ഏജന്റുമാരുടെ തട്ടിപ്പിനിരയായി റഷ്യൻ കൂലി പട്ടാളത്തിന്റെ ഭാഗമായ ജെയ്ൻ അടക്കമുള്ളവർക്ക് ഒരു വർഷത്തെ കരാറാണ് റഷ്യൻ ആർമിയുമായി ഒപ്പിടേണ്ടിവന്നത്
യുക്രെയ്നുമായുള്ള യുദ്ധത്തിനിടെ പരിക്കേറ്റ് റഷ്യയിൽ ചികിത്സയിൽ കഴിയുന്ന മലയാളി യുവാവിനെ വീണ്ടും റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കാൻ നീക്കം. ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ വടക്കാഞ്ചേരി സ്വദേശി ജെയ്ൻ കുര്യനാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. മോചനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന ജെയ്നിന്റെ സഹായ അഭ്യർത്ഥന ന്യൂസ് മലയാളത്തിൽ ലഭിച്ചു.
Also Read: കുഞ്ഞാലി മുതല്‍ അന്‍വർ വരെ; നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം
കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യ കടത്തിനും ജോലി തട്ടിപ്പിനും ഇരയായി ഒരു വർഷത്തിലേറെയായി റഷ്യയിൽ കുടുങ്ങിക്കിടക്കുകയാണ് വടക്കാഞ്ചേരി, കുറാഞ്ചേരി സ്വദേശിയായ ജെയ്ൻ കുര്യൻ. റഷ്യൻ ആർമിയുടെ ഭാഗമായി യുദ്ധമുഖത്ത് ജോലി ചെയ്യുന്നതിനിടെയാണ് ജനുവരി ഏഴിന് ഷെല്ലാക്രമണത്തിൽ ജെയ്നിന് ഗുരുതരമായി പരിക്കേൽക്കുന്നത്. ഒപ്പം ജോലി നോക്കിയിരുന്ന സഹോദരി ഭർത്താവ് ബിനിൽ ബാബു യുദ്ധത്തിൽ മരിച്ചത് ആശുപത്രി കിടക്കയിൽ വച്ചാണ് ജെയ്ൻ ബന്ധുക്കളെ അറിയിച്ചത്. ന്യൂസ് മലയാളം അടക്കമുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതോടെ അടിയന്തര സർക്കാർ ഇടപെടൽ ഉണ്ടാവുകയും ജയിന്റെ മോചനത്തിനായും വിനിലിന്റെ മൃതദേഹം വിട്ടു കിട്ടാനുമുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ മൂന്നുമാസത്തിലേറെയായി ഇക്കാര്യങ്ങളിൽ പുരോഗതി ഇല്ലാതിരിക്കുമ്പോഴാണ് പട്ടാളത്തിലേക്ക് തിരികെ മടങ്ങണമെന്നുള്ള അറിയിപ്പ് ജെയ്നിന് വീണ്ടും ലഭിക്കുന്നത്.
ഏജന്റുമാരുടെ തട്ടിപ്പിനിരയായി റഷ്യൻ കൂലി പട്ടാളത്തിന്റെ ഭാഗമായ ജെയ്ൻ അടക്കമുള്ളവർക്ക് ഒരു വർഷത്തെ കരാറാണ് റഷ്യൻ ആർമിയുമായി ഒപ്പിടേണ്ടിവന്നത്. എന്നാൽ ഏപ്രിൽ 14ന് ഈ കരാർ അവസാനിച്ചിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് പരിക്കിൽ നിന്നും പൂർണമായും മോചിതനാകാത്ത തന്നെ വീണ്ടും കൂലി പട്ടാളത്തിൻ്റെ ഭാഗമാക്കാൻ നീക്കം നടക്കുന്നത് എന്നും ജെയ്ൻ പറയുന്നു. ജനുവരിയിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ബിനിൽ ബാബു മരിക്കുകയും ജെയ്ൻ കുര്യന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതോടെ വിഷയത്തിൽ ഇടപെടുമെന്നും തുടർനടപടികൾ വേഗത്തിലാക്കും എന്നും കേന്ദ്രസർക്കാരും വിദേശകാര്യമന്ത്രാലയവും അറിയിച്ചിരുന്നു. എന്നാൽ ബിനിലിന്റെ മൃതദേഹം വിട്ടുകിട്ടുന്ന കാര്യത്തിൽ അടക്കം മാസങ്ങൾ പിന്നിട്ടിട്ടും തുടർനടപടികൾ ഇല്ലാതായതോടെ കടുത്ത മാനസിക പ്രയാസത്തിലും ദുഃഖത്തിലും ആണ് ഇരുവരുടെയും കുടുംബങ്ങൾ.