കാഞ്ഞിരപ്പള്ളിയില്‍ സഹോദരനേയും മാതൃസഹോദരനേയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ. വിവിധ വകുപ്പുകളില്‍ 8 വര്‍ഷവും 3 മാസവും തടവ് ശിക്ഷ ജീവപര്യന്തത്തിന് മുമ്പ് അനുഭവിക്കണം. കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കാഞ്ഞിരപ്പള്ളിയില്‍ സഹോദരനേയും മാതൃസഹോദരനേയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. രണ്ട് ജീവപര്യന്തവും വെവ്വേറെ അനുഭവിക്കണം. ആയുധ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ ആദ്യം 8 വര്‍ഷവും 3 മാസവും തടവ് അനുഭവിച്ച ശേഷമായിരിക്കും ജീവപര്യന്തം ആരംഭിക്കുക.
കൂടാതെ 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴത്തുക കൊല്ലപ്പെട്ട രഞ്ജു കുര്യന്റെ കുടുംബത്തിന് നല്‍കാനും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഐപിസി 302, 449, 506 - (2), ഇന്ത്യന്‍ ആയുധ നിയമം 30 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. കോടതി വിധിയില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തി.
കൃത്യമായ തെളിവുകള്‍ ഹാജരാക്കിയ കേസില്‍ പ്രതിക്ക് അര്‍ഹിച്ച ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരും പ്രതികരിച്ചു. 2022 മാര്‍ച്ച് ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സ്വദേശി ജോര്‍ജ് കുര്യന്‍ സഹോദരന്‍ രഞ്ജു കുര്യനെയും മാതൃസഹോദരന്‍ മാത്യു സ്‌കറിയയേയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയം വീട്ടിലുണ്ടായിരുന്ന രഞ്ജു കുര്യന്റെയും ജോര്‍ജ് കുര്യന്റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.