പ്രധാന വാതില്‍ തുറന്നാണ് കുറ്റവാളി വീടിനകത്തേക്ക് പ്രവേശിച്ചത്
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനകള്‍ നടക്കുകയാണെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാന വാതില്‍ തുറന്നാണ് കുറ്റവാളി വീടിനകത്തേക്ക് പ്രവേശിച്ചത്. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ജനാല തുറന്നാണ് വാതില്‍ തുറന്നത്. രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. കൊലപാതകത്തിന് പ്രൊഫഷണല്‍ രീതി കാണുന്നില്ലെന്നും കോട്ടയം എസ്പി പറഞ്ഞു.
കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനു പിന്നിൽ ഒരാള്‍ തനിച്ചാകാനാണ് സാധ്യത. മൃതദേഹങ്ങള്‍ ആദ്യം കണ്ട ജോലിക്കാരിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വീട്ടിലെ സിസിടിവി ഡിവിആര്‍ കാണാനില്ല. നിലവില്‍ കസ്റ്റഡിയില്‍ ആരുമില്ലെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറിനേയും ഭാര്യ മീരയേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നീട് നാട്ടുകാരേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.
Also Read: തിരുവാതുക്കല്‍ ഇരട്ടക്കൊല: മുഖം വികൃതമാക്കിയ നിലയില്‍; സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല
ഇവരുടെ മകന്‍ ഗൗതം വിജയകുമാറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് ദുരൂഹമായ കൊലപാതകം. എന്നാല്‍, ഈ അന്വേഷണവുമായി ഇപ്പോഴത്തെ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് സൂചന.
രാവിലെ ജോലിക്കെത്തിയപ്പോള്‍ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നാണ് വീട്ടിലെ ജോലിക്കാരി പറയുന്നത്. തുടര്‍ന്ന് വാച്ച്മാനെ വിളിച്ചാണ് ഗേറ്റ് തുറന്നത്. അടുക്കള വാതില്‍ പൂട്ടിയിരിക്കുകയായിരുന്നു. മുന്‍വശത്തെ വാതിലിലൂടെ അകത്തു കടന്നപ്പോഴാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടത്. ഈ വീട്ടില്‍ നേരത്തേ ജോലി ചെയ്തിരുന്ന അസം സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.