ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറിയാല്‍ അതു ലോകത്തെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും. എന്തുകൊണ്ടെന്നാല്‍ ആ സംഘടനയുടെ ബജറ്റിന്റെ 18 ശതമാനവും നല്‍കുന്നത് അമേരിക്ക എന്ന രാജ്യം ഒറ്റയ്ക്കാണ്
'ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാന്‍ ഇനി പണമില്ല, കാശുള്ളവര്‍ ചികില്‍സിച്ചാല്‍ മതി. പരിസ്ഥിതി സംരക്ഷണം തട്ടിപ്പാണ്, അതിന് നയാച്ചില്ലി തരില്ല'. നാട്ടിന്‍പുറത്ത് സമുദായ സംഘടനകളുടെ അധ്യക്ഷന്മാരായി ചില പ്രമാണിമാര്‍ വരുമ്പോള്‍ നടത്തുന്നതുപോലെ രണ്ടു പ്രഖ്യാപനം അമേരിക്കയുടെ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് നടത്തി. ചുമതലയേറ്റത് ഏതെങ്കിലും സമുദായ സംഘടനയുടെ പ്രസിഡന്റ് അല്ല. അമേരിക്ക എന്ന ലോകത്തെ സ്വത്ത് മുഴുവന്‍ ഊറ്റിയെടുക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റാണ്. പാരീസ് ഉടമ്പടിയാണ് പരമപ്രധാനമെങ്കിലും അതില്‍ നിന്നുള്ള പിന്മാറ്റത്തിലേക്ക് അവസാനം വരാം. ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറിയാല്‍ അതു ലോകത്തെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും. എന്തുകൊണ്ടെന്നാല്‍ ആ സംഘടനയുടെ ബജറ്റിന്റെ 18 ശതമാനവും നല്‍കുന്നത് അമേരിക്ക എന്ന രാജ്യം ഒറ്റയ്ക്കാണ്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷം എച്ച്‌ഐവി ചികില്‍സയ്ക്കു ലോകാരോഗ്യ സംഘടന ചെലവഴിച്ചതിന്റെ 75 ശതമാനം മുടക്കിയത് അമേരിക്കയാണ്. ക്ഷയരോഗ നിര്‍മാര്‍ജനത്തിന് സംഘടന ചെലവാക്കിയതിന്റെ അന്‍പതു ശതമാനവും അമേരിക്കയുടേത് ആയിരുന്നു. 2022ല്‍ മാത്രം 1580 കോടി ഡോളറാണ്, ഏകദേശം ഒന്നേകാല്‍ ലക്ഷം കോടി രൂപയ്ക്കു തുല്യമായ തുകയാണ്, അമേരിക്ക WHO യ്ക്കു നല്‍കിയത്. ഇത് അമേരിക്കയുടെ ദാനമൊന്നുമല്ല. ലോകത്തോടുള്ള ഉത്തരവാദിത്തമാണ്.
അതിതീവ്ര മുതലാളിത്ത നിലപാടുമായി അമേരിക്ക എത്രകാലം?
