യഷും ഗീതുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
ടോക്സിക് സിനിമയുടെ ബർത്ത് ഡേ പീക്ക് പുറത്തുവിട്ടതിനു പിന്നാലെ നായകൻ യഷിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായക ഗീതു മോഹൻദാസ്. മോൺസ്റ്റർ മൈൻഡിന് പിറന്നാൾ ആശംസകൾ എന്നാണ് സംവിധായിക എക്സിൽ കുറിച്ചത്. യഷിന്റെ ചിത്രത്തിനൊപ്പം തന്നെ ആകർഷിച്ച അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളും ഗീതു മോഹൻദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2019ൽ പുറത്തിറങ്ങിയ മൂത്തോന്‍ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ടോക്‌സിക്. നിരൂപക പ്രശംസ നേടിയപ്പോഴും സാമ്പത്തികമായി പരാജയപ്പെട്ട ചിത്രമായിരുന്നു മൂത്തോന്‍. കെജിഎഫിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി ഉയർന്ന കന്നഡ താരം യഷിന്റെ അടുത്ത ചിത്രം ഗീതുവിനൊപ്പമാണെന്നത് വലിയ വാർത്തകൾക്ക് കാരണമായിരുന്നു. വൻ ബജറ്റിൽ ഒരുങ്ങുന്ന യഷ് ചിത്രത്തിന്‍റെ സംവിധായികയായി ഗീതു എത്തിയപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ യഷിന്റെ പിറന്നാൾ ദിനം ഇറങ്ങിയ ടോക്സിക്കിന്റെ ബർത്ത് ഡേ പീക്ക് സമൂഹമാധ്യമങ്ങളിൽ കയ്യടി നേടി വിമർശകരുടെ നാവടപ്പിച്ചിരിക്കുകയാണ്. ടീസറിൽ ഗ്ലാമറും യഷിന്റെ സ്വാഗും എല്ലാം പ്രകടമാണ്. എ ഫയറി ടെയിൽ ഫോർ അഡൾട്സ് (മുതിർന്നവർക്കുള്ള ഒരു അമ്മുമ്മക്കഥ) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
യഷും ഗീതുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂക്ഷ്മതയുള്ളതുപോലെ നിഗൂഢവുമാണ് യഷിന്റെ എഴുത്തു രീതിയെന്നാണ് ഗീതു തന്റെ കുറിപ്പിൽ പറയുന്നത്. മറ്റുള്ളവർ സാധാരണമായി കാണുന്നതിനെ അസാധാരണമായി കാണുന്ന ഒരു മനസ്സിനൊപ്പം സഹകരിച്ച് ടോക്സിക്കിലെ ലോകത്തെപ്പറ്റി എഴുതാൻ കഴിഞ്ഞത് പ്രിവിലേജും ആവേശവുമാണെന്നും ഗീതു കുറിച്ചു.
ഞങ്ങളുടെ രണ്ട് ചിന്താ ലോകങ്ങൾ കൂട്ടിമുട്ടുമ്പോൾ, ഫലം വിട്ടുവീഴ്ചയോ കുഴപ്പമോ ആയിരുന്നില്ല - അതിർത്തികൾ, ഭാഷകൾ, സാംസ്കാരിക പരിധികൾ എന്നിവയെ മറികടന്ന് വാണിജ്യപരമായ കഥപറച്ചിലിന്റെ കൃത്യതയും കലാപരമായ ദർശനവും കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന പരിവർത്തനമാണ് സംഭവിച്ചത് - ഗീതു ഇങ്ങനെ കുറിക്കുമ്പോൾ ഇരുവരുടെയും കൂട്ടുകെട്ടിനെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയായി അത് മാറി.
കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്ന് നിർമിക്കുന്ന ടോക്സികിന്റെ പ്രൊഡക്ഷന്‍ പൂർത്തിയായിട്ടില്ല. ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി എന്നിവരുൾപ്പെടെ ഒരു വലിയ താരനിര തന്നെ ഉണ്ടെന്നാണ് റിപ്പോർട്ട്. മുഴുവൻ അഭിനേതാക്കളെക്കുറിച്ചും പ്രൊഡക്ഷന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.