പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് മരിച്ചത്
വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് മരിച്ചത്. പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് വെച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. തലയറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.
താത്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. രാധയുടെ മൃതദേഹം കടുവ അൽപദൂരം വലിച്ചുകൊണ്ടുപോയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വ്യക്തമാക്കി. സംഭവസ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. മന്ത്രി ഒ.ആർ.കേളു സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടുവയെ പിടികൂടാനായി ആവശ്യമെങ്കിൽ വെടിവെക്കാമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ആവശ്യമെങ്കിൽ വെടിവെക്കാൻ അനുമതിയെന്നും മന്ത്രി വ്യക്തമാക്കി.
ഏകദേശം ഒന്നര വർഷം മുൻപ് പ്രദേശത്ത് ഒരു പശുവിനെ കടുവ ആക്രമിച്ചിരുന്നെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ന്യൂസ് മലയാളത്തോട് പറഞ്ഞു. എന്നാൽ കുറച്ചുകാലങ്ങളായി പ്രദേശത്ത് കടുവ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്നിരുന്നെങ്കിലും യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നു. പെട്ടന്നുണ്ടായ ആക്രമാണിതെന്നും സംഷാദ് വ്യക്തമാക്കി.
വെള്ളം ലഭിക്കാത്ത സാഹചര്യത്തിലാണ് സാധാരണഗതിയിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുക. എന്നാൽ ഇത്തവണ നവംബർ, ഡിസംബർ മാസങ്ങളിൽ തന്നെ മൃഗങ്ങൾ പുറത്തിറങ്ങാൻ തുടങ്ങിയിരിക്കുകയാണ്. വയനാട് അമരക്കുനിയിൽ ഭീതി പരത്തിയ കടുവയെ കഴിഞ്ഞ 17ാം തിയതിയാണ് പിടികൂടിയത്. പത്തു ദിവസത്തെ പരിശ്രമത്തിനൊടുവിലായിരുന്നു കടുവ പിടിയിലായത്. അഞ്ചോളം ആടുകളെ കടുവ പിടികൂടിയിരുന്നു.