24ന് രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് രാജസ്ഥാൻ്റെ ക്യാപ്റ്റനാവും.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ നിര്‍ണായക മത്സരത്തിലും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ടീമിനൊപ്പം ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാത്ത താരം ജയ്പൂരിലെ ടീം ക്യാമ്പില്‍ വിശ്രമത്തിലാണെന്ന് രാജസ്ഥാന്‍ മാനോജ്‌മെന്റെ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. 24ന് രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് രാജസ്ഥാൻ്റെ ക്യാപ്റ്റനാവും.
വ്യാഴാഴ്ചയാണ് രാജസ്ഥാന്‍-ആര്‍സിബി മത്സരം. നിലവില്‍ എട്ട് മത്സരത്തില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന് ജീവന്‍ മരണ പോരാട്ടമാണിത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. പേശി വലിവ് അനുഭവപ്പെട്ട താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിടുകയായിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ സഞ്ജു ലക്‌നൗ സൂപ്പര്‍ ജയന്‍സിനെതിരായ മത്സരത്തില്‍ കളിച്ചിരുന്നില്ല.
സഞ്ജുവിന് പകരം 14 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയൻ്റ്സിനെതിരെ അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തില്‍ വൈഭവ് 20 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയിരുന്നു. നേരത്തെ ചെറുവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് സീസണിൻ്റെ തുടക്കത്തിലെ മൂന്ന് മത്സരത്തില്‍ ഇപാക്ട് പ്ലേയറായാണ് സഞ്ജു കളിച്ചത്. സീസണില്‍ ഇതുവരെ ഏഴ് മത്സരത്തില്‍ നിന്ന് 224 റണ്‍സും, ഒരു അര്‍ധ സെഞ്ച്വറിയും മലയാളി താരം സ്വന്തമാക്കിയിരുന്നു.
ALSO READ: സഞ്ജു സാംസണ് പ്രതിഫലം കൂടുമോ? ബിസിസിഐയുടെ പുതുക്കിയ വാർഷിക കരാർ ഇപ്രകാരമാണ്