fbwpx
SPOTLIGHT | സ്‌കൂട്ടര്‍ ലാപ്‌ടോപ് തയ്യല്‍ മെഷീന്‍.. വയ് രാജാ വയ് !
logo

ന്യൂസ് ഡെസ്ക്

Posted : 06 Feb, 2025 02:11 PM

ലോകത്ത് തട്ടിപ്പുകാര്‍ തഴച്ചുവളരുന്ന ഒരു മണ്ണുണ്ടെങ്കില്‍ അതാണ് കേരളം

SPOTLIGHT


ആട് തേക്ക് മാഞ്ചിയത്തില്‍ തുടങ്ങി ഇപ്പോള്‍ സ്‌കൂട്ടര്‍ ലാപ്‌ടോപ്പ് തയ്യല്‍മെഷീനില്‍ എത്തി നില്‍ക്കുകയാണ് മലയാളികളുടെ പ്രായോഗിക ബുദ്ധി. പറ്റിക്കപ്പെടുന്നവര്‍ പാവങ്ങള്‍ മാത്രമല്ല. ന്യായാധിപരും ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും മുതല്‍ സുപ്രസിദ്ധരായ മെത്രാന്‍മാര്‍വരെയുണ്ട്. രണ്ടുവയസ്സുകാരി കൊല്ലപ്പെട്ടപ്പോള്‍ മാതാവ് അറസ്റ്റിലായത് കുഞ്ഞിനെ കൊന്നതിന് അല്ല. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലിക്ക് പത്തുലക്ഷം വാങ്ങിച്ചതിനാണ്. ഒറ്റദിവസം പോലും ദേവസ്വം ബോര്‍ഡ് ഓഫിസില്‍ കയറാതെ ആ ഡ്രൈവര്‍ പണി എടുക്കുകയും ചെയ്തു പറ്റിക്കപ്പെട്ടയാള്‍. ഇരട്ടിയാക്കിത്തരാം എന്ന വാഗ്ദാനം കേട്ടാല്‍ മതി തീറാധാരം പണയംവച്ച് കിട്ടുന്ന കാശ് മുഴുവന്‍ എടുത്തുനീട്ടാന്‍ ഇവിടെ ആളുകള്‍ തയ്യാറാണ്. പിന്നെ പലിശയും പിഴപ്പലിശയും ചേര്‍ത്തു ബാങ്കില്‍ മൂന്നിരട്ടി അടച്ച് ഒന്നും സംഭവിക്കാത്ത മട്ട് അഭിനയിക്കാനും മിടുക്കരാണ്. ലോകത്ത് തട്ടിപ്പുകാര്‍ തഴച്ചുവളരുന്ന ഒരു മണ്ണുണ്ടെങ്കില്‍ അതാണ് കേരളം.

സ്‌കൂട്ടര്‍ ലാപ്‌ടോപ്പ് തയ്യല്‍ മെഷീന്‍

സംഭവം വളരെ ലളിതമാണ്. ഇടുക്കി കുടയത്തൂര്‍കാരന്‍ അനന്തകൃഷ്ണന്‍ കെഎസ്ആര്‍ടിസി തൊടുപുഴ-എറണാകുളം ചെയിന്‍ സര്‍വീസില്‍ കയറി മൂവാറ്റുപുഴ വന്ന് സോഷ്യോ ഇക്കണോമിക് സൊസൈറ്റി സ്ഥാപിച്ചു. തിരിച്ച് ഒരു ആഡംബരക്കാറില്‍ പോകുമ്പോഴേക്കും നിസ്സാരമായി 450 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് എത്തിച്ചു. കണ്ണടച്ചു തുറക്കും മുന്‍പ് ആ പണം ആവിയായി. ഇപ്പോള്‍ കേരളാ പൊലീസിന്റെ കയ്യില്‍ ആകെയുള്ളത് അനന്തകൃഷ്ണനും അക്കൗണ്ടില്‍ മൂന്നുകോടി രൂപ ഉണ്ടെന്ന സ്റ്റേറ്റ്‌മെന്റും മാത്രം. പിന്നെ എറണാകുളത്തു കൂടി പൊലീസ് ഇറങ്ങിനടന്നപ്പോള്‍ കുറെയേറെ പോസ്റ്ററുകള്‍ കണ്ടു. അതിലൊക്കെ ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന പടമുണ്ട്. തട്ടിപ്പിന്റെ തുടക്കകാലത്തു നടത്തിയ സ്‌കൂട്ടര്‍ കൈമാറ്റങ്ങളില്‍ ചിലതെല്ലാം നിര്‍വഹിച്ചത് രാധാകൃഷ്ണനാണ്. ഇതിനപ്പുറം ഒരു തൊണ്ടിമുതലും കേരളാ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. പരാതിക്കാരുടെ പേരുകള്‍ എഴുതാന്‍ പോലും 200 പേജിന്റെ രണ്ടു നോട്ടുപുസ്തകം ഉണ്ടെങ്കിലും തികയുന്നില്ല. ഓരോരുത്തരുടേയും പരാതി കേള്‍ക്കാന്‍ പൊലീസിന് ഒരു കൊല്ലമെടുത്താലും സാധിക്കില്ല.


