എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടി ഭരിക്കുന്ന രാഷ്ട്രീയക്കാരന്റെ സ്വഭാവമല്ല ട്രംപിന്റെ ഭാഷ. ഒരു സ്വേച്ഛാധിപതിയിൽ നിന്ന് മാത്രം പുറത്തുവരുന്ന വാക്കുകളാണത്.
രക്തവിഷബാധയേറ്റ് തനത് വംശം ഇല്ലാതായതുകൊണ്ട് മാത്രമാണ് ഭൂതകാലത്തിലെ എല്ലാ മഹത്തായ സംസ്കാരങ്ങളും നശിച്ചത്... അഡോള്‍ഫ് ഹിറ്റ്ലര്‍ ആത്മകഥയായ മെയ്ന്‍ കാംഫില്‍ പറഞ്ഞ വാക്കുകളാണിത്. ജൂതരെ രോഗങ്ങള്‍ പരത്തുന്ന അണുക്കളെന്ന് വിശേഷിപ്പിച്ച ഹിറ്റ്ലറുടെ വാക്കുകള്‍ പുതിയ കാലത്തും പ്രതിധ്വനിക്കുന്നുണ്ട്. അതിങ്ങനെയാണ്... കുടിയേറ്റക്കാര്‍ യുഎസിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുന്നു. നിര്‍ഭാഗ്യവശാല്‍ അത് പറഞ്ഞുകൊണ്ടിരിക്കുന്നത് അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആണ്. ഹിറ്റ്‌ലറുടെ വാക്കുകളില്‍ അടിമുടി നിറഞ്ഞുനില്‍ക്കുന്ന വംശീയതയും, മനുഷ്യത്വരഹിതവത്കരണവും തന്നെയാണ് ട്രംപിന്റെ വാക്കുകളിലും പ്രകടമാകുന്നത്. വംശം, വംശീയത, പൗരത്വം എന്നിവയ്ക്കപ്പുറം എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടി ഭരിക്കുന്ന രാഷ്ട്രീയക്കാരന്റെ സ്വഭാവമല്ല ട്രംപിന്റെ ഭാഷ. ഒരു സ്വേച്ഛാധിപതിയിൽ നിന്ന് മാത്രം പുറത്തുവരുന്ന വാക്കുകളാണത്.
ആദ്യ തെരഞ്ഞെടുപ്പുകാലം മുതല്‍ ട്രംപ്, കുടിയേറ്റക്കാരെയും ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്. 2015ല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ നടത്തിയ ആദ്യ പൊതുപ്രസംഗത്തില്‍ മെക്സിക്കന്‍ കുടിയേറ്റക്കാരെ ബലാത്സംഗികളെന്നും, അമേരിക്കയിലേക്ക് മയക്കുമരുന്നും, കുറ്റകൃത്യങ്ങളും കൊണ്ടുവരുന്നവരും എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ആദ്യഭരണകാലത്തിന്റെ അവസാന നാളുകളില്‍ ലോകം കോവിഡിന്റെ പിടിയിലമര്‍ന്നപ്പോള്‍, ട്രംപ് ചൈനക്കെതിരെ തിരിഞ്ഞു. കോവിഡിനെ ചൈന വൈറസ് എന്നായിരുന്നു വിശേഷിപ്പിച്ചത്. ചൈനക്കാര്‍ക്കും, ഏഷ്യന്‍ വംശജര്‍ക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് ട്രംപ് തുടര്‍ന്നുപോന്നു.
ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം, കുടിയേറ്റക്കാരെ കടുത്ത ഭാഷയില്‍ തന്നെയാണ് ട്രംപ് കടന്നാക്രമിച്ചത്. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മനുഷ്യരല്ല, മൃഗങ്ങളാണെന്നായിരുന്നു ട്രംപിന്റെ ഭാഷ. ഹെയ്തിയന്‍ കുടിയേറ്റക്കാരെ, ജനങ്ങളുടെ സമാധാനജീവിതം തകര്‍ക്കുന്നവരും, വളര്‍ത്തുമൃഗങ്ങളെ പിടിച്ച് ഭക്ഷിക്കുന്നവരുമായി ചിത്രീകരിച്ചു. അവരെ തികഞ്ഞ കാട്ടാളന്‍മാരായി അവതരിപ്പിക്കാന്‍ ട്രംപ് മെനഞ്ഞെടുത്ത വംശീയ നുണപ്രചരണം മാത്രമായിരുന്നു അതെന്ന് മറുപടികളുണ്ടായി. എതിര്‍ സ്ഥാനാര്‍ഥിയായ കമല ഹാരിസും ട്രംപിന്റെ ആക്ഷേപങ്ങള്‍ക്ക് പാത്രമായി. നിരപരാധികളായ അമേരിക്കൻ പൗരന്മാരെ കവര്‍ച്ച ചെയ്യാന്‍ അനധികൃത സംഘങ്ങളെയും കുടിയേറ്റ കുറ്റവാളികളെയും തങ്ങളുടെ കൂട്ടത്തിലേക്ക് കൊണ്ടുവന്നു എന്നായിരുന്നു കമലയ്ക്കെതിരായ ആക്ഷേപം.
ALSO READ: ട്രംപിന്റെ നുണകള്‍ ഏല്‍ക്കില്ല; ഈ മാപ്പ് നല്‍കല്‍ അമേരിക്കന്‍ ജനതയോടുള്ള അനീതിയാണ്
അധികാരവഴിയില്‍ ഹിറ്റ്ലര്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ തന്നെയാണ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ആര്യന്‍ വംശത്തിന്റെ സംശുദ്ധമായ രക്തത്തെ വിഷലിപ്തമാക്കാന്‍ ലക്ഷ്യമിട്ടെത്തിയവരാണ് ജൂതന്മാര്‍ എന്നായിരുന്നു ഹിറ്റ്ലറുടെ വാദം. അതിന് ബലം പകരാന്‍, ജൂതന്മാര്‍ ആര്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു, കറുത്തവര്‍ഗക്കാരെ ജര്‍മനിയിലേക്ക് കൊണ്ടുവരുന്നു എന്നിങ്ങനെ ആരോപണങ്ങളും പറഞ്ഞുണ്ടാക്കി. അനുയായികളുടെ ഭയത്തെ സാധൂകരിക്കുന്ന തരത്തിലായിരുന്നു വ്യാജ പ്രചാരണങ്ങള്‍. ഇതിനെല്ലാം സാമുഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ പഴിപറഞ്ഞ്, സ്വന്തം ഇഷ്ടങ്ങള്‍ നടപ്പാക്കാനുള്ള വഴിയൊരുക്കിക്കൊണ്ടിരുന്നു. ഹിറ്റ്ലറിനെ പോലെ വലിയ കൂട്ടക്കുരുതിക്കൊന്നും ട്രംപ് തയ്യാറായിട്ടില്ല, തയ്യാറാകുകയുമില്ല. പക്ഷേ, രാജ്യം കണ്ട ഏറ്റവു വലിയ നാടുകടത്തല്‍ നടപ്പാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അനധികൃത കുടിയേറ്റക്കാരില്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മാത്രം നാടുകടത്തണമെന്ന വ്യവസ്ഥ റദ്ദ് ചെയ്ത്, എല്ലാവരെയും പുറത്താക്കണമെന്നതാണ് ട്രംപിന്റെ നയം. അധികാരമേറ്റയുടന്‍ യുഎസ്-മെക്സിക്കോ അതിർത്തിയില്‍, കുടിയേറ്റക്കാർ ആശ്രയിക്കുന്ന സിബിപി വണ്‍ എന്ന പോർട്ടലിന്‍റെ പ്രവർത്തനം ട്രംപ് അവസാനിപ്പിച്ചു. മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയതിനൊപ്പം, കുടിയേറ്റ നിയന്ത്രണത്തിന് ടാസ്ക് ഫോഴ്സിനെ നിയമിച്ചു. ആദ്യഭരണകാലത്ത് ട്രംപ് തുടക്കമിടുകയും, പിന്നീട് അധികാരത്തിലെത്തിയ ബൈഡന്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്ത അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം പുനരാരംഭിക്കാനും നിര്‍ദേശം നല്‍കി. രാജ്യത്ത് ജനിച്ചവര്‍ക്ക്, ജന്മാവകാശമായി പൗരത്വം നല്‍കുന്ന ഭരണഘടനാ വ്യവസ്ഥ റദ്ദാക്കുകയാണ് അടുത്ത നീക്കം.
