രഞ്ജിത്ത് ഓഡിയോ സന്ദേശത്തിലൂടെയാണ് താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി വെക്കുകയാണെന്ന കാര്യം അറിയിച്ചത്
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തിന് പിന്നാലെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച് സംവിധായകന്‍ രഞ്ജിത്ത്. നടിയുടെ ആരോപണത്തിലെ ഒരു ഭാഗം നുണയാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ചലച്ചിത്ര അക്കാദമി സ്ഥാനം താന്‍ ഏറ്റെടുത്ത അന്ന് തൊട്ട് ഒരു സംഘം ആളുകള്‍ നടത്തിയ നാളുകളുടെ ശ്രമമാണ് ശ്രീലേഖ മിത്രയുടെ ആരോപണം എന്ന രൂപത്തില്‍ പുറത്തേക്ക് വന്നതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. രഞ്ജിത്ത് ഓഡിയോ സന്ദേശത്തിലൂടെയാണ് താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി വെക്കുകയാണെന്ന കാര്യം അറിയിച്ചത്.
രഞ്ജിത്തിന്റെ വാക്കുകള്‍ :
ഞാന്‍ രഞ്ജിത്താണ്. എനിക്ക് എതിരെ, എനിക്ക് എതിരെ എന്ന് വെച്ചാല്‍ വ്യക്തിപരമായി എന്നെ നിന്ദ്യമായ രീതിയില്‍ ഒരു ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് ബംഗാളി ചലച്ചിത്ര നടി ശ്രീമതി ശ്രീലേഖ മിത്ര. ഇത് കുറച്ച് കാലങ്ങളായി. കുറച്ച് കാലം എന്ന് വെച്ചാല്‍ കൃത്യമായി പറഞ്ഞാല്‍, ചലച്ചിത്ര അക്കാദമി സ്ഥാനം ഞാന്‍ എന്ന് ഏറ്റെടുത്തോ അന്ന് തൊട്ട് ഒരു സംഘം ആളുകള്‍ നടത്തിയ നാളുകളുടെ ശ്രമമാണ് ശ്രീലേഖ മിത്രയുടെ ആരോപണം എന്ന രൂപത്തില്‍ പുറത്തേക്ക് വന്നത്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഏറ്റിട്ടുള്ള ഈ വലിയ ഡാമേജ് എളുപ്പമല്ല എങ്കിലും എനിക്കത് തെളിയിച്ചേ പറ്റുകയുള്ളൂ. എനിക്കത് ഈ പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തിയെ പറ്റുകയുള്ളൂ. അതിലെ ഒരു ഭാഗം നുണയായിരുന്നു എന്നും. അത് അവര്‍ തന്നെ പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയിട്ടുള്ളത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്ത് തന്നെയായിരുന്നാലും ഞാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന് പിന്നിലെ സത്യം എന്താണെന്നുള്ളത് ലോകം അറിഞ്ഞേ പറ്റുകയുള്ളൂ. അത് അറിയിക്കാനാണ് ഈ ശബ്ദ സന്ദേശം. ഇതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം. കേരള സര്‍ക്കാരിനെതിരെ സിപിഐഎം എന്ന പാര്‍ട്ടിക്കെതിരെ വലതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരും അവര്‍ക്കുമുന്നില്‍ പോര്‍ മുഖത്തിലെന്ന പോലെ നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരും സംഘടിതമായി തന്നെ സര്‍ക്കാരിനെ ആക്രമിക്കുന്ന പല വിഷയങ്ങളില്‍ ഈ ചെളിവാരി എറിയല്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഒന്ന് ഞാനുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നത് ഏറെ അപമാനകരമാണ്.
കാരണം സത്യം എന്താണെന്ന് അറിയാതെ തന്നെയാണ് വലിയ ശബ്ദത്തില്‍ ഇവിടുത്തെ മാധ്യമ ലോകവും മറ്റു പലരും അല്ലെങ്കില്‍ ചിലര്‍ നടത്തുന്ന ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ എന്നൊരു വ്യക്തി കാരണം സര്‍ക്കാരിന്റെ പ്രതിഛായക്ക് കളങ്കമേല്‍ക്കുന്ന ഒരു പ്രവര്‍ത്തിയും എന്റെ പക്ഷത്തുനിന്ന് ഉണ്ടാകില്ല. അല്ലെങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഒരു ഔദ്യോഗിക സ്ഥാനത്തില്‍ തുടരുക എന്ന് പറയുന്നത് ശരിയല്ലെന്ന് തോന്നി. നിയമ നടപടികള്‍ പൂര്‍ത്തിയാകുന്ന ഒരു ദിവസം വരും. സത്യം ലോകം അറിയും. അത് അത്ര വിതൂരമല്ലെന്ന് എനിക്ക് അറിയാം. പക്ഷെ തത്കാലം എന്റെ തീരുമാനം അതല്ല. അതിന്റെ വിധി പുറത്തുവരുന്നത് വരെ കാത്തിരിക്കാനല്ല ഉദ്ദേശം. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നുകൊണ്ടല്ല ആ നിയമ പോരാട്ടം നടത്തേണ്ടത് എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന സ്ഥാനം ഞാന്‍ രാജി വെക്കുകയാണ് എന്ന് അറിയിക്കുന്നു. ഒപ്പം ഇത് സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രിയോടും കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രിയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മാധ്യമ പ്രവര്‍ത്തകരോട് എനിക്കൊരു വാക്ക് പറയാനുണ്ട്. എന്റെ വീടിന്റെ സ്വകാര്യത, ആ വീട്ടുമുറ്റത്തേക്കാണ് എന്നോട് അനുവാദം ചോദിക്കാതെ നിങ്ങളുടെ ഒരു വലിയ സംഘം ഇരച്ചുകേറി ഇന്നലെ വന്നത്. ഇന്നും അത് ആവര്‍ത്തിക്കാനുള്ള ശ്രമവുമായി കാത്തിരിക്കുന്നു എന്ന് അറിയുന്നു. ദൈവ് ചെയ്ത് ഒരു കാര്യം മനസിലാക്കുക എനിക്ക് ഒരു മാധ്യമ ക്യാമറയെയും അഭിമുഖീകരിക്കേണ്ട കാര്യമില്ല. ഞാന്‍ ഈ അയക്കുന്ന സന്ദേശത്തില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. നന്ദി.