Also Read: ഏറ്റവും വര്‍ഗീയവല്‍ക്കരിക്കപ്പെട്ട പ്രചാരണം ഡല്‍ഹിയിലോ?


തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ



എറണാകുളത്ത് മാത്രം പരാതി 5000 പേരുടേതാണ്. വയനാട്ടില്‍ കബളിപ്പിക്കപ്പെട്ടത് 1200 പേര്‍. കണ്ണൂരില്‍ 350 പേര്‍. ആലപ്പുഴയില്‍ 500 പേര്‍. ഇടുക്കിയില്‍ മാത്രം 303 പരാതി. കോഴിക്കോട് 98. ഇതൊക്കെ ആദ്യഘട്ടത്തിലെ കണക്കുകളാണ്. ഒരു സ്‌കൂട്ടറിന് വില ഒരു ലക്ഷത്തി ഇരുപതിനായിരം. നിങ്ങള്‍ അറുപതിനായിരം അടയ്ക്കുന്നു. സ്‌കൂട്ടര്‍ വീട്ടിലെത്തുന്നു. ഇതായിരുന്നു വാഗ്ദാനം. ബാക്കി 60,000 ആരു മുടക്കും? അതു കമ്പനികളുടെ സിഎസ് ആര്‍ ഫണ്ടില്‍ നിന്ന് എന്ന് ഉത്തരം. ലോകത്ത് ഏതെങ്കിലും കമ്പനി സിഎസ്ആര്‍ ഫണ്ട് ചെലവഴിക്കാന്‍ എന്‍ജിഒകളെ ഏല്‍പ്പിക്കുമോ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണമുള്ള കമ്പനിയായ റിലയന്‍സ്, നിതാ അംബാനി ചെയര്‍പഴ്‌സണായ റിലയന്‍സ് ഫൗണ്ടേഷന്‍ വഴിയാണ് പണം ചെലവഴിക്കുന്നത്. ടാറ്റയും ബിര്‍ളയും വിപ്രോയും ഇന്‍ഫോസിസും ഒക്കെ അങ്ങനെയാണ്. ഇന്‍ഫോസിസിന്റെ എന്‍.ആര്‍. നാരയണമൂര്‍ത്തിയും ഭാര്യ സുധാമൂര്‍ത്തിയും സ്വന്തം നിലയ്ക്കാണ് പണം നല്‍കുന്നത്. ലോകത്തെ തന്നെ സഹസ്രകോടീശ്വരന്‍ ബില്‍ഗേറ്റ്‌സും ഭാര്യയും ചേര്‍ന്നുള്ള അക്കൗണ്ടു വഴിയാണ് വിതരണം. ചെറുകിട കമ്പനികള്‍ വരെയെടുത്താല്‍ ഒരു കമ്പനിയും പുറമെ നിന്നുള്ള ഏജന്‍സി വഴി പണം ചെലവഴിക്കുന്നില്ല. കാശുമുടക്കിയിട്ട് ഏതെങ്കിലും തട്ടിപ്പുകാരുടെ പടവും ചിത്രവും പത്രങ്ങളില്‍ വരാന്‍ ഇവര്‍ വഴിയൊരുക്കുമോ എന്ന ഒറ്റച്ചോദ്യം ഉയര്‍ത്തിയാല്‍ തന്നെ സംഗതി മനസ്സിലാകും. ഇങ്ങനെ ഒരു പരിപാടി നടക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ അന്നാട്ടിലെ പൊലീസ് ഒരുതവണയെങ്കിലും ഇടുക്കിക്കാരന്‍ അനന്തകൃഷ്ണന്റെ കുത്തിനു പിടിച്ചു ചോദിക്കണ്ടേ, ആരാണ് കാശുതരുന്നതെന്ന്. അങ്ങനെ ചോദിക്കുന്ന സംവിധാനത്തിനാണ് ഇന്റലിജന്‍സ് എന്ന് ലോകമെങ്ങും പറയുന്നത്.