രേഖകളില്ലാത്ത കുടിയേറ്റക്കാരോട് മാത്രമായിരുന്നില്ല ട്രംപിന്റെ പ്രശ്നം. സ്പ്രിംഗ് ഫീൽഡിലെ ഹെയ്തിയൻ വംശജരെ വളർത്തുമൃഗങ്ങൾ ഭക്ഷിക്കുന്നവരായി ചിത്രീകരിച്ചത്, നിയമപരമായി കുടിയേറിയവരെയും അംഗീകരിക്കാന്‍ ട്രംപ് ഒരുക്കമല്ലെന്നതിന്റെ ഉദാഹരണമാണ്. ഇമിഗ്രേഷന്‍ പരോള്‍ പ്രോഗ്രാമിന് കീഴില്‍ വരുന്നവരാണ് ഹെയ്തിയന്‍ കുടിയേറ്റക്കാര്‍. അവര്‍ താല്‍ക്കാലിക പരിരക്ഷിത പദവിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളവരുമാണ്. എന്നാല്‍, പൗരത്വത്തെ വംശീയ ജന്മാവകാശം മാത്രമായാണ് ട്രംപ് പരിഗണിക്കുന്നത്. മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും, വൈസ് പ്രസിഡന്റ് കമല ഹാരിസുമൊക്കെ ഇത്തരം ആക്ഷേപങ്ങള്‍ കേട്ടിട്ടുമുണ്ട്. യു.എസ് പ്രസിഡന്റാകുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കക്കാരനായി ബരാക്ക് ഒബാമയെ ലോകം ആഘോഷിക്കുമ്പോള്‍, മറുപക്ഷത്തായിരുന്ന ട്രംപ്. ഒബാമ അമേരിക്കയിലാണ് ജനിച്ചതെന്ന് പറയുന്നതില്‍ സംശയമുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഒബാമ ജനിച്ചത് ഹവായിയിലാണെന്ന് സ്ഥിരീകരിച്ച്, ജനന സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിട്ടും, പൗരത്വം സംബന്ധിച്ച സംശയവും തര്‍ക്കവും ട്രംപ് അവസാനിപ്പിച്ചില്ല. ഒബാമയുടെ ജനന സര്‍ട്ടിഫിക്കറ്റ് തട്ടിപ്പാണെന്ന് ഏറ്റവും വിശ്വസനീയമായ ഉറവിടത്തില്‍നിന്ന് വിവരം ലഭിച്ചെന്ന് ട്രംപ് അന്ന് ട്വിറ്ററില്‍ കുറിച്ചു.
2024ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കമലയെ ഏറ്റവും മോശം സ്ത്രീയായും, കുറഞ്ഞ ഐക്യൂ ഉള്ളവരും, വളരെ മന്ദഗതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നവരുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തന്റെ വംശീയപാരമ്പര്യത്തെക്കുറിച്ച് കമല വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു എന്നായിരുന്നു മറ്റൊരു പ്രചാരണം. ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനു മുമ്പ്, ദക്ഷിണേഷ്യന്‍ പാരമ്പര്യം മാത്രമാണ് കമല അവകാശപ്പെട്ടിരുന്നത്. അവര്‍ കറുത്ത വംശജയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം, അവര്‍ അടുത്തകാലത്തായാണ് കറുത്ത വംശജയാണെന്നും, അങ്ങനെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരാണെന്നും ഞാന്‍ അറിഞ്ഞത്. അവര്‍ ഇന്ത്യാക്കാരിയോ അതോ കറുത്ത വംശജയോ?, എനിക്കറിയില്ല - ഇങ്ങനെയെയായിരുന്നു ട്രംപിന്റെ വാക്കുകള്‍.
