അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ താരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കുറച്ച് കൂടി ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയിച്ചു
2024 സിറ്റഡല്‍ ഹണി ബണ്ണി എന്ന സീരീസിലെ പ്രകടനത്തിലൂടെ പ്രേക്ഷകരെ സമാന്ത രൂത്ത് പ്രഭു ഞെട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ താരത്തിന്റെ അടുത്ത പ്രൊജക്ടിനെ കുറിച്ച് ആവേശഭരിതരാണ്. എന്നാല്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ താരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കുറച്ച് കൂടി ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയിച്ചു. എന്തുകൊണ്ടാണ് തന്നെ വെല്ലുവിളിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാത്തതെന്നും തമിഴ് സിനിമകള്‍ ചെയ്യാത്തതെന്നും സമാന്ത പറഞ്ഞു. അതോടൊപ്പം രാജ് ആന്‍ഡ് ഡികെയ്‌ക്കൊപ്പം ഇടക്കിടെ പ്രവര്‍ത്തിക്കുന്നതിന്റെ കാരണവും സമാന്ത വ്യക്തമാക്കി.
ന്യൂസ് 18 ഷോഷായ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തില്‍ താരത്തോട് എന്തുകൊണ്ട് തമിഴ് സിനിമയിലേക്ക് തിരികെ പോകുന്നില്ല എന്ന ചോദ്യം ചോദിച്ചിരുന്നു. 'ഒരുപാട് സിനിമ ചെയ്യാന്‍ എളുപ്പമാണ്. എന്റെ ജീവിതത്തില്‍ ഇപ്പോള്‍ ചെയ്യുന്ന ഓരോ സിനിമയും എന്റെ അവസാനത്തെ സിനിമയായാണ് എനിക്ക് തോന്നാറ്. പിന്നെ ഞാന്‍ അതില്‍ നൂറ് ശതമാനം വിശ്വസിക്കുന്നില്ലെങ്കില്‍ എനിക്ക് ചെയ്യാനാവില്ല', എന്നാണ് സമാന്ത മറുപടി പറഞ്ഞത്. വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുള്ള രണ്ടു കാതല്‍ എന്ന ചിത്രമാണ് അവസാനമായി സമാന്ത അഭിനയിച്ച തമിഴ് ചിത്രം.
അതേസമയം സമാന്ത രാജ് ആന്‍ഡ് ഡികെയ്‌ക്കൊപ്പം നിരവധി പ്രൊജക്ടുകള്‍ ചെയ്തു. ഫാമിലി മാന്‍ 2, സിറ്റഡല്‍ ഹണി ബണ്ണി എന്നീ സീരീസും ഇപ്പോള്‍ രക്ത് ഭ്രഹമാണ്ട് എന്ന സീരീസും ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ പ്രൊജക്ടുകള്‍ എല്ലാം തന്നെ വളരെ വ്യത്യസ്തമായ രീതിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തന്നെ സഹായിച്ചുവെന്നാണ് സമാന്ത പറയുന്നത്.
'കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാന്‍ എന്നെ സജ്ജമാക്കിയത് രാജ് ആന്‍ഡ് ഡികെയാണ്. അത്തരം കഥാപാത്രങ്ങളിലേക്ക് മുഴുവനായി ഇറങ്ങിചെല്ലാന്‍ സാധിക്കുന്നത് അഭിനേതാവ് എന്ന നിലയില്‍ വലിയ കാര്യം തന്നെയാണ്. ആ തോന്നല്‍ എനിക്ക് എന്നും ലഭിച്ചില്ലെങ്കില്‍ പിന്നെ എനിക്ക് ജോലിക്ക് പോകണമെന്നില്ല', സമാന്ത കൂട്ടിച്ചേര്‍ത്തു.