മോസ്കോയിലെ ആശുപത്രിയിൽ നിന്നും പട്ടാള ക്യാമ്പിൽ എത്താനും 30 ദിവസം ചികിത്സാ അവധിയിൽ പ്രവേശിക്കാനുമാണ് നിർദ്ദേശം
ജെയിൻ കുര്യൻ
റഷ്യൻ കൂലിപ്പട്ടാളത്തിലുള്ള തൃശൂർ വടക്കാഞ്ചേരി സ്വദേശി ജെയിൻ കുര്യനോട് ക്ലിൻസിയിലെ പട്ടാള ക്യാമ്പിൽ എത്താൻ അറിയിപ്പ് നൽകിയത് ആശുപത്രി അധികൃതർ വഴി. മോസ്കോയിലെ ആശുപത്രിയിൽ കഴിയുന്ന യുവാവിന് രേഖാമൂലമാണ് അറിയിപ്പ് ലഭിച്ചത്. മോസ്കോയിലെ ആശുപത്രിയിൽ നിന്നും പട്ടാള ക്യാമ്പിൽ എത്താനും 30 ദിവസം ചികിത്സാ അവധിയിൽ പ്രവേശിക്കാനുമാണ് നിർദ്ദേശം. എന്നാൽ പട്ടാള ക്യാമ്പിലെത്തിയാൽ തിരികെ വരാൻ ആവില്ലെന്നും സർക്കാരുകൾ വിഷയത്തിൽ ഇടപെടണമെന്നുമാണ് ജെയിൻ പറയുന്നത്. ന്യൂസ് മലയാളത്തിലൂടെ വീണ്ടും സർക്കാരിനോട് സഹായം അഭ്യർഥിക്കുകയാണ് യുവാവ്.
യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ജെയിൻ കുര്യൻ. മോചനത്തിനായി സഹായിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും ജെയിൻ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ജനുവരി 7ന് ഡ്രോൺ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജെയിൻ മൂന്ന് മാസമാണ് ആശുപത്രിയിൽ കഴിഞ്ഞത്.
പരിക്ക് ഭേദമായതോടെ വീണ്ടും പട്ടാള ക്യാംപിലേക്ക് തന്നെ തിരികെ കൊണ്ടുപോകാൻ നീക്കം നടക്കുന്നതായാണ് ജെയിൻ പറയുന്നത്. റഷ്യൻ ആർമിയുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചെങ്കിലും തന്റെ സമ്മതം കൂടാതെ യുദ്ധമുഖത്തേക്ക് തിരികെ എത്തിക്കാൻ നീക്കം നടക്കുന്നു.
നേരത്തെ ജെയിനിനൊപ്പം തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യൻ പട്ടാളത്തിലെത്തിയ സഹോദരൻ ബിനിൽ ബാബു യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ജനുവരി അഞ്ചിനു മരിച്ച ബിനിലിന്റെ മൃതദേഹം ഇനിയും നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്.