നടൻ്റെ പേരും സിനിമയുടെ പേരും പുറത്ത് പറയരുത് എന്ന് വിൻസി ആവശ്യപ്പെട്ടിരുന്നതായും ഫെഫ്ക വ്യക്തമാക്കി
സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍, സോഹന്‍ സീനുലാല്‍
ലഹരി ഉപയോഗക്കേസിൽപ്പെട്ട നടന് ഷൈൻ ടോം ചാക്കോയ്ക്ക് അവസാനമായി ഒരു അവസരം കൂടി നൽകുന്നതായി മലയാള സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക. വാക്ക് പാലിച്ചാൽ ഷൈനിന് മലയാള സിനിമയിൽ തുടരാൻ കഴിയുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഷൈനും വിൻസിയും തമ്മിലുള്ള തർക്കം പരിഹരിച്ചെന്ന് പറയാൻ കഴിയില്ലെന്നും സൂത്രവാക്യം സിനിമയുടെ ഐസിസി റിപ്പോർട്ടിനായി കാത്തിക്കുന്നുവെന്നും ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കി. ഷൈൻ ടോം ചാക്കോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഫെഫ്ക ഭാരവാഹികൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നടി വിൻസി സംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഫെഫ്ക ഭാരവാഹികൾ അറിയിച്ചു. നടൻ്റെ പേരും സിനിമയുടെ പേരും പുറത്ത് പറയരുത് എന്ന് വിൻസി ആവശ്യപ്പെട്ടിരുന്നു. എ.എം.എം.എയുമായും ഫെഫ്ക ചർച്ച നടത്തി. ഈ രീതിയിൽ സിനിമയുമായി മുന്നോട്ടു പോകാൻ പ്രയാസമാണെന്ന് അഭിനേതാക്കളുടെ സംഘടനയെ അറിയിച്ചതായും ഫെഫ്ക പറഞ്ഞു.
Also Read: ഷൈന്‍ ടോം ചാക്കോ; കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് മുതല്‍ രാത്രി ഓട്ടം വരെ
ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിക്കുന്നതായി സമ്മതിച്ചുവെന്ന് പറഞ്ഞ ഫെഫ്ക ഭാരവാഹികൾ നടന് അവസാനമായി ഒരു അവസരം കൂടി നൽകുന്നതായി അറിയിച്ചു. ഒരവസരം നൽകണമെന്ന് നടൻ ആവശ്യപ്പെട്ടു. ലഹരി ശീലത്തിൽ നിന്ന് പുറത്തു കടക്കണം എന്ന് നടന് ആഗ്രഹമുണ്ട്. ആ ശീലത്തിൽ നിന്ന് നടൻ പുറത്ത് വരണം. ചികിത്സാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വാക്ക് പാലിച്ചാൽ ഷൈനിന് മലയാള സിനിമയിൽ തുടരാൻ കഴിയുമെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു. സൂത്രവാക്യം സിനിമയുമായി ഷൈൻ സഹകരിക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
മലയാള സിനിമയെ ഡ്രഗ് കാർട്ടൽ പിടികൂടുന്നു എന്ന് വാർത്ത വരുന്നതിൽ മാധ്യമങ്ങളെ പഴിചാരിയിട്ട് കാര്യമില്ല. ലഹരി ഉപയോഗിക്കുന്നതായി പരാതി ലഭിച്ചാൽ ഫെഫ്ക വിളിച്ചു വരുത്തി നടപടിയെടുക്കും. ഇത് ഒരു ഷൈൻ ടോം ചാക്കോയിൽ ഒതുങ്ങില്ലെന്നും ഫെഫ്ക വ്യക്തമാക്കി.
ഫെഫ്കയുടെ ഗാന്ധിനഗറിലുള്ള ഓഫീസിൽ എത്തി ഷൈൻ ടോം ചാക്കോ ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. കുടുംബവുമായാണ് ഷൈൻ ഫെഫ്ക ഓഫീസിലേക്ക് എത്തിയത്. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായിട്ടായിരുന്നു കൂടിക്കാഴ്ച എന്നാണ് പുറത്തുവന്ന വിവരം. സിനിമയുടെ നിർമാതാവും ചർച്ചയിൽ പങ്കെടുത്തുവെന്നാണ് സൂചന.