സിനിമ വ്യവസായത്തിലെ പ്രശ്‌നങ്ങള്‍ മറ്റ് വ്യക്തികളുമായും സംഘടനകളുമായും സംസാരിച്ചിരുന്നു. അക്കാര്യത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിന് ഉടന്‍ പരിഹാരം കണ്ട തൊഴില്‍ വകുപ്പിനും തൊഴില്‍ മന്ത്രി ശിവന്‍കുട്ടിക്കും നന്ദി അറിയിച്ച് ഡബ്ല്യുസിസി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡബ്ല്യുസിസി നന്ദി അറിയിച്ചിരിക്കുന്നത്. നല്ല നേതാക്കള്‍ കാര്യഗൗരവത്തോടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും, എതിര്‍ അഭിപ്രായത്തിന് ഇടം നല്‍കിക്കൊണ്ട് ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണുകയും ചെയ്യുന്നുണ്ടെന്നും ഡബ്ല്യുസിസി പോസ്റ്റില്‍ പറയുന്നു. സിനിമ വ്യവസായത്തിലെ പ്രശ്‌നങ്ങള്‍ മറ്റ് വ്യക്തികളുമായും സംഘടനകളുമായും സംസാരിച്ചിരുന്നു. അക്കാര്യത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു.
ഡബ്ല്യുസിസിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
വിയോജിപ്പും അതിന്റെ പ്രകടനവും ജനാധിപത്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. നല്ല നേതാക്കള്‍ കാര്യഗൗരവത്തോടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും, എതിര്‍ അഭിപ്രായത്തിന് ഇടം നല്‍കിക്കൊണ്ട് ചര്‍ച്ചകള്‍ നടത്തുകയും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. വിയോജിപ്പുള്ള ശബ്ദങ്ങള്‍ അടിച്ചമര്‍ത്തി, അവയെ തള്ളിക്കളയുന്നതിനോ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ നെയ്‌തെടുക്കുന്നതിനോ പകരം, ഉത്തരവാദിത്തം ഏറ്റെടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യേണ്ട സമയമാണിത്.
ഈയിടെ ചില സംഘടനകള്‍ സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ ഇടം നല്‍കുന്നത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ മറ്റ് സ്ത്രീകളെ അധിക്ഷേപിക്കാനോ, സ്ത്രീകളുടെ മുന്‍ കൈയ്യില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനോ മാത്രമാണ് അവര്‍ സ്ത്രീകള്‍ക്ക് അത്തരം ഇടം നല്‍കുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. സ്ത്രീക്ക് എതിരെ സത്രീ (വുമണ്‍-എഗൈന്‍സ്റ്റ്-വുമണ്‍) എന്നത് ഡബ്ല്യു. സി. സി കളിക്കാന്‍ തയ്യാറുള്ള ഒരു കാര്യമേ അല്ല ! കാരണം ഇത് സ്ത്രീകള്‍ക്കിടയില്‍ വിദ്വേഷവും അകല്‍ച്ചയും വര്‍ദ്ധിപ്പിക്കാനുള്ള പുരുഷാധിപത്യത്തിന്റെ ഒരു പഴയ കളിയാണ്. മിഷേല്‍ ഒബാമ പറഞ്ഞതുപോലെ, 'അവര്‍ താഴേക്ക് പോകുന്തോറും ഞങ്ങള്‍ ഉയര്‍ന്നു ചിന്തിക്കും.''when they go low, we go high.'
