യുകെയിലെ ലീവ്‌സ്‌ഡെന്‍ സ്റ്റുഡിയോസില്‍ വെച്ചാണ് സീരീസിന്റെ ചിത്രീകരണം നടക്കുക
പ്രശസ്ത ബ്രിട്ടിഷ് സിനിമയായ ഹാരി പോട്ടര്‍ സീരീസാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 2025 സമ്മറില്‍ സീരീസിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. യുകെയിലെ ലീവ്‌സ്‌ഡെന്‍ സ്റ്റുഡിയോസില്‍ വെച്ചാണ് സീരീസിന്റെ ചിത്രീകരണം നടക്കുക. ഇവിടെ വെച്ച് തന്നെയാണ് ഹാരി പോട്ടര്‍ സിനിമകളും ചിത്രീകരിച്ചത് എന്ന പ്രത്യേകതയും ഉണ്ട്.
ഫ്രാന്‍സെസ്‌ക ഗാര്‍ഡിനര്‍ ആണ് സീരീസിന്റെ ഷോ റണ്ണര്‍. മാര്‍ക്ക് മൈലോഡാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഇരുവരും സീരീസിന്റെ ഓഡീഷനുമായി ബന്ധപ്പെട്ട് പുതിയ വിവിരങ്ങള്‍ പുറത്തുവിട്ടു. ഏകദേശം 32,000 കുട്ടികളെയാണ് സീരീസിനായി ഓഡീഷന്‍ ചെയ്തത് എന്നാണ് ഇവര്‍ പറയുന്നത്. അതില്‍ ഹാരി പോട്ടര്‍, റോണ്‍ വീസ്ലി, ഹെര്‍മാണി ഗ്രേന്‍ഞ്ചര്‍ എന്നീ കേന്ദ്ര കഥാപാത്രങ്ങള്‍ക്കായുള്ള തിരച്ചിലും നടന്നിരുന്നു. ഡാനിയല്‍ റാഡ്ക്ലിഫ്, റൂപേര്‍ട്ട് ഗ്രിന്റ്, എമാ വാട്ട്‌സണ്‍ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിലവില്‍ ഒരു കഥാപാത്രങ്ങളെയും സ്ഥിരീകരിച്ചിട്ടില്ല. ദിവസേന 500 മുതല്‍ 1000 വരെ ഓഡീഷന്‍ ടേപ്പുകള്‍ നിര്‍മാതാക്കള്‍ കാണുന്നുണ്ട്. ജനുവരിയോട് കൂടി അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എഴുത്തുകാരിയും ഷോറണ്ണറുമായ ഫ്രാന്‍സിസ്‌കാ ഗാര്‍ഡിനര്‍ കഥാപാത്രങ്ങളുടെ പ്രായത്തിന് അനുസരിച്ച് അഭിനേതാക്കളെ തിരഞ്ഞെടുക്കുമെന്ന് അറിയിച്ചു.
ഹാരി പോട്ടര്‍ ഫ്രാഞ്ചൈസിലെ പ്രശസ്ത കഥാപാത്രമായ സെവറസ് സ്‌നെയ്പിനെ അവതരിപ്പിച്ചത് അലന്‍ റിക്മാനാണ്. 2016ല്‍ അദ്ദേഹം അന്തരിച്ചിരുന്നു. അദ്ദേഹത്തിന് പകരം വെക്കാന്‍ ആരുമില്ലെന്ന് പറയുമ്പോഴും അതേ ഉര്‍ജ്ജത്തോടെ അഭിനയിക്കുന്ന ഒരു നടനെ കഥാപാത്രത്തിനായി കണ്ടെത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം വോള്‍ഡമോര്‍ട്ട് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ കിലിയന്‍ മര്‍ഫി ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.