'കോവിഡ് വന്നപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ ഫലപ്രദമായിരുന്നില്ല. അതിനാല്‍ പിന്‍വാങ്ങുന്നു'. ഇങ്ങനെയാണ് ട്രംപ് പ്രഖ്യാപിച്ചത്. യുക്രെയ്ന്‍, പലസ്തീന്‍ യുദ്ധങ്ങള്‍, സിറിയയിലേയും ലബനനിലേയും അതീവ ദയനീയ സ്ഥിതി. ആഫ്രിക്കയിലെങ്ങും പകര്‍ച്ച വ്യാധികളും യുദ്ധങ്ങളും. ഏഷ്യയിലെ ദരിദ്രരാജ്യങ്ങളില്‍ പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള രോഗങ്ങള്‍. ഇങ്ങനെ സര്‍വത്ര കഷ്ടപ്പാടിന് നടുവിലാണ് ലോകാരാഷ്ട്രങ്ങള്‍. 150 കോടി ഡോളര്‍, അഥവാ പതിമൂവായിരം കോടി രൂപ കൂടി അടിയന്തിരമായി എത്തിക്കണം എന്ന് ലോകരാഷ്ട്രങ്ങളോട് WHO ഇക്കഴിഞ്ഞ ദിവസമാണ് അഭ്യര്‍ത്ഥിച്ചത്. അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്നു പിന്മാറിയാല്‍ അത് അമേരിക്ക നല്‍കുന്ന ഒന്നേകാല്‍ ലക്ഷം കോടി രൂപയ്ക്കു തുല്യമായ തുകയുടെ കുറവ് മാത്രമല്ല ഉണ്ടാക്കുക. അമേരിക്ക എന്ന രാഷ്ട്രം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണ്. 2022ലും 23ലും ലോകാരോഗ്യ സംഘടനയുടെ മൊത്തം വരുമാനത്തിന്റെ 12.7 ശതമാനവും നല്‍കിയത് ബില്‍ ഗേറ്റ്‌സ് ആണ്. അമേരിക്ക പിന്മാറിക്കഴിഞ്ഞാല്‍ അമേരിക്കയില്‍ നിന്നുള്ള ഈ കാരുണ്യ സംഘടനയുടെ സഹായം തുടരുമോ എന്ന സംശയം ഉയരും. ഇതിനൊപ്പം അമേരിക്കയില്‍ നിന്നുള്ള മറ്റു കാരുണ്യ സംഘടനകളാണ് എട്ടുശതമാനത്തോളം തുക നല്‍കുന്നത്. എല്ലാം ചേര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ 45 ശതമാനത്തോളം വരുമാനം അമേരിക്കയുമായി ബന്ധപ്പെട്ടാണ്. അതാണ് ഒറ്റയടിക്ക് സംശയത്തിലാകുന്നത്.
Also Read: പിന്നെയും അട്ടിമറിച്ചോ പിഎഫ് പെന്‍ഷന്‍?
ലോകാരോഗ്യ സംഘടന ഇല്ലാതിരുന്നെങ്കില്‍
ഗാസയില്‍ ഇപ്പോള്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം നോക്കുക. വല്ലപ്പോഴും അവിടേക്കു പ്രവേശിക്കാന്‍ അനുമതി കിട്ടിയത് ലോകാരോഗ്യ സംഘടനയ്ക്കു മാത്രമാണ്. ലോകാരോഗ്യ സംഘടന അയച്ച ട്രക്കുകള്‍ മാത്രമാണ് ഇടവേളകളോടെ ആണെങ്കിലും അതിര്‍ത്തി കടന്നത്. 500 ട്രക്ക് എങ്കിലും ചെല്ലേണ്ട സ്ഥാനത്ത് 50 പോലും എത്താത്ത ആഴ്ചകള്‍ ഉണ്ടായിരുന്നു. അതുകൂടി ചെന്നില്ലായിരുന്നെങ്കിലോ? ലോകാരോഗ്യ സംഘടന എത്തിച്ച മരുന്നുകളും ആഹാരവുമാണ് അവിടെ മിസൈല്‍ പതിച്ചു ജീവന്‍പോകാത്തവരെ ജീവനോടെ നിലനിര്‍ത്തിയത്. റുവാണ്ടയിലും കെനിയയിലും സുഡാനിലും സംഭവിക്കുന്നതു നോക്കുക. റെഡ്‌ക്രോസിനും ലോകാരോഗ്യ സംഘടനയ്ക്കും അല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശിക്കാന്‍ കഴിയുന്നില്ല. യുഗാണ്ടയിലും കാമറൂണിലും അതിതീവ്ര സംഘടനകള്‍ യുദ്ധം ചെയ്യുന്ന മേഖലകളിലും ഇതുതന്നെ സ്ഥിതി. കോംഗോയില്‍ രക്തച്ചൊരിച്ചില്‍ തുടരുന്ന എത്രയെത്ര അട്ടിമറികളാണ് കഴിഞ്ഞ മൂന്നുനാലു വര്‍ഷത്തിനിടെ നടന്നത്. അവിടെയും സഹായം എത്തിക്കുന്നത് ലോകാരോഗ്യ സംഘടനയാണ്. ഗിയന്ന, ജിബൂട്ടി, എത്യോപ്യ, അള്‍ജീരിയ, മൊറോക്കോ, ഘാന, ഗാംബിയ... ഇങ്ങനെ ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന രാഷ്ട്രങ്ങളില്‍ മാത്രമല്ല ലോകാരോഗ്യ സംഘടനയുടെ ആവശ്യമുള്ളത്. കോവിഡ് വന്നപ്പോള്‍, പന്നിപ്പനി പകര്‍ന്നപ്പോള്‍, എലിപ്പനിയും പക്ഷിപ്പനിയും നിപ്പയുമെല്ലാം ആക്രമിക്കുമ്പോള്‍ ലോകത്തിനു വഴികാണിക്കുന്നത് ലോകാരോഗ്യ സംഘടനയാണ്. കോവിഡ് കാലത്തെ ഇടപെടല്‍ പര്യാപ്തമായിരുന്നില്ല എന്ന പേരിലാണ് ഇപ്പോള്‍ ട്രംപ് സഹായം വെട്ടിക്കളഞ്ഞത്. കോവിഡ് കാലത്ത് ലോകാരോഗ്യ സംഘടന ഇല്ലാതിരുന്നെങ്കിലോ? പ്രതിരോധ മരുന്ന് ലോകത്തെ പകുതി ജനങ്ങളിലും എത്തുമായിരുന്നില്ല. