കാർലോസ് അൾക്കരാസിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ ജോക്കോവിച്ചിന് പരിക്കേറ്റിരുന്നു
ഓസ്ട്രേലിയൻ ഓപ്പൺ 2025 പുരുഷ സിംഗിൾസിൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ നിന്നും അപ്രതീക്ഷിതമായി പിന്മാറി നൊവാക് ജോക്കോവിച്ച്. ഇതോടെ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഫൈനലിൽ കടന്നു. ആദ്യ സെറ്റിൽ 7-6 എന്ന നിലയിൽ മുന്നിട്ട് നിൽക്കെയാണ് ജോക്കോവിച്ച് പിന്മാറുന്നതായി അറിയിച്ചത്. കാർലോസ് അൾക്കരാസിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ ജോക്കോവിച്ചിന് പരിക്കേറ്റിരുന്നു.
മാർഗരറ്റ് കോർട്ടിൻ്റെ 24 ഗ്രാൻഡ് സ്ലാം നേട്ടങ്ങളുടെ ലോക റെക്കോർഡ് മറികടക്കാൻ ജോക്കോവിച്ചിന് ഇനി അഞ്ച് ഗ്രാൻഡ് സ്ലാമുകൾ കൂടി നേടേണ്ടതായിട്ടുണ്ട്. 2023ൽ യുഎസ് ഓപ്പൺ കിരീടമാണ് ജോക്കോവിച്ച് അവസാനമായി നേടിയത്. 2024ൽ ഒരു കിരീടം പോലും നേടാനായിരുന്നില്ല. തോൽവി കരിയറിലെ നൂറാം കിരീടവും നഷ്ടപ്പെടുത്തി. ടെന്നീസിൽ റോജർ ഫെഡറർ (102) മാത്രമാണ് കിരീട നേട്ടത്തിൽ സെഞ്ചുറി തികച്ച ഏക കളിക്കാരൻ.
സ്വരേവ് ആദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പണിൻ്റെ കലാശപ്പോരിന് യോഗ്യത നേടുന്നത്. സെമി ഫൈനലിൽ ആദ്യ റൗണ്ടിൽ സ്വരേവിന് മുന്നിൽ കടുത്ത വെല്ലുവിളി ഉയർത്തിയാണ് ജോക്കോവിച്ച് പിന്മാറിയത്. ഞായറാഴ്ച നടക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ ഫൈനലിൽ, ബെൻ ഷെൽട്ടണും ജാനിക് സിന്നറും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് സ്വരേവ് നേരിടുക.