എലപ്പുള്ളി പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ അപ്പുക്കുട്ടനാണ് ഇടനിലക്കാരനായത്.
പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് സ്ഥലം ഏറ്റെടുക്കാന്‍ ഒയാസിസ് കമ്പനിക്ക് ഇടനിലക്കാരനായത് കോണ്‍ഗ്രസ് നേതാവ്. എലപ്പുള്ളി പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ അപ്പുക്കുട്ടനാണ് ഇടനിലക്കാരനായത്. അഞ്ച് പേരില്‍ നിന്നായി 22 ഏക്കര്‍ ഭൂമിയാണ് വാങ്ങി നല്‍കിയതെന്ന് അപ്പുക്കുട്ടന്‍ പറഞ്ഞു. മദ്യക്കമ്പനിയ്ക്കാണ് സ്ഥലമെന്ന് അറിയില്ലായിരുന്നുവെന്നും അപ്പുക്കുട്ടന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
'എന്തിനാണ് സ്ഥലം എന്ന് ചോദിച്ചപ്പോള്‍ ഒരു കമ്പനി ആവശ്യത്തിനാണ് എന്നാണ് പറഞ്ഞത്. എന്ത് കമ്പനിയാണെന്ന് ചോദിച്ചപ്പോള്‍ അത് തീരുമാനമായിട്ടില്ല എന്നാണ് പറഞ്ഞത്. അംഗീകാരം കിട്ടിയിട്ടില്ല, അത് കിട്ടുമ്പോള്‍ അറിയിക്കാം എന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം എടുത്തുകൊടുത്തത്. ഞാന്‍ ഒരു ബ്രോക്കറുകാരനാണ്. ഇതിന് വേണ്ടിയാണെന്ന് അറിഞ്ഞാല്‍ ചിലപ്പോള്‍ ഞാന്‍ അത് കൊടുക്കില്ലായിരുന്നു. പക്ഷെ ആ സമയത്ത് അവര്‍ സത്യം പറഞ്ഞില്ല. ഇപ്പോഴാണ് ഇതിന്റെ സത്യാവസ്ഥ ഞാനും അറിഞ്ഞത്,' അപ്പുക്കുട്ടന്‍ പറഞ്ഞു.
ALSO READ: പാലക്കാട് കഞ്ചിക്കോട് ബ്രൂവറി; ഉത്തരവ് പുറത്തിറങ്ങി
അഞ്ച് പേരില്‍ നിന്നായി 22 ഏക്കര്‍ ഭൂമിയാണ് വാങ്ങി നല്‍കിയത്. 2022ലാണ് സ്ഥലം വാങ്ങി നല്‍കിയത്. ഒരു ഏക്കറിന് 20-25 ലക്ഷം വരെ വില നല്‍കിയിരുന്നുവെന്നും അപ്പുക്കുട്ടന്‍ പറഞ്ഞു.
അതേസമയം പാലക്കാട് കഞ്ചിക്കോട് ബ്രൂവറിക്ക് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. ഒയാസിസ് കമ്പനിക്ക് പ്രാരംഭ അനുമതി നല്‍കികൊണ്ടാണ് ഉത്തരവ്. നാല് ഘട്ടമായാണ് പദ്ധതി നടപ്പാക്കുകയെന്നും ഒന്നാം ഘട്ടത്തില്‍ ബോട്ട്‌ലിംഗ് യൂണിറ്റ്, രണ്ടാം ഘട്ടമായി എഥനോള്‍ നിര്‍മാണം, മൂന്നാം ഘട്ടമായി പ്ലാന്റ്, നാലാം ഘട്ടമായി ബ്രൂവറി എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജലം നല്‍കുന്നതിന് വാട്ടര്‍ അതോരിറ്റിയുടെ അനുമതിയുണ്ടാകുമെന്നും എക്‌സൈസ് വകുപ്പ് പറയുന്നു. 600 കോടി മുതല്‍മുടക്കുള്ള പദ്ധതിയാണിത്. റെയിന്‍ ഹാര്‍വെസ്റ്റിംഗ് പദ്ധതിയും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ പദ്ധതിയില്‍ ജലചൂഷണം ഉണ്ടാകില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്.
അസംസ്‌കൃത വസ്തുവായി കാര്‍ഷിക വിളകളും ഉപയോഗിക്കുന്നതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് സഹായകരമാണെന്നാണ് സര്‍ക്കാര്‍ അവകാശവാദം. അതേസമയം ബ്രൂവറിക്കെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുന്നതിനിടെയാണ് ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.