ചന്ദ്ര ആര്യയുടെ സ്ഥാനാർഥിത്വം ആഗോള രാഷ്‌ട്രീയത്തിലെ ഇന്ത്യൻ വംശജർക്ക് പ്രചോദനമായിരുക്കുമെന്ന് ഇന്ത്യൻ പ്രവാസികൾ അഭിപ്രായപ്പെട്ടു.
കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഇന്ത്യൻ വംശജൻ. കർണാടകയിൽ നിന്നുള്ള കനേഡിയൻ പാർലമെൻ്റ് അംഗം ചന്ദ്ര ആര്യയാണ് പ്രധാനമന്ത്രി സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാതൃഭാഷയായ കന്നഡിയിലായിരുന്നു ആര്യ പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. 'ഇന്ത്യയുടെ യഥാർഥ വക്താവ്' എന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ച വ്യക്തി കൂടിയാണ് ചന്ദ്ര ആര്യ.
കർണാടകയിലെ തുംകൂർ ജില്ലാ സ്വദേശിയാണ് ചന്ദ്ര ആര്യ. ധാർവാഡിൽ നിന്ന് എംബിഎ ചെയ്ത ശേഷം ഇയാൾ കാനഡയിലേക്ക് പോകുകയായിരുന്നു. പിന്നാലെ കാനഡയിലെ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ചന്ദ്ര ആര്യ ഇതിനോടകം തന്നെ കാനഡയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ആര്യയുടെ സ്ഥാനാർഥിത്വം ആഗോള രാഷ്‌ട്രീയത്തിലെ ഇന്ത്യൻ വംശജർക്ക് പ്രചോദനമായിരുക്കുമെന്ന് ഇന്ത്യൻ പ്രവാസികൾ അഭിപ്രായപ്പെട്ടു.
ALSO READ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെച്ചു
കാനഡ ഘടനാപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നെന്നും, അതിന് പരിഹാരങ്ങൾ ആവശ്യമാണെന്നും ആര്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. "നമ്മുടെ രാഷ്ട്രത്തെ പുനർനിർമിക്കുന്നതിനും ഭാവി തലമുറയ്ക്ക് അഭിവൃദ്ധി ഉറപ്പാക്കുന്നതിനും ചെറിയ, കൂടുതൽ കാര്യക്ഷമമായ സർക്കാർ ആവശ്യമാണ്. ഈ സർക്കാരിനെ നയിക്കാൻ കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഞാൻ ഇറങ്ങുകയാണ്", ആര്യ എക്സിലൂടെ വ്യക്തമാക്കി.
"കനേഡിയൻമാർക്ക് ഏറ്റവും മികച്ചത് ലഭ്യമാക്കാൻ ഞാൻ എപ്പോഴും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കാനഡക്കാരുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കും വേണ്ടി നമ്മൾ ധീരമായ തീരുമാനങ്ങൾ എടുക്കണം. ലിബറൽ പാർട്ടിയുടെ അടുത്ത നേതാവായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ എൻ്റെ അറിവും വൈദഗ്ധ്യവും രാജ്യത്തിനായി ഉപയോഗിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു", ആര്യ എക്സ് പോസ്റ്റിൽ പറയുന്നു.
ALSO READ: കനേഡിയന്‍ രാഷ്ട്രീയത്തില്‍നിന്ന് നിഷ്കാസിതനാകുന്ന 'ഗോള്‍ഡന്‍ ബോയ്'
ജനുവരി ഏഴിനാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെച്ചത്. പുതിയ നേതാവിനെ പാര്‍ട്ടി തീരുമാനിക്കുംവരെ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ അറിയിച്ചിരുന്നു. പാർട്ടിക്കുള്ളിൽ പിന്തുണ നഷ്‌ടപ്പെടുന്നതും വോട്ടെടുപ്പുകളിലെ കുറഞ്ഞ ജനപ്രീതിയും കാരണമാണ് തീരുമാനം. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി പരാജയപ്പെടുമെന്ന സർവെ ഫലങ്ങൾ പുറത്തുവന്നിരുന്നു.