ALSO READ: അസാധാരണത്വം, അനിശ്ചിതത്വം; ട്രംപിന്റെ രണ്ടാം വരവില്‍ ലോകം എന്ത് പ്രതീക്ഷിക്കണം?
'എല്ലാത്തിനുംമേലെ ജര്‍മ്മന്‍ സംസ്കാരം. ജൂതന്മാരല്ല, എല്ലാവര്‍ക്കും മേലെ ജര്‍മനിക്കാര്‍ ' എന്ന വാദമായിരുന്നു ഹിറ്റ്ലറിന്റേത്. അതായത് ജര്‍മന്‍ സംസ്കാരത്തിന് പുറത്ത് മാത്രമാണ് ജൂതന്മാരുടെ സ്ഥാനം, അല്ലാത്തപക്ഷം അതൊരു ഭീഷണിയാണെന്ന തരത്തിലായിരുന്നു ഹിറ്റ്ലറിന്റെ വ്യാഖ്യാനങ്ങള്‍. അമേരിക്കക്കാരും വെള്ളക്കാരും അല്ലാത്ത നേതാക്കളുടെ നിയമസാധുതയെ ട്രംപ് ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്നതും, അവരെയൊക്കെ അണ്‍-അമേരിക്കന്‍ എന്ന് വിശേഷിപ്പിക്കുന്നതുമൊക്കെ ഹിറ്റ്ലറെ തന്നെയാണ് ഓര്‍മിപ്പിക്കുന്നത്. കുടിയേറ്റക്കാര്‍ അമേരിക്കക്കാരുടെ രക്തത്തില്‍ വിഷം കലര്‍ത്തുകയാണെന്ന്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുറഞ്ഞത് അഞ്ച് തവണയെങ്കിലും ട്രംപ് പൊതുവേദിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഹിറ്റ്ലറെ പോലെ, ട്രംപിന്റെ വാക്കുകളും അനുയായികള്‍ ഏറ്റുപിടിക്കുന്നുണ്ട്. ട്രംപ് ഭരണത്തില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണായക സ്ഥാനങ്ങളില്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, സാമുഹ്യമാധ്യമങ്ങളില്‍ ശക്തിപ്രാപിച്ച ഇന്ത്യ-വിരുദ്ധ പോസ്റ്റുകള്‍ അതിന്റെ മികച്ച ഉദാഹരണമാണ്.
ഹിറ്റ്ലറിന്റെയും ട്രംപിന്റെയും വാക്കുകള്‍ക്ക് സമാനതകളുണ്ടെങ്കിലും, ജൂതരെ കൂട്ടമരണത്തിന് ഏല്‍പ്പിച്ച നാസി ജര്‍മനിയുടെ വംശീയ നയം പോലൊന്ന് യുഎസില്‍ നടപ്പാകില്ലെന്ന് ആശ്വസിക്കാം. വംശീയവും സാംസ്കാരികവുമായ വൈവിധ്യത്തിനുമേല്‍ ജനാധിപത്യമാണ് യുഎസിലും ആഘോഷിക്കുന്നത്. അവിടെ, തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവ് ഇത്തരം വംശീയ വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് അസ്വീകാര്യമാണെന്ന് മാത്രം. ചരിത്രത്തെയും, ജനാധിപത്യത്തെയും അടിച്ചമര്‍ത്തുന്ന ഏകാധിപത്യ പ്രവണതയുള്ള നേതാവ് എന്ന ചീത്തപ്പേര് മാത്രമേ അത് ട്രംപിന് സമ്മാനിക്കുകയുള്ളൂ. ലോകം ജാഗ്രത പുലര്‍ത്തേണ്ടതും അവിടെയാണ്.