചെലവുചുരുക്കലുകളിലേക്ക് നീങ്ങുന്നത് ശുഭകരമല്ല എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഒരു നൂറ്റാണ്ടിന്‍റെ പാരമ്പര്യം അവകാശപ്പെടാനുള്ള ജനറല്‍ മോട്ടേഴ്സിന് ഏകദേശം 35 രാജ്യങ്ങളിലാണ് വിപണിയുള്ളത്. ഷെവർലെയും ബ്യൂയിക്കും കാർഡിലാക്കുമുള്‍പ്പടെ വിവിധ ബ്രാന്‍ഡുകളൊന്നിക്കുന്ന ശൃംഖലയാണവർക്കുള്ളത്. എന്നാല്‍ ഇലോണ്‍ മസ്കിന്‍റെ ടെസ്‌ല ഫുള്ളി സോഫ്റ്റ്‌വെയർ നിയന്ത്രിത– സെല്‍ഫ് ഡ്രെെവിംഗ് രംഗത്തുണ്ടാക്കിയ കുതിപ്പ് കമ്പനിയുടെ അപ്രമാധിത്വത്തിന് വലിയ ഭീഷണിയാണ് ഉയർത്തിയത്. ഇത് മറികടക്കാന്‍ സൂപ്പർ ക്രൂസ് ഡ്രെെവിംഗ് അസിസ്റ്റ് സംവിധാനം അവതരിപ്പിക്കുകയാണ് ജിഎം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടാണ് 2023ല്‍ മെക്ക് അബോട്ടിനെ നേതൃത്വത്തിലെത്തിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ മാർച്ചില്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് മെെക്ക് കെെയ്യൊഴിഞ്ഞു.
അടുത്തകാലത്ത് കമ്പനിയുടെ പ്രമുഖ ഇലക്ട്രിക് വാഹനമായ ഷെവർലെറ്റ് ബ്ലേസർ അടക്കം സാങ്കേതിക പ്രശ്നങ്ങള്‍ പുറത്തുവന്നത് വീണ്ടും തിരിച്ചടിയായി. ഇതോടെ ദശലക്ഷങ്ങള്‍ വരുന്ന നിക്ഷേപം സംരക്ഷിക്കാന്‍, ശമ്പളം വെട്ടിച്ചുരുക്കുന്നതടക്കം നീക്കങ്ങളിലേക്കും പോകേണ്ടി വന്നു. 2023ന്‍റെ തുടക്കത്തില്‍ എക്സിക്യൂട്ടീവ് ലെവലിലെ 200 കോടി ഡോളറിന്‍റെ ചെലവുചുരുക്കലിനെ തുടർന്ന് അയ്യായിരത്തോളം ജീവനക്കാരാണ് കമ്പനിയിലെ ഓഹരി വിറ്റുപോയത്.