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും കഴിഞ്ഞാല്‍ സ്വന്തമായി മരുന്നു കണ്ടുപിടിച്ച ഇന്ത്യയും റഷ്യയും കൂടി പിടിച്ചു നില്‍ക്കുമായിരിക്കും. മറ്റു രാഷ്ട്രങ്ങളിലെ ജനത എന്തുചെയ്യുമായിരുന്നു?
Also Read: ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള യു.എസ് പിന്മാറ്റം; ട്രംപ് പറയുന്ന കാരണങ്ങളും തിരിച്ചടികളും
പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയാല്‍
ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള പിന്മാറ്റത്തേക്കാള്‍ ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുന്നത് പാരീസ് ഉടമ്പടിയിലെ പിന്മാറ്റമാകും. 2024 ആയിരുന്നു ലോകത്തെ ഏറ്റവും ചൂടുകൂടിയ വര്‍ഷം. ഇനിയുള്ള വര്‍ഷങ്ങളും അതുപോലെയോ അതിലേറെയോ ചൂടുള്ളത് ആകും. അങ്ങനെ ലോകം ചുട്ടുപൊള്ളാന്‍ കാരണം കാര്‍ബണ്‍ പുറന്തള്ളലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറംതള്ളുന്ന രാജ്യം അമേരിക്കയാണ്. അതുകൊണ്ടുതന്നെ ആഗോളതാപനില ഉയരുന്നതില്‍ മുഖ്യഉത്തരവാദിയും അമേരിക്കയാണ്. ആ അമേരിക്കയാണ് കരി പുറന്തള്ളുന്നതു കുറയ്ക്കാനുള്ള പാരീസ് ഉടമ്പടിയില്‍ നിന്നു പിന്മാറുന്നത്. ഇതാദ്യമല്ല ഈ പിന്മാറ്റം. 2015ല്‍ നിലവില്‍ വന്ന പാരീസ് ഉടമ്പടിയില്‍ നിന്ന് 2017ല്‍ ട്രംപ് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ അമേരിക്ക പിന്മാറിയതാണ്. 2020ല്‍ അധികാരമേറ്റ ജോ ബൈഡന്‍ ആദ്യം ഒപ്പിട്ട ഉത്തരവുകളില്‍ ഒന്ന് പാരീസ് ഉടമ്പടിയില്‍ തിരികെ പ്രവേശിക്കുന്നതായിരുന്നു. ഇപ്പോള്‍ ട്രംപ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്തിരിക്കുന്നത് ഈ ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റമാണ്. ആഗോളതാപനം ഉയരുന്നതില്‍ മനുഷ്യന് പങ്കില്ല എന്ന തീവ്ര ഇവാന്‍ജലിക്കല്‍ നയമാണ് ട്രംപ് എക്കാലവും പുലര്‍ത്തിയിരുന്നത്. എല്ലാം ദൈവനിശ്ചയമാണെന്ന പേരില്‍ കരി പുറന്തള്ളുന്നതിന് നിയന്ത്രണം ഒഴിവാക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. അമിതലാഭത്തെ മാത്രം ആശ്രയിക്കുന്ന മുതലാളിത്ത നയമാണ് ഇത്. വ്യവസായവല്‍ക്കരണ കാലത്തെ ശരാശരിയില്‍ നിന്ന് ആഗോള താപനില ഒരിക്കലും രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉയരാതെ നോക്കുക. ഇതിനൊപ്പം തന്നെ താപനിലയിലെ വര്‍ധന ഒന്നര ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്കു കുറച്ചു കൊണ്ടുവരിക. ഈ രണ്ടു കാര്യങ്ങളും അംഗീകരിച്ച് അമേരിക്ക ഉള്‍പ്പെടെ 196 രാജ്യങ്ങള്‍ ഒപ്പുവച്ചതാണ് കരാര്‍. ഒബാമ മുന്‍കയ്യെടുത്ത് ഒപ്പിട്ട്, ട്രംപ് പിന്മാറി, ബൈഡന്‍ വീണ്ടും ചേര്‍ന്ന കരാറില്‍ നിന്ന് അമേരിക്ക പിന്നെയും പുറത്തുപോയി.
