താന്‍ പ്രസവിക്കാത്ത മകന്‍ എന്നാണ് മോഹന്‍ലാലിനെ കവിയൂര്‍ പൊന്നമ്മ വിശേഷിപ്പിച്ചിരുന്നത്
മലയാളത്തിന്റെ അമ്മയായി നിറഞ്ഞാടിയ നടിയാണ് കവിയൂര്‍ പൊന്നമ്മ. ഏകദേശം 700ഓളം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ആറരപതിറ്റാണ്ട് നീണ്ട കരിയറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ മുന്‍നിരതാരങ്ങളില്‍ പലരുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും അധികം അമ്മ വേഷം ചെയ്തത് മോഹന്‍ലാലിനൊപ്പമാണ്. 50തിലധികം സിനിമകളിലാണ് മോഹന്‍ലാലിനൊപ്പം അമ്മയായി എത്തിയത്. അതിലൂടെ മലയാള സിനിമയുടെ ഔദ്യോഗിക അമ്മയായി കവിയൂര്‍ പൊന്നമ്മ മാറി. അതോടൊപ്പം മോഹന്‍ലാലിന്റെ അമ്മയെന്ന വിശേഷണവും കവിയൂര്‍ പൊന്നമ്മയ്ക്ക് ലഭിച്ചു. താന്‍ പ്രസവിക്കാത്ത മകന്‍ എന്നാണ് മോഹന്‍ലാലിനെ കവിയൂര്‍ പൊന്നമ്മ വിശേഷിപ്പിച്ചിരുന്നത്. സിനിമ കണ്ടിട്ട് മോഹന്‍ലാല്‍ തന്റെ മകനാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് കവിയൂര്‍ പൊന്നമ്മ തന്നെ പറഞ്ഞിട്ടുണ്ട്.
മലയാള സിനിമയിലെ അമ്മയും മകനുമെന്നാല്‍ അത് മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയുമാണ്. മകന്‍ സ്വപ്നം കണ്ട ജീവിതം കൈവിട്ടു പോകുന്നത് നിസഹായതയോടെ കണേണ്ടിവരുന്ന നിര്‍ഭാഗ്യവതിയായ ഒരു അമ്മ. സേതുമാധവനും പൊലീസുകാരനായ അച്ഛനും അനുഭവിച്ച വേദന ആഴത്തില്‍ വീണു പതിഞ്ഞുകിടക്കുന്നതു കിരീടത്തിലെ ആ അമ്മയിലാണ്. അച്ഛനും മകനും പുറത്ത് നിറഞ്ഞാടുമ്പോള്‍ വീടിന്റെ അകത്തളത്തിലെ തേങ്ങലും നൊമ്പരവും നൈമിഷികമായ രംഗങ്ങളിലൂടെ തന്നെ ആ അമ്മ പ്രേക്ഷരുടെ ഹൃദയത്തിലെത്തിച്ചു. അവരെ ഒപ്പം കരയിച്ചു.
കഥയും കഥാപാത്രങ്ങളും സാഹചര്യവുമേ മാറുന്നുണ്ടായിരുന്നുള്ളൂ. കവിയൂര്‍ പൊന്നമ്മയും മോഹന്‍ലാലും അമ്മയും മകനുമായി സ്‌ക്രീനിലെത്തുമ്പോഴെല്ലാം വൈകാരികമായ ഇഴയടുപ്പത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ഹീറോയിസവും ആക്ഷനും കോമഡിയും സെന്റിമെന്‍സും തുടങ്ങി, മോഹന്‍ലാല്‍ തന്റെ വേഷങ്ങള്‍ മാറിയണിയുമ്പോഴും, ഈ അമ്മയ്ക്കു മുന്നില്‍ എന്നും സ്‌നേഹനിധിയായ മകന്റെ ഭാവമായിരുന്നു. അധിപന്‍, ഉള്ളടക്കം, ധനം, ഭരതം, കഴക്കുണരും പക്ഷി, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, വിയറ്റ്‌നാം കോളനി, ഗാന്ധര്‍വം, മിസ്റ്റര്‍ ബ്രഹ്‌മചാരി, നാട്ടുരാജാവ്, മാമ്പഴക്കാലം, വടക്കും നാഥന്‍, ഇവിടം സ്വര്‍ഗമാണ്, ഒപ്പം തുടങ്ങിയവയാണ് ഇരുവരും നിറഞ്ഞു നിന്ന സിനിമകള്‍.
