തട്ടിപ്പിൻ്റെ സൂചന മുൻകൂട്ടി ലഭിച്ചിരുന്നുവെന്നും, തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും പരാതിയുമായി മുന്നോട്ടു പോയില്ലെന്നും ആനന്ദകുമാർ പറഞ്ഞു
പകുതി വില തട്ടിപ്പിൽ പ്രതികരണവുമായി സായി ഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകുമാർ. താൻ നാഷണൽ എൻജിഒ കോൺഫഡറേഷൻ എന്ന സ്ഥാപനത്തിൽ നിന്ന് ഞാൻ ഒഴിവായിട്ട് മാസങ്ങളായി. തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും, ഇടപാടുകൾ നടത്തിയത് അനന്തു കൃഷ്ണൻ്റെ സ്ഥാപനമാണെന്നും, കെ. എൻ. ആനന്ദകുമാർ പ്രതികരിച്ചു.
ട്രസ്റ്റിൻ്റെ രേഖകൾ പ്രകാരം ഉത്തരവാദിത്വമെല്ലാം അനന്തു കൃഷ്ണനാണ്. തട്ടിപ്പിൻ്റെ സൂചന മുൻകൂട്ടി ലഭിച്ചിരുന്നുവെന്നും, തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും പരാതിയുമായി മുന്നോട്ടു പോയില്ലെന്നും ആനന്ദകുമാർ പറഞ്ഞു. എന്നാൽ ചോദ്യങ്ങൾക്ക് ഒന്നും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. ഉദ്ഘാടന വേളയിലാണ് അനന്തു കൃഷ്ണനെ ആദ്യമായി പരിചയപ്പെടുന്നതെന്നും ആനന്ദകുമാർ വെളിപ്പെടുത്തി. പൊലീസിൻ്റെത് ഏകപക്ഷീയമായ നിലപാടാണ്. വിവരങ്ങൾ അന്വേഷിക്കാതെയാണ് തനിക്കെതിരെ കേസെടുത്തതെന്നും ആനന്ദകുമാർ പറഞ്ഞു.
ALSO READ: സിഎസ്ആർ ഫണ്ട് തട്ടിപ്പ്: പ്രതി സഹോദരിയുടെയും അമ്മയുടെയും പേരിൽ വാങ്ങിയത് കോടികളുടെ ഭൂമി
എൻജിഒ ഉപദേശക സമിതിയിൽ പ്രമുഖരെ ഉൾപ്പെടുത്തിയത് അനന്തു കൃഷ്ണനാണ്. ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായരെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. പണപ്പിരിവ് തുടങ്ങിയതോടെ സി എൻ രാമചന്ദ്രൻ നായർ ഒഴിവാകുകയായിരുന്നു. തട്ടിപ്പിനെ ചൊല്ലിയുള്ള ലാലി വിൻസെൻ്റിൻ്റെ പ്രതികരണത്തെ കെ.എൻ ആനന്ദകുമാർ തള്ളി പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് ലാലി വിൻസെൻ്റ് ആണ് തനിക്ക് അനന്തു കൃഷ്ണനെ പരിചയപ്പെടുത്തി തന്നത്. ശാസ്തമംഗലത്തെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഫണ്ടുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ആയിരുന്നു അന്ന് നടന്നത്. തൻ്റെ ഓർമയിലുള്ള കാര്യങ്ങളാണ് പറയുന്നത്. ലാലി വിൻസൻ്റിൻ്റെ മാനനഷ്ട കേസ് നിയമപരമായി തന്നെ നേരിടും.
ALSO READ: സ്കൂട്ടറും ഇല്ല, പണവും പോയി; താനടക്കം വഞ്ചിക്കപ്പെട്ടു: വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ
സ്ഥാപനത്തിൽ നിന്നും താൻ രാജി വച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വ്യക്തമാക്കിയ കാര്യമായിരുന്നു. രാജി ബോർഡിന് സമർപ്പിച്ചിരുന്നു. പക്ഷെ ബോർഡ് അത് സ്വീകരിച്ചില്ലെന്നും രാജി പിൻവലിക്കണമെന്ന് രേഖാമൂലം തന്നെ അറിയിച്ചിട്ടില്ലെന്നും ആനന്ദകുമാർ വ്യക്തമാക്കി.
അതേസമയം പുതിയ ചെയർമാനെ നിയോഗിച്ച 12 ഓളം ബോർഡ് മീറ്റിങ്ങുകൾ അവർ നടത്തിയിട്ടുണ്ട്. എറണാകുളം സെൻ്റ് തെരേസസ് കോളേജിലെ റിട്ടയേർഡ് അധ്യാപിക ബീന സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലായിരുന്നു യോഗം.
ആനന്ദകുമാറിനെ തനിക്ക് പരിചയപ്പെടുത്തിയത് അനന്തു കൃഷ്ണൻ ആണെന്നായിരുന്നു ലാലി വിൻസെൻ്റിൻ്റെ പ്രതികരണം. പൊലീസിൻ്റെ അന്വേഷണത്തിൽ ആനന്ദകുമാറിൻ്റെ പങ്ക് തെളിയും. വക്കീൽ എന്ന നിലയിൽ നിയമോപദേശം മാത്രമാണ് നൽകിയത്.തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും ലാലി വിൻസെൻ്റ് വ്യക്തമാക്കി. ആനന്ദകുമാർ പറയുന്നത് പച്ചകള്ളമാണ്. ആനന്ദകുമാറിനെതിരെ മാനനഷ്ടത്തിന് കേസ്കൊടുക്കുമെന്നും ലാലി അറിയിച്ചിരുന്നു.