റീ റിലീസിന്റെ ഭാഗമായി മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ട വീഡിയോയിലാണ് മമ്മൂട്ടി സിനിമയെ കുറിച്ച് സംസാരിച്ചത്
മലയാളത്തിന്റെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ഒരു വടക്കന്‍ വീരഗാഥ. 1989ല്‍ പുറത്തിറങ്ങിയ ചിത്രം ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുകയാണ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ അവസരത്തില്‍ മമ്മൂട്ടി ഒരു വടക്കന്‍ വീരഗാഥയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. റീ റിലീസിന്റെ ഭാഗമായി മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ട വീഡിയോയിലാണ് മമ്മൂട്ടി സിനിമയെ കുറിച്ച് സംസാരിച്ചത്.
മമ്മൂട്ടിയെ സിനിമയിലേക്ക് വിളിക്കുന്നത് ഉണ്ണിയാര്‍ച്ചയുടെ കഥ സിനിമയാകുന്നു എന്ന് പറഞ്ഞാണ്. അതിന് ശേഷമാണ് ചന്തുവിന്റെ വേഷമാണ് താന്‍ ചെയ്യുന്നതെന്ന് അറിയുന്നത്. അപ്പോള്‍ വില്ലനായി അഭിനയിക്കണോ എന്ന് ചോദിച്ചിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരനാണ് സിനിമ സംവിധാനം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോഴാണ് മമ്മൂട്ടി സമ്മതം മൂളിയത്.
'ഉണ്ണിയാര്‍ച്ചയുടെ കഥ സിനിമയാകുന്നു എന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ചന്തുവായി നിങ്ങള്‍ അഭിനയിക്കണമെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ ചോദിച്ചത് 'ചന്തുവായി, വില്ലനായി ഞാന്‍ അഭിനയിക്കണോ' എന്നായിരുന്നു. നിങ്ങള്‍ കഥയൊന്ന് കേട്ടു നോക്കൂവെന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. എം ടി ആണ് തിരക്കഥ എഴുതുന്നതെന്നും ഹരിഹരന്‍ സാറാണ് ഡയറക്ഷനെന്നും പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ പിന്നെ ഒന്നും നോക്കേണ്ടല്ലോ. ഞാന്‍ ആയിക്കോട്ടേയെന്ന് പറഞ്ഞു. അങ്ങനെയാണ് ഒരു വടക്കന്‍ വീരഗാഥ സംഭവിക്കുന്നത്,' മമ്മൂട്ടി പറഞ്ഞു.
ഫെബ്രുവരി 7നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ചന്തുവായപ്പോള്‍ മാധവി ഉണ്ണിയാര്‍ച്ചയായി. മമ്മൂട്ടിക്ക് പുറമെ ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.