ആറ് രക്ഷിതാക്കളും അഞ്ച് വിദ്യാർത്ഥികളുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റ 13 പേരിൽ ഒരാളുടെ നില ഗുരുതരമാണ്.
ചൈനയിൽ സ്കൂൾ ബസ് അപകടത്തിൽ 11 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ വിദ്യാർഥികളും ഉൾപ്പെടുന്നു. കിഴക്കൻ ചൈനയിലെ സ്കൂളിന് പുറത്ത് ബസ് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഷാൻഡോംഗ് പ്രവിശ്യയിലെ തായാൻ നഗരത്തിലാണ് സംഭവം നടന്നത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം റോഡരികിൽ നിന്നിരുന്ന രക്ഷിതാക്കളുടെയും കുട്ടികളുടെയും ഇടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ആറ് രക്ഷിതാക്കളും അഞ്ച് വിദ്യാർഥികളുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റ 13 പേരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഡ്രൈവറെ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തതയും, തെറ്റായ ഡ്രൈവിംഗ് രീതിയും കാരണം രാജ്യത്ത് വാഹനാപകടങ്ങൾ പതിവാകുന്നവെന്നാണ് റിപ്പോർട്ടുകൾ.
ജൂലൈയിൽ, സെൻട്രൽ നഗരമായ ചാങ്‌ഷയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി എട്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.