ALSO READ : കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
അഭിനയിച്ചഭിനയിച്ച് മോഹന്‍ലാല്‍ തനിക്ക് മകനായി മാറിയെന്ന് കവിയൂര്‍ പൊന്നമ്മ തന്നെ പറഞ്ഞിട്ടുണ്ട്. 'ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. പ്രേക്ഷകരില്‍ പലരും ഞങ്ങളെ കാണുന്നത് അമ്മയും മകനുമായിട്ടാണ്. ഒരിക്കല്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ പ്രായം ചെന്ന് ഒരു അമ്മ ചോദിച്ചത് മകനെ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ്. അവര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെക്കുറിച്ചായിരുന്നു. ഞാന്‍ പ്രസവിച്ചില്ലെങ്കിലും മോഹന്‍ലാല്‍ എന്റെ മകന്‍ തന്നെയാണ്...' എന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്.
വടക്കുംനാഥനില്‍ മകന്റെ ജീവിതത്തെ ഓര്‍ത്തു നീറുന്ന മറ്റൊരു അമ്മയെ പ്രേക്ഷകര്‍ കണ്ടു. മകന്റെ പേര് ചൊല്ലി വിളിച്ച് ഗംഗാ നദിയിലേക്കിറങ്ങുന്ന, മകന്റെ രോഗാവസ്ഥ അറിയുമ്പോള്‍ കണ്ണ് നിറഞ്ഞൊഴുകുന്ന അമ്മ. മകന്റെ റോളല്ലാത്ത സിനിമകളില്‍ പോലും സ്‌നേഹവാല്‍സ്യങ്ങളോടെ അമ്മ പരിവേഷത്തില്‍ മോഹന്‍ലാലിനൊപ്പം കാണാം. ഹിസ് ഹൈനസ് അബുദുള്ളയിലും ഉത്സവപ്പിറ്റേന്നിലും തേന്മാവിന്‍ കൊമ്പത്തിലും ബാബാ കല്യാണിയിലുമൊക്കെ അമ്മയായി മാറുന്ന കഥാപാത്രങ്ങളെയാണ് മലയാളികള്‍ കണ്ടത്.
മമ്മൂട്ടിയ്‌ക്കൊപ്പവും മാതൃവാല്‍സല്യങ്ങളോടെ കവിയൂര്‍ പൊന്നമ്മ നിരവധി സിനിമകളിലെത്തി. വാല്‍സല്യം, തനിയാവര്‍ത്തനം, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, പല്ലാവൂര്‍ ദേവനാരായണന്‍, എഴുപുന്ന തരകന്‍, അരയന്നങ്ങളുടെ വീട്, തോപ്പില്‍ ജോപ്പന്‍ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍. വാല്‍സല്യത്തില്‍ പേരു പോലെ വാല്‍സല്യത്തിന്റെ പ്രതിരൂപമായപ്പോള്‍, തനിയാവര്‍ത്തനത്തിലെ അമ്മയുടെ നിസഹായത അന്നത്തെ പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു. മോഹന്‍ലാലിനെ കുട്ടാ എന്നും മമ്മൂട്ടിയെ മമ്മൂസ് എന്നും വിച്ചിരുന്ന കാമറയ്ക്കു മുന്നിലും പിന്നിലും ഇരുവരുടെയും അമ്മയായി മാറുകയായിരുന്നു കവിയൂര്‍ പൊന്നമ്മ.