റിലീസിന് തയാറാകുന്നതും അനൗണസ് ചെയ്തതും അപ്ഡേഷനുകൾ പുറത്തു വന്നതും പ്രകാരം പത്തോളം സിനിമകളാണ് സുരേഷ് ഗോപിക്കായി തയ്യാറാകുന്നത്.
ഒരു സൂപ്പർഹിറ്റ് സിനിമയുടെ ക്ലൈമാക്സിൽ കയ്യടി നേടുന്ന ട്വിസ്റ്റ് പോലെ... നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രി സഭയിൽ കേന്ദ്രമന്ത്രി സ്ഥാനത്ത് മലയാളത്തിൻ്റെ പ്രിയ താരം സുരേഷ് ഗോപിയും. മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെ സുരേഷ് ഗോപി തൻ്റെ സിനിമാ തിരക്കുകളെക്കുറിച്ച് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. നാല് സിനിമകളിൽ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രിയായാൽ ഈ സിനിമകൾ മുടങ്ങുമോ എന്നതായിരുന്നു സുരേഷ് ഗോപിയുടെ ആശങ്ക. എന്നാൽ അതിനെല്ലാം വിരാമം കല്പിച്ച് ഡെൽഹിയിൽ നിന്നും വിളിയെത്തി. ആക്ഷൻ ഹീറോയുടെ സിനിമകൾ പോലെ തന്നെ ഒരു സിനിമാറ്റിക് ക്ലൈമാക്സ്! മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ പുതിയ ഉത്തരവാദിത്വത്തിലേക്ക് കടന്നപ്പോൾ അണിയറയിൽ തയാറാകുന്ന അദ്ദേഹത്തിൻ്റെ സിനിമകൾക്ക് എന്ത് സംഭവിക്കും?
പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നപ്പോഴും തെരഞ്ഞെടുപ്പിൻ്റെ തിരക്കുകളിലേക്ക് മാറിയപ്പോഴും സിനിമയിൽ നിന്നും പൂർണമായി മാറിനിന്നിട്ടില്ല സുരേഷ് ഗോപി. 2016-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അഞ്ച് വർഷം സിനിമയിൽ അവധിയെടുക്കുന്നത്. എന്നാൽ 2020 ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരികെ എത്തി. 2022-ൽ രാജ്യസഭ കാലാവധി പൂർത്തിയാക്കി അഭിനയത്തിലേക്ക് കൂടുതൽ സജീവമായി. എങ്കിലും വർഷം ഒരു സിനിമ എന്നതായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായുള്ള സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ്. റിലീസിന് തയാറാകുന്നതും അനൗണസ് ചെയ്തതും അപ്ഡേഷനുകൾ പുറത്തു വന്നതും പ്രകാരം പത്തോളം സിനിമകളാണ് സുരേഷ് ഗോപിക്കായി അണിയറയിലൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം ജെഎസ്കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിലിൻ്റെ പൂർണരൂപം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ്. അഡ്വക്കേറ്റ് ഡേവിഡ് ആബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ അനുപമ പരമേശ്വരനുമുണ്ട്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സുരേഷ് ഗോപി ഡബ്ബിംഗും പൂർത്തിയാക്കിയ ചിത്രം ഓണം റിലീസായിട്ടാകും തിയറ്ററിലെത്തുന്നത്.
സുരേഷ് ഗോപി ചിത്രങ്ങളിൽ ആദ്യം പ്രേക്ഷകർക്കു മുന്നിലേക്ക് വരുന്നത് വരാഹമാകും. സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം സനൽ വി ദേവനാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ 257 -ാം ചിത്രമാണിത്. ത്രില്ലർ മൂഡിൽ ഒരുക്കുന്ന ചിത്രത്തിൽ സൈക്യാട്രിസ്റ്റിൻ്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച് മാർച്ചിൽ പൂർത്തിയാക്കിയ വരാഹത്തിൻ്റെ ഡബ്ബിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ക്ലൈമാക്സ് രംഗത്തിൻ്റെ ഡബ്ബിംഗാണ് ഇനി സുരേഷ് ഗോപി പൂർത്തിയാക്കാനുള്ളത്. ജൂലൈയിലേക്കാണ് ചിത്രത്തിൻ്റെ റിലീസ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ സുരേഷ് ഗോപിയുടെ ഡബ്ബിംഗ് വൈകിയാൽ സിനിമയുടെ റിലീസും മാറ്റിവെക്കേണ്ടി വരും.
ജയരാജ് സംവിധാനം ചെയ്യുന്ന ഒരു പെരുങ്കളിയാട്ടവും പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. കളിയാട്ടത്തിനു ശേഷം മറ്റൊരു ശക്തമായ കഥാപാത്രത്തെ മലബാറിൻ്റെ മണ്ണിൽ സുരേഷ് ഗോപി പകർന്നാടുന്ന ചിത്രം 2023 ൽ ഷൂട്ടിംഗ് പൂർത്തീകരിച്ചതാണ്. എന്നാൽ ഈ ചിത്രത്തിൻ്റെ ഡബ്ബിംഗ് വർക്കുകളും സുരേഷ് ഗോപി പൂർത്തിയാക്കേണ്ടതുണ്ട്. ഈ മൂന്നു ചിത്രങ്ങളിലാണ് സുരേഷ് ഗോപി സമീപകാലത്ത് അഭിനയിച്ചത്. ഇതിൽ വരാഹവും ജെഎസ്കെയും വാണിജ്യ ചേരുവകളോടെ തിയറ്റർ റിലീസ് പ്ലാൻ ചെയ്ത സിനിമകളാണ്.
