ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്‌നാ നാഡിക്കും സെയ്ഫിന് സാരമായ പരിക്കേറ്റിരുന്നു
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലി ഖാന്‍ ചികിത്സയില്‍ കഴിയുന്നത്. വ്യാഴാഴ്ചയാണ് നടന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. മോഷണശ്രമത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തിനിടെയാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ വെച്ച് താരത്തിന് കുത്തേറ്റത്.
ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്‌നാ നാഡിക്കും സെയ്ഫിന് സാരമായ പരിക്കേറ്റിരുന്നു. നിലവില്‍ താരത്തെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 'ഞങ്ങള്‍ അദ്ദേഹത്തെ ഐസിയുവില്‍ നിന്നും സ്‌പെഷ്യല്‍ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നട്ടെല്ലിന് ഏറ്റ മുറിവ് കാരണം അദ്ദേഹത്തിന് അനങ്ങാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട്. ഇന്‍ഫെക്ഷന് സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ തല്‍ക്കാലത്തിന് കുറച്ചിരിക്കുകയാണ്', എന്ന് ലീലാവതി ആശുപത്രിയിലെ ഡോ നിതിന്‍ നാരായണ്‍ ഡാന്‍ഗെ അറിയിച്ചു.
ALSO READ: നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
'സെയ്ഫിനെ ഞങ്ങള്‍ ഇന്ന് നടത്തിക്കുകയും ചെയ്തു. ബെഡ് റെസ്റ്റ് അത്യാവശ്യമാണ്. എന്തായാലും പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയില്ല. കത്തി രണ്ട് മില്ലി മീറ്റര്‍ കൂടി ആഴത്തില്‍ കയറിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഗുരുതരമായ പരിക്ക് ഏറ്റേനെ', എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്‌സിങ് സ്റ്റാഫ് ഏലിയാമ ഫിലിപ്പ്സാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്. അക്രമി വിരല്‍ ചൂണ്ടിക്കൊണ്ട് മിണ്ടരുതെന്ന് ഹിന്ദിയില്‍ പറഞ്ഞെന്നും ആക്രമണം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ശ?ബ്ദം കേട്ടാണ് സെയ്ഫ് അലിഖാന്‍ ഓടിയെത്തിയതെന്നും ഏലിയാമ്മ മൊഴി നല്‍കി. തുടര്‍ന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് മോഷ്ടാവ് സെയ്ഫിനെ കുത്തുകയായിരുന്നു. ഏലിയാമ്മയ്ക്കും മറ്റൊരു സ്റ്റാഫിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.