ഏതെങ്കിലും കമ്പനി ഇങ്ങനെ ചെയ്യുമോ?

എത്രയെത്രയോ തട്ടിപ്പുകളാണ് നമ്മുടെ കണ്‍മുന്നില്‍ നടക്കുന്നത്. പുരപ്പുറത്ത് സോളാര്‍ പാനല്‍ വയ്ക്കാം എന്നു പറഞ്ഞു പണം പിരിച്ചത് അനതിവിദൂര ഭൂതകാലത്തല്ല. ആ തട്ടിപ്പുകാര്‍ അന്നത്തെ കേരള മുഖ്യമന്ത്രി മുതല്‍ മന്ത്രിമാരേയും എംപിമാരേയും എംഎല്‍എമാരേയും വരെ കേസിലെ കൂട്ടുപ്രതികളാക്കി. തട്ടിപ്പിന് തെളിവില്ലെങ്കില്‍ ഊരിപ്പോരാം. പക്ഷേ, പിന്നെയുള്ള കാലം മുഴുവന്‍ മുന്‍പ്രതി എന്നാണ് അറിയപ്പെടുക. ഒന്നിലേറെ തട്ടിപ്പുകളില്‍ ഒരു നേതാവിന്റെ പേര് കേള്‍ക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. പെട്രോള്‍ പമ്പ് മുതല്‍ സ്‌കൂട്ടര്‍ ലാപ്‌ടോപ്പ് തയ്യല്‍ മെഷീന്‍ വരെ ഒരു നേതാവ് മനസ്സറിയാതെ എങ്ങനെയാണ് ആരോപണ വിധേയനാവുക. ഇനി വെറും ഉദ്ഘാടകനായി പോവുകയാണെങ്കില്‍ ഏതു കമ്പനിയാണ് കൊച്ചനെ സിഎസ്ആര്‍ ഫണ്ട് നിങ്ങള്‍ക്കു തരുന്നത് എന്നെങ്കിലും ചോദിക്കണ്ടേ. പൊലീസ് ഇപ്പോള്‍ കണ്ടുപിടിച്ചതുപോലെ 450 കോടി രൂപയാണ് വാങ്ങിയത് എങ്കില്‍ തട്ടിപ്പ് 900 കോടി രൂപയുടേതാണ്. കാരണം 450 കോടി വാങ്ങിയത് ഇരട്ടിപ്പണം അഥവാ 900 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ നല്‍കാം എന്നു പറഞ്ഞാണ്. ഈ തട്ടിപ്പ് ഇവിടെങ്ങും നില്‍ക്കാന്‍ സാധ്യതയില്ലെന്നും പിരിവ് 1000 കോടി കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കിടക്കട്ടെ ലിസിലും ഒരായിരം എന്നു പറഞ്ഞ് പണമിരട്ടിപ്പിന് ആയിരം കാശിട്ടതുപോലെയല്ല. സ്ത്രീകള്‍ വായ്പയെടുത്തും കുടുംബശ്രീ കൈവായ്പ ഉപയോഗിച്ചും മൈക്രോ ഫിനാന്‍സുകളെ മുതല്‍ വട്ടിപ്പലിശക്കാരെ വരെ ആശ്രയിച്ചും നല്‍കിയ അറുപതിനായിരമാണ്. അവര്‍ സംഘടിപ്പിച്ച 60,000 ഇപ്പോള്‍ തന്നെ പലിശയടക്കം 80,000 രൂപയുടെ ബാധ്യതയായി മാറിക്കഴിഞ്ഞു. ആസ്തിയൊട്ട് കയ്യില്‍ വന്നതുമില്ല.


Also Read:  കേരളം തല ഉയര്‍ത്തിയ സാമ്പത്തിക സര്‍വേ


ഓണ്‍ലൈന്‍ റമ്മി മുതല്‍ ക്രിപ്‌റ്റോ കറന്‍സി വരെ



കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ക്കു കാരണമാകുന്നത് ഓണ്‍ലൈന്‍ റമ്മികളിയാണ്. നമ്മുടെ അറിയപ്പെടുന്ന സിനിമാപ്രവര്‍ത്തകരൊക്കെ മോഡലുകളായി വന്ന് ചെറുപ്പക്കാരുടെ കാശു വാങ്ങിച്ചെടുക്കുകയായിരുന്നു. നാലു പതിറ്റാണ്ടായിട്ടും ഓഹരിക്കച്ചവടത്തിലെ ചതിക്കുഴികള്‍ മലയാളികള്‍ മനസ്സിലാക്കിയിട്ടില്ല. ലോകത്ത് ഏതു നിക്ഷേപത്തിനും പത്തുശതമാനത്തില്‍ കൂടുതല്‍ ലാഭം പറയുന്നുണ്ടെങ്കില്‍ അതു ശുദ്ധ തട്ടിപ്പാണ്. നിക്ഷേപത്തിനു പത്തു ശതമാനത്തില്‍ കൂടുതല്‍ പലിശ കൊടുത്താല്‍ നോട്ട് അച്ചടിക്കുന്ന റിസര്‍വ് ബാങ്ക് പോലും പൂട്ടേണ്ടി വരും. 15 ശതമാനം പലിശ കൊടുത്തു വാങ്ങുന്ന തുക 30 ശതമാനം പലിശയ്ക്ക് എടുക്കാന്‍ ആളുണ്ടെങ്കില്‍ മാത്രമേ കച്ചവടം ലാഭകരമായി നടത്താന്‍ കഴിയുകയുള്ളു. ഇന്ത്യയില്‍ ഒരു വ്യവസായത്തിനും വര്‍ഷം 10 ശതമാനത്തില്‍ കൂടുതല്‍ നെറ്റ് പ്രോഫിറ്റ് നല്‍കാന്‍ സാധിക്കില്ല. ഓഹരിയിലൊക്കെ കയറ്റമുണ്ടാകുന്ന ദിവസം രാവിലെ കാശിട്ടാല്‍ വൈകിട്ട് ഭാഗ്യമുണ്ടെങ്കില്‍ 20 ശതമാനം വരെ കൂടുതല്‍ പണം ലഭിക്കും. പക്ഷേ, പിറ്റേന്ന് അതേ ഓഹരിയില്‍ നിന്നു നഷ്ടപ്പെടുന്നത് ഈ ഇരുപതു ശതമാനമായിരിക്കും. തേങ്ങയും മാങ്ങയും ചക്കയും ആണെങ്കില്‍ കാശുകൊടുത്തുവാങ്ങിയാല്‍ വിശപ്പെങ്കിലും മാറും. പക്ഷേ, ക്രിപ്‌റ്റോ കറന്‍സി ആയുസ്സിലെ സമ്പാദ്യം മുഴുവന്‍ കൊടുത്തു വാങ്ങുന്നവരുടെ കയ്യില്‍ ഒന്നും കിട്ടുന്നില്ല. സൈബര്‍ ലോകത്തുണ്ട്, അത് മൈനിങ് നടത്തി എടുക്കാനാണ് തട്ടിപ്പുകാര്‍ പറയുന്നത്. സത്യസന്ധമായ സൈബര്‍ കറന്‍സികള്‍ ഉണ്ട്. പക്ഷേ, അതുകൊണ്ട് നോട്ടിരട്ടിപ്പ് സാധിക്കുകയില്ല. 2024ല്‍ രാജ്യത്തെ സൈബര്‍ തട്ടിപ്പുകാര്‍ കൊണ്ടുപോയത് 22,812 കോടി രൂപയാണ്. അതില്‍ 10 ശതമാനത്തിന്റെ പോലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു ശതമാനം തുകപോലും പ്രതികളില്‍ നിന്ന് ഈടാക്കാനും സാധിച്ചിട്ടില്ല എന്നു മാത്രം ഓര്‍മിപ്പിക്കുന്നു.

Also Read
user
Share This

Popular

NATIONAL
KERALA
യുഎസ് നാടുകടത്തൽ: "അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം"; നിലപാടറിയിച്ച് എസ്. ജയ്‌ശങ്കര്‍; വിമർശനവുമായി പ്രതിപക്ഷം