അമേരിക്കയുടെ വ്യവസായങ്ങള്‍ തകരരുത്!
ഡോണള്‍ഡ് ട്രംപ് പ്രചാരണകാലം മുഴുവന്‍ ആവര്‍ത്തിച്ചതാണ് പാരീസ് കരാറില്‍ നിന്നുള്ള പിന്മാറ്റം. ഈ ഉടമ്പടിയില്‍ തുടര്‍ന്നാല്‍ അമേരിക്കയുടെ വ്യവസായങ്ങള്‍ തകരും എന്നാണ് വാദം. കരി പുറന്തള്ളുന്നതു തടയാന്‍ വലിയ തോതില്‍ പണം മുടക്കുന്നതിലൂടെ ലാഭക്ഷമത ഇല്ലാതാകും. ചൈന വ്യവസായത്തില്‍ ഒന്നാമതെത്തും. ട്രംപിന്റെ ഈ വാദത്തിന് അമേരിക്കന്‍ വ്യവസായ ലോകത്തിന്റെ വലിയ പിന്തുണ ലഭിച്ചിരുന്നു. അതിന്റെ കൂടി ഫലമായിരുന്നു ട്രംപിന് വേണ്ടി പ്രചാരണത്തില്‍ ഒഴുകിയ കോടികള്‍. മാനവികത എന്നും കാരുണ്യമെന്നുമൊക്കെ വിളിക്കാവുന്ന രണ്ടു വമ്പന്‍ കാര്യങ്ങളില്‍ നിന്നാണ് അമേരിക്ക ഇപ്പോള്‍ പിന്മാറിയത്. കഴുത്തറപ്പന്‍ മുതലാളിത്ത നയങ്ങളില്‍ നിന്ന് ബരാക് ഒബാമയുടെ കാലത്ത് അമേരിക്ക മാറി നടക്കാന്‍ തുടങ്ങിയതായിരുന്നു. ജര്‍മനിയിലും മറ്റും തീവ്രവലതു നിലപാടുകാര്‍ മാറിയ സമയത്തും ഈ വഴിമാറി നടത്തം പ്രകടമായിരുന്നു. ഇപ്പോള്‍ യൂറോപ്പിലെ വലിയ രാജ്യമായ ജര്‍മനിയിലും ഭരണമാറ്റവും നയംമാറ്റവും പ്രകടമായി. ഫ്രാന്‍സും ബ്രിട്ടനും തീവ്ര വലതു നിലപാടുകള്‍ക്കു വഴിപ്പെട്ടു. ആഗോള താപനില ഉയര്‍ന്നാലും ലോകാരോഗ്യ സംഘടന തളര്‍ന്നാലും അനുഭവിക്കാന്‍ പോകുന്നത് ലോകത്തെ 800 കോടി ജനതയാണ്. അമേരിക്കയിലേയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേയും കഷ്ടി 50 കോടി ജനത സ്വന്തം പണത്തിന്റെ വലിപ്പം കൊണ്ട് ഈ പ്രതിസന്ധി മറികടന്നേക്കും. മറ്റുള്ളവര്‍ക്ക് അനുഭവിക്കുക എന്നല്ലാതെ മറ്റൊരു വഴിയും ഇനി മുന്‍പിലില്ല.