ഏകീകൃത സിവിൽ കോഡ് എന്ന വിഷയത്തിൽ ജസ്റ്റിസ് ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗമാണ് വിവാദമായത്
മുസ്ലീം വിരുദ്ധ പരാമർശത്തിൽ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്വമേധയാ കേസെടുക്കണമെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സിബിഐയോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് 13 ആഭിഭാഷകർ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തയച്ചു. വിശ്വഹിന്ദു പരിഷത്ത് പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ നടപടി വേണമെന്നാണ് ആവശ്യം.
സുപ്രീം കോടതി സെക്രട്ടറി ജനറൽ മുഖേന അയച്ച കത്തിന്റെ പകർപ്പ് മുതിർന്ന ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, എ.എസ്. ഓക്ക എന്നിവർക്കും നൽകി. അലഹബാദ് ഹൈക്കോടതി ജസ്റ്റിസായി ശേഖർ കുമാറിനെ നിയമിക്കുന്നതിനെ എതിർത്ത് കൺസൾട്ടിങ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ചീഫ് ജസ്റ്റിസിന് എഴുതിയതായും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശേഖർ കുമാറിന് മതിയായ പ്രവൃത്തിപരിചയമില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘവുമായുള്ള (ആർഎസ്എസ്) അദ്ദേഹത്തിന്റെ ബന്ധവും കാട്ടിയായിരുന്നു ചന്ദ്രചൂഢിന്റെ എതിർപ്പ്.
ഡിസംബർ 8 ന് അലഹബാദ് ഹൈക്കോടതിയിലെ ലൈബ്രറി ഹാളിൽ ഏകീകൃത സിവിൽ കോഡ് എന്ന വിഷയത്തിൽ ജസ്റ്റിസ് ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗമാണ് വിവാദമായത്. വിശ്വ ഹിന്ദു പരിഷത്തിന്റെ ലീഗൽ സെല്ലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കുട്ടിക്കാലം മുതൽ തന്നെ അക്രമം പരിചയിച്ചതിനാൽ മുസ്ലീം കുട്ടികളിൽ നിന്നും 'സഹിഷ്ണുതയും' 'ഉദാരതയും' പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു ശേഖർ കുമാർ യാദവിന്റെ പ്രസ്താവന. 'കത്മുള്ള' എന്ന അപമാനകരമായ പദവും മുസ്ലീം വിഭാഗത്തെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദുക്കളെ ചെറുപ്പം മുതലേ ദയയെക്കുറിച്ച് പഠിപ്പിക്കുന്നതിനാൽ അവരുടെ കുട്ടികള്‍ അഹിംസയും സഹിഷ്ണുതയും ഉള്ളവരാണെന്നും യാദവ് കൂട്ടിച്ചേർത്തു. ഇന്ത്യ 'ഭൂരിപക്ഷത്തിന്റെ' ആഗ്രഹത്തിനനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊൽക്കത്ത ബലാത്സംഗക്കൊല: വിചാരണക്കോടതി വിധി ഇന്ന്
ശേഖർ കുമാർ യാദവിന്റെ വിവാദ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ ഈ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തിന് വിരുദ്ധമാണ് ജസ്റ്റിന്റെ പരാമർശം എന്നായിരുന്നു ബാർ അസോസിയേഷന്‍റെ പ്രതികരണം. 2024 ഡിസംബർ 13-ന്, രാജ്യസഭയിലെ ആറ് പ്രതിപക്ഷ എംപിമാർ ചേർന്ന് ജസ്റ്റിസ് യാദവിനെതിരെ ഉപരിസഭ സെക്രട്ടറി ജനറലിന് ഇംപീച്ച്‌മെന്റ് പ്രമേയവും സമർപ്പിച്ചിരുന്നു. 'വിദ്വേഷ പ്രസംഗം' ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണെന്നും , 'സാമുദായിക സംഘർഷത്തിന്' പ്രേരിപ്പിക്കലാണെന്നുമായിരുന്നു പരാതി.
സംഭവത്തിൽ സുപ്രീംകോടതി കൊളീജിയം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ഡിസംബർ 17ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സന്ദർശിച്ചതിന് ശേഷം ചീഫ് ജസ്റ്റിസ് ബൻസാലി, ശേഖർ കുമാറിന്‍റെ പ്രതികരണം തേടി. എന്നാൽ വിവാദ പരമാർശത്തിൽ ഉറച്ച് നിൽക്കുന്നു എന്നായിരുന്നു ശേഖർ കുമാർ യാദവിന്റെ നിലപാട്. ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനമായിരുന്നു തന്റെ പ്രസംഗമെന്നാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ ബൻസാലിക്ക് നൽകിയ മറുപടിയിൽ ശേഖർ കുമാർ പറയുന്നത്.