ഉത്തർപ്രദേശ് പ്രയാഗ്രാജ് സ്വദേശി ശക്തി ദുബെയ്ക്കാണ് പരീക്ഷയിൽ ഒന്നാം റാങ്ക്
2024ലെ യുപിഎസ്‌സി (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ) സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് പ്രയാഗ്രാജ് സ്വദേശി ശക്തി ദുബെയ്ക്കാണ് പരീക്ഷയിൽ ഒന്നാം റാങ്ക്. ഹർഷിത ഗോയലിനാണ് രണ്ടാം റാങ്ക്.
ആദ്യ നൂറ് റാങ്കുകളിൽ ഏഴ് പേർ മലയാളികളാണ്. മലപ്പുറം സ്വദേശി മാളവിക ജി. നായർ നാൽപ്പത്തിയഞ്ചാം റാങ്കും, തിരുവനന്തപുരം സ്വദേശി ജി.പി. നന്ദന നാൽപ്പത്തിയേഴാം റാങ്കും നേടി. ആൽഫ്രഡ് തോമസ് (33), പി പവിത്ര (42), സോണറ്റ് തോമസ് (54), റീനു അന്നാ മാത്യു (81), ദേവിക പ്രിയദർശിനി (95) എന്നിങ്ങനെയാണ് ആദ്യ നൂറിൽ ഇടം പിടിച്ച മറ്റ് മലയാളികൾ. പരീക്ഷയില്‍ ആകെ 1009 ഉദ്യോഗാര്‍ഥികൾ യോഗ്യത നേടി.
ALSO READ: കോവിഡ് വാക്‌സിന്‍ മൂലം ശാരീരിക വൈകല്യം; നഷ്ടപരിഹാരത്തിനായി കേസ് നല്‍കണമെന്ന് സുപ്രീം കോടതി
ഒരു വലിയ യാത്ര സഫലമായതിൻ്റെ സന്തോഷത്തിലാണ് സിവിൽ സർവീസ് പരീക്ഷയിൽ 45ആം റാങ്കുകാരി മാളവിക ജി. നായർ . ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു. അതിനെ മറികടന്നാണ് ലക്ഷ്യത്തിലെത്തിയത് എന്ന് ചെങ്ങന്നൂർ സ്വദേശിയായ മാളവിക പറഞ്ഞു. മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഐപിഎസ് ഉദ്യോഗസ്ഥനായ നന്ദഗോപാലിനൊപ്പം മലപ്പുറത്താണ് മാളവിക ജി. നായർ ഇപ്പോൾ.