വേടനെ കോടനാട് ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ട് പോകാനൊരുങ്ങുകയാണ് വനംവകുപ്പ്
പ്രമുഖ റാപ്പർ വേടൻ്റെ മാലയിലുള്ള പുലിപ്പല്ല് ആരാധകൻ സമ്മാനിച്ചതെന്ന് മൊഴി. തമിഴ്നാട്ടിലുള്ള ആരാധകൻ സമ്മാനിച്ചതാണ് പുലിപ്പല്ലെന്നാണ് വേടൻ്റെ മൊഴി. തൃശൂരിൽ വെച്ചാണ് വേടൻ പല്ലിൽ സ്വർണ്ണം കെട്ടിയത്. അഞ്ചു വയസ്സ് പ്രായമുള്ള ഇന്ത്യൻ പുലിയുടെ പല്ലാണിത്. ഇതോടെ വേടനെന്ന ഹിരൺ ദാസ് മുരളിക്കെതിരെ മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്താനാണ് വനംവകുപ്പിൻ്റെ നീക്കം.
പുലിയുടെ പല്ല് തായ്‌ലന്‍ഡില്‍നിന്ന് കൊണ്ടുവന്നതാണെന്നായിരുന്നു തുടക്കത്തിൽ പൊലീസ് നിഗമനം. പിന്നാലെയാണ് ആരാധകൻ സമ്മാനിച്ചതാണെന്ന് വ്യക്തമായത്. കൊച്ചി കണിയാമ്പുഴയിലെ ഫ്ലാറ്റിൽ എത്തി നടത്തിയ പരിശോധനയിലാണ് മാലയിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. സംഭവത്തിൽ വേടനെതിരെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ALSO READ: "പൊലീസിൻ്റെ വേട്ടയാടലല്ല, കഞ്ചാവ് ഉപയോഗിച്ചിരുന്നു"; മാധ്യമങ്ങളോട് വേടൻ്റെ ആദ്യ പ്രതികരണം
പൊലീസിൻ്റെ ലഹരി പരിശോധനയ്ക്ക് പിന്നാലെയാണ് വനംവകുപ്പ് വേടൻ്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്. തുടർന്ന് മാലയിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും വേടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വേടനെ കോടനാട് ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ട് പോകാനൊരുങ്ങുകയാണ് വനംവകുപ്പ്. നാളെ കോടതിയിൽ ഹാജരാക്കാനും തീരുമാനമായി.
അതേസമയം വേടനെതിരെ ആയുധ നിരോധന നിയമ പ്രകാരം കേസെടുത്തു. ഫ്ലാറ്റിൽ നിന്നും കൊടുവാളും കത്തിയും കണ്ടെത്തിയ സാഹചര്യത്തിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വേടന്റെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങളല്ലെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചിരുന്നു.