ഇലക്ഷൻ കമ്മീഷൻ്റെ കണക്ക് പ്രകാരം 3മണിയോടെ 46.55 ശതമാനം പോളിങ് നടന്നുവെന്നാണ് വ്യക്തമാകുന്നത്
ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇലക്ഷൻ കമ്മീഷൻ്റെ കണക്ക് പ്രകാരം 3മണിയോടെ 46.55 ശതമാനം പോളിങ് നടന്നുവെന്നാണ് വ്യക്തമാകുന്നത്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് കള്ളവോട്ട് നടന്നെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. സീലംപൂർ, കസ്തൂർബ നഗർ എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിൽ കള്ളവോട്ട് നടന്നതായാണ് ബിജെപി ആരോപണങ്ങൾ ഉയർത്തിയത്.
സീലംപൂരിൽ ബുർഖ ധരിച്ച ചിലർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചുവെന്ന് ബിജെപി നേതാവ് ആരോപിച്ചു. ഇതിന് പിന്നാലെ വലിയ നാടകീയതയാണ് പോളിങ് ബൂത്തിൽ അരങ്ങേറിയത്. എന്നാൽ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തെ പൊലീസ് നിഷേധിച്ചു. കസ്തൂർബ നഗറിൽ രണ്ട് പേർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇരുവരേയും പിടികൂടി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ALSO READ: Delhi Election 2025 LIVE: ഡൽഹിയിൽ പോളിങ് എട്ടു മണിക്കൂർ പിന്നിട്ടു, 3 മണി വരെ 46.55 ശതമാനം പോളിംങ്
എഎപിക്കെതിരെ ബിജെപി കള്ളവോട്ട് ആരോപണം ഉയർത്തിയതിന് പിന്നാലെ, ബിജെപി വോട്ടർമാരെ തടഞ്ഞുവെക്കുന്നു എന്ന ആരോപണവുമായി എഎപിയും രംഗത്തെത്തി. ഗ്രേറ്റർ കൈലാഷിലെ എഎപി സ്ഥാനാർത്ഥി സൗരഭ് ഭരദ്വാജാണ് ചിരാഗ് ദില്ലിയിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് ബിജെപി ആളുകളെ തടയുകയാണെന്ന് ആരോപണം ഉയർത്തിയത്. കൂടാതെ ജംഗ്പുരയിലെ ഒരു വീട്ടിൽ നിന്ന് ബിജെപി വോട്ടർമാർക്കായി പണം വിതരണം ചെയ്യുന്നുണ്ടെന്ന് പാർട്ടി മുതിർന്ന നേതാവ് മനീഷ് സിസോദിയ ആരോപിച്ചു. എട്ടു മണിക്കൂർ പിന്നിടുമ്പോൾ മന്ദഗതിയിലാണ് പോളിങ് പുരോഗമിക്കുന്നത്. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനായി 13,000ത്തിലധികം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 1.55 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്. ഇതില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതിന് പുറമെ 1267 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്താന്‍ യോഗ്യത നേടിയിട്ടുണ്ട്. 13,766 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയാണ് ഡൽഹിയിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും.