ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരനെതിരെ നടപടിയെടുത്തിരിക്കുന്നത്
വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഫോണിൻ്റെ വെളിച്ചത്തില്‍ തലയില്‍ തുന്നലിട്ട സംഭവത്തിൽ നടപടി. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരനെതിരെ നടപടിയെടുത്തിരിക്കുന്നത്. നഴ്സിങ് അസിസ്റ്റൻ്റും ബ്രഹ്മമംഗലം വാലേച്ചിറ സ്വദേശിയുമായ വി.സി.ജയനെ സസ്‌പെന്‍ഡ് ചെയ്തു. ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പാക്കത്തതെന്ന് തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ മോശമായി ചിത്രീകരിക്കുകയും ചെയ്തുവെന്ന് കാട്ടിയാണ് നടപടി.
തലയ്ക്ക് തുന്നിടുന്ന സമയത്ത് വൈദ്യുതി ഇല്ലാതായതിനാൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.സംഭവത്തിന് പിന്നാലെ ഫോണിന്‍റെ വെളിച്ചത്തിൽ തലയ്ക്ക് തുന്നൽ നടത്തിയതിൽ പിഴവ് സംഭവിച്ചത് അറ്റൻഡറിനെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
ALSO READ: തലയ്ക്ക് തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ; വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച
ജനറേറ്ററിന് ഡീസൽ പ്രശ്നം ഉണ്ടായിരുന്നില്ല. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ജനറേറ്റർ പ്രവർത്തിപ്പിക്കാതിരുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. വൈദ്യുതി ഉണ്ടാവില്ലെന്ന് മുൻകൂറായി അനൗൺസ്മെന്റ് ചെയ്തിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മൊബൈൽ ഫോണിന്‍റെ വെളിച്ചത്തിൽ തലയ്ക്ക് തുന്നൽ നടത്തിയ സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയില്ലെന്നായിരുന്നു മന്ത്രി വി.എൻ. വാസവൻ്റെ പ്രതികരണം.
ALSO READ: മൊബൈൽ വെളിച്ചത്തിൽ തലയ്ക്ക് തുന്നലിട്ട സംഭവം: ആശുപത്രിക്ക് വീഴ്ചയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ
സംഭവത്തിൽ തുന്നലിട്ട കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു.മുറിവ് ഭാഗത്തെ മുടി വെട്ടാനിരുന്ന മുറിയിലും വെളിച്ചം ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ സുരഭി പ്രതികരിച്ചു.തുന്നൽ നടത്തുമ്പോൾ മുറിവിൽ മുടി ഇരിക്കുന്നതായി ഡോക്ടർ അറ്റൻഡറോഡ് പറഞ്ഞിരുന്നു.തങ്ങൾക്ക് ശേഷവും നിരവധി ആളുകൾ തുന്നലിനായി കാത്തിരിക്കുന്നുണ്ടായിരുന്നു.സംഭവത്തിൽ പരാതി നൽകുന്നില്ലെന്നും വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിയാൽ മതിയെന്നും അമ്മ പറഞ്ഞു.