ഈ വ്യവസായത്തിന്റെ പങ്കാളികളായ നമ്മള്‍ ഒരുമിച്ച് ആശയവിനിമയത്തിലൂടെ പ്രശ്‌ന പരിഹാരങ്ങള്‍ കണ്ടെത്തേണ്ട ആവശ്യമുണ്ട്. ഇതിനെക്കുറിച്ച് മലയാള ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട വ്യക്തികളുമായും ഡിപ്പാര്‍ട്ട്‌മെന്റുകളുമായും സംഘടനകളുമായും ഈ കാലയളവില്‍ ഞങ്ങള്‍ സംസാരിക്കാന്‍ ആരംഭിച്ചിരുന്നു. ഈ സംഭാഷണങ്ങള്‍ നല്ല പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് എന്നതിനു പുറമെ ചില മാറ്റങ്ങളും സംഭവിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതില്‍ ഞങ്ങള്‍ക്ക് ആശ്വാസമുണ്ട്. ചലച്ചിത്ര നിര്‍മ്മാണ പ്രക്രിയയില്‍ ആത്മാര്‍ത്ഥതയുള്ള സുരക്ഷാ നടപടികളും നിയമപരമായ മാനദണ്ഡങ്ങളും വിവേകശാലികളായ ചില സിനിമാ പ്രവര്‍ത്തകര്‍ എങ്കിലും നിര്‍മാണ പ്രക്രിയയില്‍ ഉള്‍ചേര്‍ത്തു തുടങ്ങി എന്നതാണ് ഒരു മികച്ച ഉദാഹരണം. അവര്‍ക്ക് ഞങ്ങളുടെ മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍!
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ നിരാഹാര സമരത്തെക്കുറിച്ച് ഡബ്ല്യുസിസി തൊഴില്‍ വകുപ്പിന്റെ അറിയിച്ചപ്പോള്‍ അവരുടെ പെട്ടെന്നുള്ള ഇടപെടലാണ് മറ്റൊരു ഉദാഹരണം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ചര്‍ച്ചയില്‍ ലേബര്‍ ഓഫീസര്‍മാരുടെ സാന്നിധ്യം ഈ പ്രക്രിയയ്ക്ക് ആവശ്യമായ ഉറപ്പും ഔദ്യോഗികതയും നല്‍കി. ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാനുള്ള പ്രതിബദ്ധത കാണിച്ച തൊഴില്‍ വകുപ്പിനും, നിര്‍ദ്ദേശങ്ങള്‍ നല്‍കിയ തൊഴില്‍ മന്ത്രി ശ്രീ ശിവന്‍കുട്ടിക്കും നന്ദി പറയുന്നു.
സിനിമാ മേഖലയിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ W C C പ്രവര്‍ത്തകര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഷിഫ്റ്റ് ഫോക്കസ് റിപ്പോര്‍ട്ട് എന്നിവ വിശദമായി തന്നെ പഠിക്കുകയുണ്ടായി, പ്രാദേശികവും അന്തര്‍ദേശീയവുമായ നിയമ, തൊഴില്‍, ലിംഗ, സിനിമാ മേഖലകളിലെ വിദഗ്ധ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു. അതെല്ലാം ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ് സി. സി. സി ( Cinema Code of Conduct).
മലയാള ചലച്ചിത്ര വ്യവസായം എല്ലാവര്‍ക്കും ന്യായവും തുല്യവുമായ ജോലിസ്ഥലമാവാന്‍ വേണ്ട ചില ആശയങ്ങള്‍ അടങ്ങുന്ന ഈ ഡോക്യുമെന്റ് ഞങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനോട് പ്രതികരിക്കാനും കൂടുതല്‍ ആശയങ്ങള്‍ പങ്കിടാനും ക്രിയാത്മകമായി പരിഹാരങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ച ചെയ്യാനും മാധ്യമ-ചലച്ചിത്ര-വിനോദ വ്യവസായത്തിലെ എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങള്‍ അയക്കേണ്ട email address contact@wccollective.org. നേരിട്ട് ചര്‍ച്ച ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഞങ്ങളെ അറിയിക്കുക. ക്രിയാത്മകമായ മാറ്റങ്ങള്‍ അനിവാര്യം ആണ്. എന്തുകൊണ്ടാണ് ചിലര്‍ അതിനെ എതിര്‍ക്കുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ വ്യവസായത്തിലെ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളെ ഒരുമിച്ച് സ്വാഗതം ചെയ്യാന്‍, നമുക്ക് ഓരോരുത്തരും നമ്മുടെ പങ്ക് നിര്‍വഹിക്കാം.