ഹേമ കമ്മറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് നിര്‍ദേശം
സിനിമ കോണ്‍ക്ലേവ് നടത്താനുള്ള തീയതി ഇനിയും നിശ്ചയിച്ചിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സര്‍ക്കാര്‍. കോണ്‍ക്ലേവിന് ശേഷം കരട് നിയമം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സിനിമ നയരൂപീകരണ സമിതി സ്ത്രീപക്ഷത്താണെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്ന് കോടതി സര്‍ക്കാരിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. ഹേമ കമ്മറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് നിര്‍ദേശം.
ഷാജി.എന്‍ കരുണിനെതിരെ ജെന്‍ഡര്‍ ബുളളിയിംഗ്, അഴിമതി ആരോപണങ്ങള്‍ എന്നിവ നിലനില്‍ക്കുന്നുണ്ടെന്ന് കേസിലെ കക്ഷികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അത്തരം ആരോപണങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് കോടതി മറുപടി പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി 2025 മാര്‍ച്ച് ആദ്യ വാരം പരിഗണിക്കാന്‍ മാറ്റിവെച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സിനിമ നയ രൂപീകരണ സമിതിയും സിനിമ കോണ്‍ക്ലേവും നടത്താന്‍ തീരുമാനിച്ചത്. കോണ്‍ക്ലേവ് നടത്താനുള്ള തിയതി കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മലയാള സിനിമ മേഖലയിലെ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് കോണ്‍ക്ലേവ് നടത്തുക.