fbwpx
കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Jan, 2025 04:39 PM

ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ നിന്ന് ഓ​ഗസ്റ്റ് 7നാണ് 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്

NATIONAL


കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കളാഴ്ചയാകും ശിക്ഷാ വിധി പ്രഖ്യാപിക്കുക. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സിയാല്‍ദാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിർബൻ ദാസാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബർ 7 നാണ് പ്രതി സഞ്ജയ് റോയിക്കെതിരെയുള്ള കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ ആരംഭിച്ച് 57 ദിവസങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. നവംബർ 12 ന് ആരംഭിച്ച രഹസ്യ വിചാരണയില്‍ ജനുവരി 9 നാണ്  വാദം കേൾക്കൽ അവസാനിച്ചത്. കേസില്‍ 50 സാക്ഷികളെയാണ് വിസ്തരിച്ചത്.


Also Read: നാടിനെ നടുക്കിയ ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സം​ഗക്കൊല; കേസിന്‍റെ നാള്‍വഴികള്‍


പൊലീസിന്റെ സിവിക് വോളണ്ടിയറായിരുന്ന സഞ്ജയ് റോയിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64 (ബലാത്സം​ഗം), സെക്ഷൻ 66, സെക്ഷൻ 103 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷനിലെ മുൻ ഓഫീസർ ഇൻ-ചാർജ് അഭിജിത് മൊണ്ടല്‍ എന്നിവർക്കെതിരെ തെളിവുകൾ നശിപ്പിച്ചതിനും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ അറസ്റ്റും ചെയ്തിരുന്നു. എന്നാല്‍ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടതിനെത്തുടർന്ന് കോടതി സന്ദീപ് ഘോഷിനും അഭിജിത് മൊണ്ടലിനും ജാമ്യം അനുവദിക്കുകയായിരുന്നു.

പശ്ചിമ ബം​ഗാൾ സർക്കാരിന് കീഴിലുള്ള ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ നിന്ന് ഓ​ഗസ്റ്റ് 9നാണ് 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.


Also Read: കൊൽക്കത്ത ബലാത്സംഗക്കൊല: വിചാരണക്കോടതി വിധി ഇന്ന്


സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതി സഞ്ജയ് റോയിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് സഹായമായത്. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഇയാള്‍ ഈ ഹെഡ്സെറ്റുമായി സെമിനാർ ഹാളിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തിയിരുന്നു.


എന്നാൽ, കേസിനു പിന്നിൽ ആശുപത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റാണെന്നും പൊലീസും സർക്കാരും അന്വേഷണം അട്ടിമറിക്കുന്നുവെന്നും കാട്ടി ജൂനിയർ ഡോക്ടർമാർ പ്രതിഷേധം ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളും സമാനമായ ആരോപണങ്ങളുമായി രം​ഗത്തെത്തി. ഇതിനു പിന്നാലെയാണ് കൽക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. സുപ്രീം കോടതിയും സംഭവത്തിൽ സ്വമേധയാ കേസെടുത്തു. രാജ്യത്തെ ഡോക്ടർമാരുടെയും ആരോ​ഗ്യ പ്രവർത്തകരുടെയും സുരക്ഷയ്ക്കായി പ്രോട്ടോക്കോൾ നിർദേശിക്കാൻ നാഷണൽ ടാസ്ക് ഫോഴിസും സുപ്രീം കോടതി രൂപം നൽകിയിരുന്നു. കഴിഞ്ഞ നവംബറിലാണ് പരമോന്നത കോടതിക്ക് മുൻപാകെ എൻടിഎഫ് റിപ്പോർട്ട് സമർപ്പിച്ചത്.


Also Read: സുരക്ഷിതമായ തൊഴിലിടങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് അന്യമാകുമ്പോൾ...


കൊൽക്കത്ത പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലായെന്ന് വ്യക്തമാക്കിയിരുന്ന ജൂനിയർ ഡോക്ടറുടെ മാതാപിതാക്കൾ ഏതാനും ആഴ്ചകൾക്ക് മുൻപ് സിബിഐയുടെ അന്വേഷണത്തിലും അതൃപ്തി അറിയിച്ചിരുന്നു.


ജൂനിയർ ഡോക്ടറുടെ കൊലപാതകം പശ്ചിമ ബം​ഗാളിലെ സ്ത്രീകളുടെ സുരക്ഷയെപ്പറ്റി വലിയ ചോദ്യങ്ങൾക്ക് കാരണമായിരുന്നു. മാത്രമല്ല ആർജി കർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് വലിയ തോതിൽ അഴിമതികളും കൊലപാതകത്തിനൊപ്പം ഉയർന്നുവന്നു. ജൂനിയർ ഡോക്ടർമാരുടെ നീണ്ടകാലത്തെ നിരാഹാര സമരത്തിനൊപ്പം വനിതാ സംഘടനകളും പ്രതിഷേധവുമായി ​രം​ഗത്തെത്തിയതോടെ മമതാ ബാർജി സർക്കാർ പ്രതിരോധത്തിലായി. പ്രതിഷേധങ്ങളെ തുടർന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണറെയും പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായി. സ്ത്രീകൾ നടത്തിയ 'റീക്ലെയിം ദി നൈറ്റ്'  മാർച്ചുകളായിരുന്നു പ്രതിഷേധങ്ങളുടെ പ്രധാന ആകർഷണം. രാഷ്ട്രീയ പാർട്ടികളെ പ്രകടനത്തിൽ നിന്ന് അകറ്റി നിർത്താൻ പ്രതിഷേധക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.


FOOTBALL
ഹൈലാൻഡേഴ്സിനെ കൊമ്പന്മാർ കുത്തിമലർത്തുമോ? പ്രതിഷേധങ്ങൾക്ക് നടുവിൽ ഹാട്രിക് ജയം തേടി ബ്ലാസ്റ്റേഴ്‌സ്
Also Read
user
Share This

Popular

NATIONAL
KERALA
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: മധ്യപ്രദേശിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