സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മീമുകളേക്കാള്‍ ഇന്ററസ്റ്റിങ്ങാണ്, ഈ പാട്ടിന് പിന്നിലെ കഥ
കേരളത്തിലെ ആളുകളെല്ലാം ഒരു പ്രത്യേകതരം ബ്രെയിന്‍ റോട്ട് കണ്ടീഷനിലാണ് ഇപ്പോൾ. പ്രത്യേകിച്ച് റമദാന്‍ മാസം കൂടെ തുടങ്ങിയതില്‍ പിന്നെ. വേണമെങ്കില്‍ നമുക്കിതിനെ 'തബ് തബി തബ് ബ്രെയിന്‍ റോട്ട്' എന്ന് വിളിക്കാം. ഒരു രണ്ട് തവണ കേട്ട് കഴിഞ്ഞാ പിന്നെ മനുഷ്യന്റെ തലേന്ന് പോവാത്ത ഒരു പാട്ട്. എക്‌സാം ഹാളിലാണേലും വര്‍ക്കിലാണേലും വെറുതേ ഇരിക്കുമ്പോഴാണേലും മനസ് ചുമ്മാ പാടിക്കൊണ്ടിരിക്കും. അങ്ങനെ മീമുകളില്‍ ട്രെന്‍ഡിങ്ങായ ഈ പാട്ടിന് പിന്നിലെ കഥ പുറത്തുവന്നിരിക്കുകയാണ്. 12,000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥ കേട്ട് വാപൊളിച്ചിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം.
ഒരു അറബിക് വേഴ്‌സാണ് തബ് തബി തബ് ഗാനത്തിന് പിന്നില്‍. സത്യത്തില്‍ തബ് തബി തബ് എന്നല്ല , 'സ്വാത്ത് സഫിരില്‍ ബോല്‍ബോലി' അഥവാ ഒരു രാപ്പാടിയുടെ ശബ്ദം എന്നാണ് ഈ അറബിക് കവിതയുടെ പേര്. അഹമ്മദ് എല്‍ ഖത്താനെ എന്ന പാട്ടുകാരന്‍ പാടിയ വരികളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ മീമുകളേക്കാള്‍ ഇന്ററസ്റ്റിങ്ങാണ്, ഈ പാട്ടിന് പിന്നിലെ കഥ.
ഏകദേശം 12,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അന്നത്തെ ഖലീഫയായിരുന്ന അബു ജാഫര്‍ അല്‍ മന്‍സൂറിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. ഏത് കവിത കേട്ടാലും അബു ജാഫര്‍ അത് പെട്ടന്ന് മനപാഠമാക്കും. പെട്ടന്ന് എന്ന് പറയുമ്പോ കേട്ട ഉടനെ തന്നെ. അങ്ങനെ അബു ജാഫര്‍ ഒരു മത്സരം വെയ്ക്കാന്‍ തീരുമാനിച്ചു.
ALSO READ: ചോരാത്ത ശൗര്യം! വീണ്ടും ട്രെൻഡിങ്ങായി മസായി മാരയിലെ സിംഹരാജാവ് സ്കാർഫെയ്സിൻ്റെ കഥ
എന്റെ ഭരണപരിധിയിലുള്ള എല്ലാ കവികളും ഞാന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ കവിത എഴുതണം. അങ്ങനെ ആരും കേള്‍ക്കാത്ത കവിത എഴുതുന്നവര്‍ക്ക് വമ്പന്‍ സമ്മാനവും നല്‍കും. ഖലീഫയുടെ പ്രഖ്യാപനമെത്തി. എല്ലാ കവികളും പുതിയ കവിതകളാണല്ലോ എഴുതുന്നതെന്ന് നമ്മള്‍ക്ക് തോന്നുമെങ്കിലും, കഥ ആരംഭിക്കുന്നത് ഇവിടെയാണ്. കവിത രണ്ട് തവണ കേട്ടാല്‍ മനപാഠമാക്കാന്‍ പറ്റുന്ന ഒരു ആണ്‍കുട്ടിയേയും മൂന്ന് തവണ കേട്ടാല്‍ മനപാഠമാക്കുന്ന ഒരു പെണ്‍കുട്ടിയേയും തിരശീലക്ക് പിന്നില്‍ നിര്‍ത്താന്‍ ഖലീഫ ഉത്തരവിട്ടു.
