ജനങ്ങളുടെ അഭിപ്രായം കേൾക്കാൻ വേണ്ടിയാണ് വിവിധ മേഖലകളിൽ നിന്നുള്ളവരുമായി കൂടിക്കാഴ്ച സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു
ദുരന്ത സഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനേയും പ്രതിപക്ഷത്തേയും വീണ്ടും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തം ബാധിച്ചവരെ സഹായിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. സഹായം നൽകേണ്ടവർ സഹായം നൽകേണ്ടതില്ല എന്ന് തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനം തകർന്നിടത്തു നിന്നും വീണ്ടും തകരുമെന്നാണ് പ്രതിപക്ഷവും കേന്ദ്രവും പ്രതീക്ഷിച്ചതെന്നും എന്നാൽ കേരളം അതിജീവിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു.
"നിപ്പയും ഓഖിയും പ്രളയവും കോവിഡും നമ്മെ ബാധിച്ചു. അവസാനത്തേതാണ് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ. ദുരന്തം സംഭവിച്ചാൽ നാടിനെ കരകയറ്റാൻ സഹായം വേണം. കേന്ദ്രവും സഹായിക്കേണ്ടതുണ്ട്. ദുരന്തം ബാധിച്ചവരെ സഹായിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. സഹായം എന്നത് ദയക്ക് വേണ്ടി യാചിക്കുന്നതല്ല. ഓരോ സംസ്ഥാനത്തിന്റെയും അവകാശമാണ് സഹായം ലഭിക്കേണ്ടത്. സഹായം നൽകേണ്ടവർ സഹായം നൽകേണ്ടതില്ല എന്ന് തീരുമാനിക്കുന്നു. സഹായം നിഷേധിക്കുന്നു. നിഷേധാത്മകരമായ സമീപനമാണിത്", മുഖ്യമന്ത്രി പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്തരത്തിൽ സമീപനം സ്വീകരിക്കുന്നതെന്ന് ചോദിച്ച പിണറായി വിജയൻ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ദുരന്ത സമയത്ത് സഹായം ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ തന്റെ സംസ്ഥാനത്തിന് സ്വീകരിച്ച സഹായം മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടതില്ല എന്ന നിലപാടാണ് പ്രധാനമന്ത്രിയായപ്പോൾ മോദിക്കുള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
"2018ലെ പ്രളയത്തിൽ സഹായം നൽകാൻ ചില രാജ്യങ്ങൾ തയ്യാറായി. എന്നാൽ സഹായം സ്വീകരിക്കാൻ കേന്ദ്രം സമ്മതിച്ചില്ല. ദുരഭിമാനത്തിന്റെ വകയാണെങ്കിൽ സഹായിക്കാൻ കേന്ദ്രം തയ്യാറാകണം. സഹായം നൽകിയതുമില്ല. ലഭിച്ചത് മുടക്കുകയും ചെയ്തു. സഹയത്തിനായി മന്ത്രിമാർ വിദേശ രാജ്യം സന്ദർശിക്കാൻ തീരുമാനിച്ചു. എന്നാൽ, സന്ദർശനത്തിന് കേന്ദ്രം അനുമതി നൽകിയില്ല", പിണറായി പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷവും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. സാലറി ചലഞ്ചിനെ പ്രതിപക്ഷം എതിർത്തുവെന്നും കോടതിയെ സമീപിച്ചുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
കേന്ദ്രവും പ്രതിപക്ഷവും കരുതിയത് നാട് തകർന്നിടുത്ത് നിന്ന് കൂടുതൽ തകരുമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളം അതിനെ അതിജീവിച്ചു. ജനങ്ങൾ ഒരുമയും ഐക്യവും പ്രകടിപ്പിച്ചു. ഈ ഒരുമ കണ്ട് ലോകം അതിശയിച്ചുവെന്നും വേറിട്ട ശബ്ദങ്ങൾ ജനങ്ങളെ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഉരുൾപൊട്ടൽ ദുരന്ത പ്രദേശം സന്ദർശിച്ചു. സഹായം പ്രഖ്യാപിക്കുമെന്ന് പറഞ്ഞുവെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് പിണറായി വിജയൻ ആരോപിച്ചു. സാങ്കേതിക ന്യായങ്ങൾ പറയുന്നത് കെട്ടു. ഒരു ന്യായങ്ങളുമില്ലാതെ മറ്റ് ചില സംസ്ഥാനങ്ങൾക്ക് പണം നൽകി. ആ പട്ടികയിൽ ഇടം പിടിക്കാൻ എന്ത് കൊണ്ട് കേരളത്തിന് അർഹതയില്ലെന്നും പിണറായി ചോദിച്ചു.
2016ന് ശേഷമുള്ള ഒമ്പത് വർഷത്തെ സർക്കാരിന്റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളം എങ്ങനെ മാറിയെന്നത് വിലയിരുത്തേണ്ടതാണെന്ന് വ്യക്തമാക്കി. അന്തിമമായി വിലയിരുത്തേണ്ടത് ജനങ്ങളാണ്. ജനങ്ങളുടെ അഭിപ്രായം കേൾക്കാൻ വേണ്ടിയാണ് വിവിധ മേഖലകളിൽ നിന്നുള്ളവരുമായി കൂടിക്കാഴ്ച സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പ് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഒരുമിച്ചു ഭവനം വേണമെന്ന് ആവശ്യപ്പെട്ടത് ദുരന്ത ബാധിതരാണെന്നും അങ്ങനെയാണ് ടൗൺഷിപ്പ് എന്ന ആശയത്തിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.