അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ജനുവരി 18ന് കേസിൽ വിധി വരുന്നത്
രാജ്യത്തെ മുഴുവൻ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകം. 31 കാരിയായ ഒരു ജൂനിയർ ഡോക്ടറുടെ അതിദാരുണമായ കൊലപാതക വാർത്തയുമായാണ് ഓഗസ്റ്റ് മാസത്തിലെ ആ പകൽ ആരംഭിച്ചത്. പിന്നീട് ഇതൊരു ബലാത്സംഗക്കൊലയാണെന്ന് പുറത്തുവന്നു. കേസിൽ പൊലീസും ആശുപത്രി അധികൃതരും കള്ളക്കള്ളികൾ നടത്തുന്നുവെന്ന ആരോപണങ്ങൾ ഉയർന്നു. പിന്നാലെ നീണ്ട കാലം ബംഗാളിലെ തെരുവുകളെ പ്രക്ഷുബ്ധമാക്കിയ രാപ്പകൽ സമരങ്ങൾ ആരംഭിച്ചു. അതിന്റെ അലയൊലികൾ ഇപ്പോഴും ഇന്ത്യൻ തെരുവുകളിൽ നിന്നും ഒഴിഞ്ഞിട്ടില്ല. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ജോലി സമയം, സുരക്ഷ എന്നിവയെപ്പറ്റി വലിയ ചോദ്യങ്ങൾക്ക് ഈ സംഭവം കാരണമായി. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ജനുവരി 18ന് കേസിൽ വിധി വരുന്നത്.
Also Read: കൊൽക്കത്ത ബലാത്സംഗക്കൊല: വിചാരണക്കോടതി വിധി ഇന്ന്
2024 ഓഗസ്റ്റ് 9: നാടിനെ നടുക്കിയ ബലാത്സംഗക്കൊല
31 വയസ്സുള്ള ജൂനിയർ ഡോക്ടറുടെ മൃതദേഹം ആർജി കർ മെഡിക്കൽ കോളേജിലെ നാലാം നിലയിലുള്ള സെമിനാർ ഹാളിൽ കണ്ടെത്തി. മൃതദേഹത്തില്‍ 16 ബാഹ്യ പരിക്കുകളും ഒമ്പത് ആന്തരിക പരിക്കുകളും ഉണ്ടായിരുന്നു. ലൈംഗികാതിക്രമത്തെത്തുടർന്ന് കൈകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പിന്നീട് സ്ഥിരീകരിച്ചു.
2024 ഓഗസ്റ്റ് 10: പ്രതി പിടിയിൽ
28 വയസ്സുള്ള ട്രാഫിക് പൊലീസ് വളണ്ടിയർ സഞ്ജയ് റോയ് എന്ന പ്രതിയെ 2024 ഓഗസ്റ്റ് 10 ന് അറസ്റ്റ് ചെയ്തു. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് സഹായമായത്. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഇയാള്‍ ഈ ഹെഡ്സെറ്റുമായി സെമിനാർ ഹാളിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തിയിരുന്നു.
2024 ഓഗസ്റ്റ് 12: ആർജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവെയ്ക്കുന്നു
പശ്ചിമ ബംഗാൾ സർക്കാർ ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി. ഫെഡറേഷൻ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ (FORDA) രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. FORDA മെഡിക്കൽ സേവനങ്ങൾ പൂർണമായും നിർത്തിവച്ചു. തുടർന്ന് ആശുപത്രി പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവച്ചു.
2024 ഓഗസ്റ്റ് 13: കേസ് സിബിഐക്ക്
കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളും സഹപ്രവർത്തകരും ചേർന്ന് പൊലീസിലുള്ള അവിശ്വാസം ചൂണ്ടിക്കാട്ടി കൽക്കട്ട ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അന്വേഷണ ചുമതല സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) നൽകണമെന്നായിരുന്നു ആവശ്യം. ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി.
പ്രതിഷേധങ്ങൾ വർദ്ധിപ്പിച്ച ഡോക്ടർമാർ ജോലിയിലേക്ക് മടങ്ങാൻ വിസമ്മതിച്ചു. ഇന്ത്യയിലുടനീളമുള്ള ആശുപത്രികളിലെ സേവനങ്ങൾ തടസ്സപ്പെട്ടു.
2024 ഓഗസ്റ്റ് 14: മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഇടപെട്ടു. ഓഗസ്റ്റ് 14 ന് കൊൽക്കത്ത പൊലീസ് സഞ്ജയ് റോയിയെ ഔദ്യോഗികമായി സിബിഐക്ക് കൈമാറി.