എന്നാൽ ഇനി ഭാഗമാകുന്നത് രണ്ട് വലിയ ചിത്രങ്ങളിലാണ്. ഇപ്പോൾ നരച്ച താടിയും കൊമ്പൻ മീശയുമായിട്ടാണ് സുരേഷ് ഗോപി എവിടെയും പ്രത്യക്ഷപ്പെടുന്നത്. അത് ഒറ്റക്കൊമ്പൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയുള്ള അപ്പിയറൻസാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ശക്തമായ കഥാപാത്രമായി എത്താനൊരുങ്ങുന്ന ചിത്രം നാളുകൾക്കു മുന്നേ അനൗൺസ് ചെയ്തതാണ്. എന്നാൽ വലിയ മുന്നൊരുക്കളും തുടർച്ചയായ ഷൂട്ടിംഗ് ഡേറ്റ്സും ആവശ്യമുള്ള ചിത്രത്തിനായി സുരേഷ് ഗോപി ഇനി എങ്ങനെ മാറി നിൽക്കും എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. ബിജു മേനോൻ, അനുഷ്ക ഷെട്ടി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രം മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്.
ദിവസങ്ങൾക്കു മുമ്പാണ് മറ്റു ചില വലിയ പ്രോജക്ടുകളെക്കുറിച്ച് സുരേഷ് ഗോപി വെളിപ്പെടുത്തൽ നടത്തിയത്. അതിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന രണ്ട് പ്രോജക്ടുകളും ഗോകുലം ഗോപാലൻ നിർമിക്കുന്ന മൂന്നു സിനിമകളും മമ്മൂട്ടി കമ്പനിയുടെ ഒരു സിനിമയും ഉണ്ട്. ചിന്താമണി കൊലക്കേസിലെ ലാൽ കൃഷ്ണ വീരാടിയാർ എന്ന ക്രിമിനൽ ലോയർ വീണ്ടും എത്തുന്ന എൽകെയാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഒരു സിനിമ. ഗോകുലം ഗോപാലൻ നിർമിക്കുന്നതിൽ ഒന്ന്, പാൻ യൂണിവേഴ്സൽ സിനിമയാണ്. പത്മനാഭ സ്വാമിക്ക് ട്രിബ്യൂട്ട് ആയിരിക്കും ആ വലിയ സിനിമയെന്നും 100 കോടിയോളം ബജറ്റാകുമെന്നും സുരേഷ് ഗോപി സൂചിപ്പിച്ചിരുന്നു.
മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലാണ് സുരേഷ് ഗോപിയും എത്തുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിലുണ്ട്. നായകനായി മമ്മൂട്ടി അല്ലാതെ മറ്റൊരു നടന്‍, മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമായാണ്. മമ്മൂട്ടിയുടെ ആറാമത്തെ നിര്‍മാണ സംരംഭം കൂടിയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ പ്രോജക്ട്. ഓഗസ്റ്റിലാണ് ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്.
അടുത്ത രണ്ടു വർഷത്തേക്ക് കരാറായതും ഔദ്യോഗികമായി അനൗൺസ് ചെയ്തതുമായ ചിത്രങ്ങളാണ് ഇവയൊക്കെ. എന്നാൽ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് എത്തിയാൽ ഈ ചിത്രങ്ങളിൽ എത്രയെണ്ണം സമയബന്ധിതമായി തീർക്കാനാകുമെന്നും ഏതൊക്കെ സിനിമ സാധ്യമാകുമെന്നുമുള്ള ആശങ്കയാണ് ഇപ്പോൾ ഏറി വരുന്നത്. മാർച്ചിൽ വരാഹത്തിൻ്റെ ഷൂട്ട് പൂർത്തിയാക്കിയ സുരേഷ് ഗോപി പിന്നീട് മകൾ ഭാഗ്യയുടെ വിവാഹ തിരക്കുകളിലേക്കും തെരഞ്ഞെടുപ്പ് ഗോദ്ധയിലേക്കും കടന്നതോടെയാണ് സിനിമയിൽ ഇടവേള സംഭവിച്ചത്.
ക്യാമറയ്ക്കു മുന്നിൽ പലകുറി ആടിത്തിമിർത്ത മന്ത്രി പദവിയിലേക്ക് അദ്ദേഹം എത്തുമ്പോൾ മലയാളികൾ കയ്യടിച്ചു വിജയിപ്പിച്ച ആ നായക പരിവേഷമാണ് പ്രതീക്ഷിക്കുന്നത്. നാടിന് നല്ലതു ചെയ്യാൻ ഓടിനടക്കുമ്പോൾ സുരേഷ് ഗോപി എന്ന പ്രതിഭാധനനായ കലാകാരനെ വെള്ളിത്തിരയിൽ മിസ് ചെയ്യുമല്ലോ എന്ന സങ്കടവും ഓരോ ആരാധകനും പറയാനുണ്ട്...