അങ്ങനെ പ്രദേശത്തുള്ള കവികളെല്ലാം ഖലീഫയ്ക്ക് മുന്നിലെത്തി. ആദ്യമെത്തിയ കവി സമ്മാനം കിട്ടുമെന്ന് ഉറപ്പിച്ചിരുന്നു. അയാള്‍ രാത്രി മുഴുവനിരുന്ന് കവിത എഴുതി ഖലീഫയെ പാടി കേള്‍പ്പിച്ചു. ഒറ്റ തവണ കേള്‍ക്കുമ്പോഴേക്കും പഠിക്കുന്ന ഖലീഫ സിമ്പിളായി കവിത ചൊല്ലി. ഏഹ് ഇതെങ്ങനെ ശരിയാകും? ഞാന്‍ ഇന്നലെ രാത്രി മുഴുവനിരുന്ന് ഒറ്റയ്ക്ക് എഴുതിയ വരികളാണ് ഇതെന്ന് കവി പറഞ്ഞു. എന്നാല്‍ കവിത കേട്ട മറ്റൊരാളെ കൂടി എനിക്കറിയാമെന്ന് പറഞ്ഞ് തിരശീലയ്ക്ക് പിന്നില്‍ നിര്‍ത്തിയ പയ്യനെ ഖലീഫ പുറത്തേക്ക് വിളിച്ചു. ഖലീഫയും കവിയും ചൊല്ലുന്നത് കേട്ട് മനപാഠമായ കുട്ടി എളുപ്പത്തില്‍ കവിത ചൊല്ലി. പിന്നാലെ മൂന്ന് പ്രാവിശ്യം കേട്ടാല്‍ മനപാഠമാകുന്ന പെണ്‍കുട്ടി കൂടി കവിത തെറ്റാതെ ചൊല്ലിയതോടെ കവിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു.
അങ്ങനെ വരുന്നവരെല്ലാം തോറ്റുമടങ്ങി. അപ്പോഴാണ് നായകന്റെ വരവ്. പ്രശസ്ത അറബിക് കവിയായ അല്‍-അസ്മായി ഖലീഫയുടെ ഓഫറിനെ കുറിച്ച് കേട്ടു. ഇതിന് പിന്നിലെ ട്രിക്കും അല്‍ അസ്മായിക്ക് മനസിലായി. അങ്ങനെ അല്‍-അസ്മായി തൻ്റെ കവിത പാടി.
ALSO READ: ട്രെൻഡിങ്ങായി കടലിലെ പ്രതിഭാസങ്ങളും ലവിയതനും! സോഷ്യൽ മീഡിയ ചോദിക്കുന്നു, ഇത് ലോകാവസാനമോ?
ഖലീഫ ഞെട്ടി. ആ കവിത അത്ര എളുപ്പത്തില്‍ മനപാഠമാക്കാന്‍ പറ്റുന്നതായിരുന്നില്ല. കാരണം കവിത നിറയെ പല തരം ശബ്ദങ്ങളായിരുന്നു. തിരശീലയ്ക്ക് പിന്നിലെ പെണ്‍കുട്ടിയും ആണ്‍കുട്ടിയും കൂടി തോല്‍വി സമ്മതിച്ചതോടെ സമ്മാനത്തുക അല്‍-അസ്മായിക്ക് നല്‍കാന്‍ ഖലീഫ ഉത്തരവിട്ടു.
അപ്പോ ഇതാണ് മീമിന് പിന്നിലെ കഥ. ഇതൊരു കഥ മാത്രമാണ്, ചരിത്രമല്ല. ഇതൊരു കവിതയല്ലെന്നും മറിച്ച് പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ടങ് ട്വിസ്റ്റര്‍ മാത്രമാണെന്നും വാദങ്ങളുണ്ട്. എന്തായാലും ഇന്റര്‍നെറ്റ് ലോകമൊരു രസികന്‍ തന്നെ. എന്താ എപ്പഴാ എവിടെയാ വൈറലാവുന്നേന്ന് പറയാനേ പറ്റില്ല. പക്ഷേ ഞാന്‍ ആലോചിക്കുന്നേ വേറൊരു കാര്യമാണ്. എന്നാലും നമ്മള്‍ ഒറ്റത്തവണ കേട്ടപ്പോഴേക്കും പഠിച്ച കവിത ഖലീയ്ക്ക് പഠിക്കാന്‍ പറ്റാഞ്ഞേ എന്താണാവോ.