2024 ഓഗസ്റ്റ് 15: മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, സ്ത്രീകൾക്ക് നീതിയും സംരക്ഷണവും ആവശ്യപ്പെട്ട് സ്ത്രീകളും ആക്ടിവിസ്റ്റുകളും 'റീക്ലെയിം ദി നൈറ്റ്' റാലികൾ സംഘടിപ്പിച്ചു.
ആർജി കർ മെഡിക്കൽ കോളേജിൽ, പ്രതിഷേധങ്ങൾ അക്രമാസക്തമായി. അജ്ഞാതരുടെ സംഘം ആശുപത്രിയും കുറ്റകൃത്യം നടന്ന സ്ഥലവും നശിപ്പിച്ചു. ദേശീയ വനിതാ കമ്മീഷൻ (NCW) അധികാരികളിൽ സുരക്ഷാ വീഴ്ചകൾ ആരോപിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് പെട്ടെന്ന് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിൽ കമ്മീഷൻ ആശങ്കയും പ്രകടിപ്പിച്ചു.
2024 ഓഗസ്റ്റ് 17: രാജ്യവ്യാപകമായ പ്രതിഷേധം
ഇരയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഐഎംഎ 24 മണിക്കൂർ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.
2024 ഓഗസ്റ്റ് 20: സുപ്രീം കോടതി ഇടപെടൽ
രാജ്യത്തെ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷയ്ക്കായി പ്രോട്ടോക്കോൾ നിർദേശിക്കാൻ 10 ആംഗ നാഷണൽ ടാസ്ക് ഫോഴിസിന് സുപ്രീം കോടതി രൂപം നൽകി
2024 ഓഗസ്റ്റ് 28: ബിജെപി പണിമുടക്ക്
പശ്ചിമ ബംഗാൾ സെക്രട്ടറിയേറ്റിലേക്കുള്ള നബന്ന അഭിജൻ മാർച്ചിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു.
സെപ്റ്റംബർ : സഞ്ജയ് ഘോഷിന്‍റെ അറസ്റ്റ്
രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്ന് സന്ദീപ് ഘോഷിന്റെയും ആശുപത്രിയുമായി ബന്ധപ്പെട്ട നിരവധി പേരുടെയും വീടുകൾ സിബിഐ റെയ്ഡ് ചെയ്തു.
സെപ്റ്റംബർ പകുതിയോടെ, തെളിവുകൾ നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് സിബിഐ ഘോഷിനെ അറസ്റ്റ് ചെയ്തു. എഫ്‌ഐആർ ഫയൽ ചെയ്യുന്നത് വൈകിയതിന് താല പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ അഭിജിത് മൊണ്ടലിനെയും കസ്റ്റഡിയിലെടുത്തു.
ഓക്ടോബർ: സിബിഐ കുറ്റപത്രം
സഞ്ജയ് റോയിക്കെതിരെ ഔദ്യോഗികമായി കുറ്റപത്രം സമർപ്പിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം ബലാത്സംഗം, കൊലപാതകം എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങള്‍ റോയിക്കെതിരെ ചുമത്തി.
ഡിസംബർ: സന്ദീപ് ഘോഷിന് ജാമ്യം
നിയമപരമായ 90 ദിവസത്തിനുള്ളിൽ സിബിഐ കുറ്റപത്രം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കോടതി സന്ദീപ് ഘോഷിനും അഭിജിത് മൊണ്ടലിനും ജാമ്യം അനുവദിച്ചു. കുറ്റകൃത്യത്തെപ്പറ്റി സന്ദീപ് ഘോഷിന് കേസ് റിപ്പോർട്ട് ചെയ്യും മുൻപ് തന്നെ അറിവുണ്ടായിരുന്നു എന്ന ആരോപണം ഉയർന്നു. സാമ്പത്തിക ക്രമക്കേടുകൾക്ക് ഘോഷിനെതിരെ ഇഡി അന്വേഷണം തുടർന്നു.
അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്നും പുതിയ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇരയുടെ മാതാപിതാക്കൾ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു.
2025 ജനുവരി: വിധി
ജനുവരി 16-ന് സീൽഡ കോടതിയിൽ അന്തിമ വാദം കേൾക്കൽ അവസാനിച്ചു. വിധി പറയുന്നത് ജനുവരി 18ലേക്ക് മാറ്റി.