ഇവിടുള്ളവർ ജീവനേക്കാൾ വില കൽപിക്കുന്നത് വെള്ളത്തിനാണ്. അതുകൊണ്ട് തന്നെയാണ് കാലൊന്ന് വഴുതിയാൽ മരണത്തിലേക്ക് വീഴുമെന്ന് അറിഞ്ഞിട്ടും സ്ത്രീകൾ ഇതൊന്നും വകവയ്ക്കാതെ വെള്ളത്തിനായി കിണറുകളിലേക്ക് ഇറങ്ങുകയാണ്.
മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ കടുത്ത ജലക്ഷാമത്താൽ വലയുകയാണ്.. കൊടും വേനലിൽ കിലോമീറ്ററുകളോളം നടന്ന് ആഴമുള്ള കിണറുകളിൽ ഇറങ്ങിയാണ് പല കുടുംബങ്ങളും വെള്ളം ശേഖരിക്കുന്നത്. സ്ത്രീകളാണ് ജീവൻ പണയം വെച്ച് തകർന്നുവീഴാറായ കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നത്.
ഈ കാഴ്ച മഹാരാഷ്ട്രയിലോ ഉത്തരേന്ത്യയിലോ ഉള്ളവർക്ക് അതിശയകരമായി തോന്നില്ല. കാരണം എല്ലാ വേനലിലും മിക്ക ഗ്രാമ പ്രദേശങ്ങളിലെയും പതിവ് കാഴ്ചയാണിത്. ഗ്രാമങ്ങളിലുള്ളവർ ആഴമേറിയ വലിയ പൊതു കിണറുകളെയാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്. വരൾച ബാധിത പ്രദേശങ്ങളിലെ കിണറുകൾ പലപ്പോഴും ആഴമേറിയതാകും. കാലപ്പഴക്കം കൊണ്ട് തകർന്ന് വീഴാറായ നിലയിലാകും പല കിണറുകളും. സമാനാവസ്ഥയാണ് മഹാരാഷ്ട്രയിലെ ബോർ കി ബാരി ഗ്രാമത്തിലും.
ഇവിടുള്ളവർ ജീവനേക്കാൾ വില കൽപിക്കുന്നത് വെള്ളത്തിനാണ്. അതുകൊണ്ട് തന്നെയാണ് കാലൊന്ന് വഴുതിയാൽ മരണത്തിലേക്ക് വീഴുമെന്ന് അറിഞ്ഞിട്ടും സ്ത്രീകൾ ഇതൊന്നും വകവയ്ക്കാതെ വെള്ളത്തിനായി കിണറുകളിലേക്ക് ഇറങ്ങുകയാണ്. സുരക്ഷയ്ക്കായി കരയിൽ നിൽക്കുന്നവർ എറിഞ്ഞ് കൊടുക്കുന്ന കയർമാത്രമാണുള്ളത്. പിടിവിട്ടുപോയാൽ കാലൊന്ന് ഉറപ്പിക്കാൻ പാകത്തിൽ പടികൾ പോലുമില്ല.
Also Read; പങ്കാളിയുടെ നാട്ടിലേക്ക് യുഎസ് വൈസ് പ്രസിഡന്‍റ്; ജെ.ഡി. വാൻസ് ഇന്ന് ഇന്ത്യയില്‍
വെള്ളം കിണറ്റിലിറങ്ങി എടുക്കുന്നത് മാത്രമല്ല കഠിനം. കിലോമീറ്ററുകളോളം നടന്ന് വേണം കിണറിന് സമീപം എത്താൻ. വെള്ളം തേടിയുള്ള യാത്രയിൽ പലരും തളർന്ന് വീഴുന്നതും പതിവാണ്.വറ്റിവരണ്ട കിണറിൽ അടിഭാഗത്താണ് വെള്ളമുള്ളത്. ചെളികലർന്ന വെള്ളമാണ് പലപ്പോഴും ലഭിക്കുന്നത്. തിളപ്പിച്ച ശേഷം പോലും ഈ വെള്ളം കുടിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതും പതിവാണ്. ഇതൊക്കെ അറിഞ്ഞിട്ടും ഈ വെള്ളം കുടിക്കാൻ ഇവർ തയ്യാറാകുന്നത് മറ്റ് വഴികളൊന്നും ഇല്ലാത്തതിനാലാണ്.
വേനൽ കടുത്താൽ മറ്റ് ജോലികൾക്കൊന്നും പോകാൻ സ്ത്രീകൾക്ക് സാധിക്കില്ല. കാരണം വീട്ടുജോലിക്ക് ശേഷം വെള്ളം ശേഖരിക്കാനുള്ള നെട്ടോട്ടത്തിലാകും ഇവർ. എല്ലാ വർഷവും ആവർത്തിക്കുന്ന ഈ ദൃശ്യങ്ങൾക്ക് ഇനിയും പോംവഴി കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.