പാലാ നഗരത്തിൽ 40 സെൻറ് ഭൂമിയും,കർണാടകത്തിൽ മുന്തിരിത്തോട്ടവും പ്രതി വാങ്ങിയിട്ടുണ്ട്
സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണൻ സഹോദരിയുടെയും അമ്മയുടെയും പേരിൽ വാങ്ങിയത് കോടികളുടെ ഭൂമിയെന്ന് കണ്ടെത്തൽ. വീടിനടുത്തുള്ള പ്രദേശത്ത് കോടികളുടെ ഭൂമി വാങ്ങിക്കൂട്ടിയത്. സഹോദരിയുടെ വീടിനു മുന്നിൽ 13 സെൻ്റ്, അതിൻ്റെ സമീപത്ത് ഒരേക്കർ റബർതോട്ടം, 50 സെൻ്റ് വസ്തു എന്നിവ വാങ്ങിയെന്നതിനുള്ള തെളിവായി പൊലീസ് ശേഖരിച്ച ലിസ്റ്റിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
സെൻ്റിന് നാല് ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ വിലയുള്ള ഭൂമിയാണ് വാങ്ങിയത്. പാലാ നഗരത്തിൽ 40 സെൻറ് ഭൂമിയും, കർണാടകത്തിൽ മുന്തിരിത്തോട്ടവും പ്രതി വാങ്ങിയിട്ടുണ്ട്. അമ്മയുടെ പേരിൽ പാലക്കാട് തെങ്ങിൻതോപ്പ് വാങ്ങിയതായുള്ള തെളിവ് അന്വേഷണ സംഘം ശേഖരിച്ചു. പരാതിക്കാരുടെ പേര് വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പറവൂരിൽ ഇതുവരെ പൊലീസിന് 607 പരാതികളാണ് ലഭിച്ചത്.
ALSO READ: സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അപേക്ഷ ക്ഷണിക്കാൻ "ഡിജിറ്റൽ ഗ്രാമം" ഓൺലൈൻ പോർട്ടൽ
അതേസമയം സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ തൃശൂർ വടക്കാഞ്ചേരിയിലും പരാതി ഉയർന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അനന്തു കൃഷ്ണനെതിരെ തൃശൂരിലും കേസ് രജിസ്റ്റർ ചെയ്തു. അന്തിക്കാട് പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. 7 വനിതകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. നാല് പേർക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തു മൂന്നുപേർക്ക് ഗൃഹോപകരണങ്ങൾ വാഗ്ദാനം ചെയ്ത പണം തട്ടിയെന്നതാണ് കേസ്. എന്നാൽ പണം നഷ്ടമായവർ പലരും പണം മടക്കി നൽകുമെന്ന ഉറപ്പിൽ പരാതി നൽകാതെയിരിക്കുകയാണെന്ന വിവരവും ലഭ്യമായിട്ടുണ്ട്.
ALSO READ: സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണൻ്റെ വാഹനങ്ങൾ കസ്റ്റഡിയിൽ, അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടും
കൂടാതെ വടക്കാഞ്ചേരി നഗരസഭാ കോൺഗ്രസ് കൗൺസിലർ ബുഷറ റഷീദിനെതിരെയും ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ബുഷറ റഷീദിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ സീഡ് സൊസൈറ്റി രൂപീകരിച്ചു എന്നാണ് ആരോപണം. തട്ടിപ്പിൽ കൗൺസിലറുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. ആരോപണമുയർന്നതിന് പിന്നാലെ ബുഷറാ റഷീദിനെതിരെ വ്യാപക പോസ്റ്റർ പ്രചാരണമാണ് വടക്കാഞ്ചേരിയിൽ നടക്കുന്നത്.