പാകിസ്ഥാനികളും കിഴക്ക് പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്
പടിഞ്ഞാറൻ ആഫ്രിക്കയിലെ അറ്റ്ലാൻ്റിക് തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് നാൽപ്പതിലധികം പാകിസ്ഥാനികൾ കൊല്ലപ്പെട്ടു. സ്പെയ്നിലേക്കുള്ള യാത്രയ്ക്കിടെ മൊറോക്കോയ്ക്കു സമീപമാണ് അപകടമുണ്ടായത്. മൌറിറ്റാനിയയിൽ നിന്ന് പുറപ്പെട്ട ബോട്ടിൽ എൺപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പാകിസ്ഥാനികളും കിഴക്ക് പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
ജനുവരി രണ്ടിനാണ് കുടിയേറ്റക്കാർ മൌറിറ്റാനിയയിൽ നിന്ന് യാത്ര തുടങ്ങിയത്. യാത്രാമധ്യേ ബോട്ട് മറിയുകയായിരുന്നു. ബോട്ടിൽ 66 പാകിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 86 അനധികൃത കുടിയേറ്റക്കാരുണ്ടായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ 36 പേരെ മൊറോക്കൻ അധികൃതർ രക്ഷപ്പെടുത്തി.
അപകടത്തിൽ 50 പേർ മരിച്ചെന്നും, ഇവരിൽ 44 പേർ പാക്കിസ്ഥാനികളാണെന്നും സ്‌പെയിൻ ആസ്ഥാനമായുള്ള കുടിയേറ്റ അവകാശ സംഘടനയായ വാക്കിംഗ് ബോർഡേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന് പിന്നാലെ പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. മനുഷ്യക്കടത്ത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.
രക്ഷപ്പെട്ട കുടിയേറ്റക്കാരെ ദഖ്‌ലയ്ക്ക് സമീപമുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ പഞ്ചാബിലെ നഗരങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. യൂറോപ്യൻ യൂണിയൻസ് ബോർഡർ ഏജൻസിയായ ഫ്രോണ്ടക്സിൻ്റെ റിപ്പോർട്ടു പ്രകാരം, വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് പാകിസ്ഥാനികളുൾപ്പെടെ 50,000-ത്തിലധികം കുടിയേറ്റക്കാരാണ് കഴിഞ്ഞ വർഷം മാത്രം യാത്ര ചെയ്തിരിക്കുന്നത്.