ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതിക്ക് ഒരാണ്ട് തികഞ്ഞ ദിവസമാണ് ഹിസ്ബുള്ളയുടെ ആക്രമണം
ഇസ്രയേലിന് നേരെ മിസൈൽ ആക്രമണവുമായി ഹിസ്ബുള്ള. ഇസ്രയേൽ നഗരമായ ഹൈഫയിലേക്ക് 135 മിസൈലുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. സൈനിക താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതിക്ക് ഒരാണ്ട് തികഞ്ഞ ദിവസമാണ് ഹിസ്ബുള്ളയുടെ ആക്രമണം. ഇസ്രയേലിൻ്റെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയിലേക്ക് 135 'ഫാദി 1' മിസൈലുകളാണ് തൊടുത്തുവിട്ടത്.
ലെബനനില്‍ ആക്രമണം കടുപ്പിച്ചതിൻ്റെ പശ്ചത്തലത്തില്‍ ഇസ്രായേലിൻ്റെ സൈനിക താവളം ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണമെന്നാണ് ഹിസ്ബുള്ളയുടെ വിശദീകരണം. ഹൈഫയ്ക്ക് പുറമെ ടായ്ബീരിയസിന് നേരെയും കടുത്ത മിസൈലാക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ഹൈഫയിൽ 10 പേർക്കും മറ്റ് മേഖലകളിൽ രണ്ട് പേർക്കും പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിനിടെ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.
ALSO READ: "ഒരു മണിക്കൂറിൽ 120 ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർത്തു"; അവകാശവാദവുമായി ഇസ്രയേൽ
ഇതോടെ ലബനനിൽ കരയുദ്ധം ആരംഭിച്ച ശേഷം 11 സൈനികർക്ക് ജീവൻ നഷ്ടമായെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ലബനനിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 10 അഗ്നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച്ച വിവിധ മേഖലകളിലായി നടന്ന വ്യോമാക്രമണത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ കുതിച്ചുയരുന്നെന്ന് ലബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.