ഇവർ അപകട നില തരണം ചെയ്തെങ്കിലും, ശരീരത്തിലേറ്റ മുറിവുകൾ ആഴമേറിയതാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു
ദക്ഷിണ കൊറിയയിലുണ്ടായ നടുക്കുന്ന വിമാനാപകടത്തില്‍ രക്ഷപ്പെട്ട രണ്ടുപേരുടെ സന്ദേശം പുറത്ത്. "ഞാൻ എവിടെയാ? എന്താണ് സംഭവിച്ചത്", എന്നായിരുന്നു രക്ഷപ്പെട്ട ഫൈറ്റ് അറ്റൻഡുകളുടെ പ്രതികരണം. 32- കാരനായ ലീക്ക്, 25-കാരനായ ക്വോൺ എന്നിവരാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട രണ്ടുപേർ. വിമാനത്തിൻ്റെ ഏറ്റവും അവസാന വാൽ ഭാഗത്തുവച്ചാണ് ഇവരെ കണ്ടെത്തിയത്. അപകടത്തെ പറ്റിയും, യാത്രക്കാരെ പറ്റിയും ഓർത്ത് ഇവർ പരിഭ്രാന്തരാണെന്നും, കൊറിയൻ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. അപകട നില തരണം ചെയ്തെങ്കിലും, ശരീരത്തിലേറ്റ മുറിവുകൾ ആഴമേറിയതാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയയിൽ ലാൻ്റിങ്ങിനിടെ വിമാനം തകർന്ന് 177 പേർ മരിച്ചതായി ദക്ഷിണകൊറിയ ഫയർ ഏജൻസി സ്ഥിരീകരിച്ചിരുന്നു. തായ്‌ലാൻഡിൽ നിന്നും മടങ്ങവേ ജേജു എയർ ഫ്ലൈറ്റ് 2216 ആയിരുന്നു അപകടത്തിൽ പെട്ടത്. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. വിമാനത്തിന്‍റെ ലാന്‍ഡിംഗ് ഗിയറില്‍ പക്ഷിക്കൂട്ടം ഇടിച്ചുണ്ടായ തകരാറായിരിക്കാം അപകടകാരണമെന്നാണ് സൂചന.
സംഭവം നടക്കുന്ന സമയത്ത് ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായി കേട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞെന്ന് ദക്ഷിണ കൊറിയന്‍ ന്യൂസ് ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.'വിമാനം താഴ്ന്നിറങ്ങുന്നത് കണ്ടു. ലാന്‍ഡ് ചെയ്യുകയാണെന്നാണ് വിചാരിച്ചത്. അപ്പോഴാണ് ചെറുതായി തീ കണ്ടത്. പുകപടലം ഉയരുന്നതിനോടൊപ്പം വലിയ ശബ്ദവും കേട്ടു. പിന്നാലെ വലിയ ശബ്ദത്തില്‍ തുടരെ തുടരെ സ്‌ഫോടനമുണ്ടാവുന്നതും കണ്ടു,'ദൃക്‌സാക്ഷി പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വലിയ വിമാനാപകടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കസാഖിസ്ഥാനില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് വീണ് 38 പേര്‍ മരിച്ചിരുന്നു. ക്രിസ്മസ് ദിനത്തില്‍ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം തകര്‍ന്നു വീണത്.